ഇടുക്കി: പ്രളയത്തിന്റെ പിടിയിൽ അകപ്പെട്ട് ദുരിതക്കയത്തിൽ വീണു പോയ ഇടുക്കിയെ രക്ഷിക്കാൻ അവിടുത്തെ പുതിയ മെത്രാൻ നൽകിയ ആശയം വിശ്വാസ സമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്നു. പ്രളയത്തിൽ വീടും സ്ഥലവും എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി പകരം സ്ഥലം കണ്ടെത്തി നൽകുക എന്ന വലിയ ദൗത്യത്തിന് ഇടുക്കിയുടെ പുതിയ മെത്രാൻ രൂപപ്പെടുത്തിയ ആശയമാണ് ഇപ്പോൾ ഇടുക്കിക്കാർ ഏറ്റെടുത്തിരിക്കുന്നത്.

ഇടുക്കി രൂപതയിൽ പുതുതായി ചുമതലയേറ്റ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ആഹ്വാനപ്രകാരം 25 ഓളം വ്യക്തികളാണ് പാവപ്പെട്ടവരെ സഹായിക്കാൻ സ്ഥലം വാഗ്ദാനം ചെയ്തത്. ഇതിനകം തന്നെ ഏഴേക്കറോളം സ്ഥലം വിവിധ പള്ളികളും സന്യാസ സമൂഹങ്ങളും വ്യക്തികളും മെത്രാന്റെ ആഹ്വാന പ്രകാരം വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഇടുക്കിക്കാരനായ ഈ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത വിശ്വാസികളുടെ തീരുമാനത്തിന് പൊതു സമൂഹത്തിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഏറ്റെടുക്കുന്ന സ്ഥലം അർഹരായവരെ കണ്ടെത്തി നൽകാനാണ് സഭയുടെ തീരുമാനം. ജാതിമതഭേദമെന്യേ ഏറ്റവും അർഹരായവരെ ആയിരിക്കും സ്ഥലം നൽകാൻ തിരഞ്ഞെടുക്കുകയെന്നും രൂപത വ്യക്തമാക്കി. അതത് മേഖലകളിൽ സ്ഥലം നഷ്ടപ്പെട്ടവർക്കായിരിക്കും മുൻഗണന. പള്ളികളുടെ സ്ഥലം ദാനം ചെയ്യുന്നതിനായി ഇടവക പൊതുയോഗം കൂടി തീരുമാനമെടുത്തിട്ട് രൂപതാ കേന്ദ്രത്തിൽ നിന്ന് അനുവാദം വാങ്ങണം. വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഇടുക്കി രൂപതയുടെ പുതിയ മെത്രാനാണ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കിക്കാരൻ തന്നെയായ അദ്ദേഹം സ്വന്തം നാട്ടുകാരുടെ പുനഃരധിവാസത്തിന് പദ്ധതി തയ്യാറാക്കി ജാതി മത ഭേദമന്യേ അർഹരായവർക്ക് ഭൂമി നൽകാൻ സ്വന്തം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. മെത്രാനിൽ പൂർണ്ണ വിശ്വാസമുള്ള വിശ്വാസികൾ തങ്ങളുടെ ഭൂമി ഇല്ലാത്തവന് വിട്ടുനൽകാൻ തീരുമാനിക്കുകയും ചെയ്തു. വ്യക്തികൾക്ക് പുറമേ പള്ളികളും സന്യാസ സമൂഹങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്തു. ഇനിയും അനേകം പേർ ഈ സഹായ ചങ്ങലയിൽ കണ്ണികളാവാൻ എത്തുമെന്ന് തന്നെയാണ് മെത്രാന്റെ പ്രതീക്ഷ.

മെത്രാന്റെ ഈ ആശയം ഇടുക്കിക്കാർ ഏറ്റെടുത്തതോടെ കേരളം നേരിട്ട വൻ പ്രളയത്തിൽ വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ട പാവങ്ങളുടെ പുതു ജീവിതത്തിനാണ് പ്രതീക്ഷ പകരുന്നത്. കേരളത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു പദ്ധതിക്കാണ് മെത്രാൻ രൂപം നൽകിയിരിക്കുന്നത്. പ്രളയത്തിൽ സർവ്വതും ഒലിച്ചു പോയ കേരളത്തിന് ഒരു താങ്ങാവും ഇടുക്കി രൂപതാധ്യക്ഷന്റെ ഈ ആശയം. ഇടുക്കിക്കാർ മാത്രമല്ല കേരളത്തിലുള്ള മുഴുവൻ ജനങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്ത് പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സാധാരണക്കാരുടെ പുനരധിവാസത്തിനു വേണ്ടി മുന്നോട്ട് വരിക തന്നെ വേണം.