- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിൽ പ്രതി അറസ്റ്റിൽ; ഒളിവിലായിരുന്ന ബിനോയ് പിടിയിലായത് പെരിഞ്ചാംകുട്ടിയിൽ നിന്ന്; ഒളിവിൽ കഴിഞ്ഞ സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത് സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നും; ചോദ്യം ചെയ്യുന്നു
ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന മാണിക്കുന്നേൽ ബിനോയ് (56) അറസ്റ്റിൽ. മൂന്നാഴ്ച മുൻപാണ് കൊലപാതകം നടന്നത്. തങ്കമണി കാമാക്ഷി താമഠത്തിൽ സ്വദേശി സിന്ധുവിന്റെ (45) മൃതദേഹം ബിനോയിയുടെ വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു.
ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽനിന്നാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
20 ദിവസങ്ങളായി ഇയാൾ ഒളിവിലാണ്. രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണിൽ ഇയാൾ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ദിവസങ്ങളായി പൊലീസിനെ സമർഥമായി കബളിക്കുകയായിരുന്നു ഇയാൾ. ബിനോയിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
സെപ്റ്റംബർ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിൽപോവുകയും ചെയ്തു. ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയത്.
അടുക്കളയിലെ അടുപ്പിന്റെ തറ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം നഗ്‌നമായ നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുക്കളയിലെ നിർമ്മാണപ്രവൃത്തികൾ അറിയാതിരിക്കാൻ ചാരം വിതറുകയും ചെയ്തിരുന്നു.
സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകൻ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ബിനോയ് നാടുവിട്ടത്. പിന്നീട് ആറാംക്ലാസുകാരന്റെ സംശയത്തെ തുടർന്ന് ബന്ധുക്കൾ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
കൊലനടന്ന ഓഗസ്റ്റ് 12ന് മുൻപ് സിന്ധുവും ബിനോയും തമ്മിൽ വാക്ക്തർക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. ഇടുക്കി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് ഒളിവിലായിരുന്ന പ്രതിക്കായി തിരച്ചിൽ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ