- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പിന്തുണയിൽ ഗസറ്റഡ് റാങ്കിൽ യു.ഡി ക്ലർക്ക്; അനാവശ്യ തസ്തികകളിൽ നിയമിച്ചത് 18 പേരെ; ധൂർത്തിലും അഴിമതിയിലും ഒരു വർഷംകൊണ്ട് ഖജനാവ് കാലിയായി; ടൂറിസം ജില്ലയായ ഇടുക്കിയിലെ പ്രമോഷൻ കൗൺസിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ
ഇടുക്കി: സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര ജില്ലയായ ഇടുക്കിയിലെ ടൂറിസം പദ്ധതികൾ കെടുകാര്യസ്ഥതയും അഴിമതിയും മൂലം അവതാളത്തിലേക്ക്. പിൻവാതിലിലൂടെ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട സെക്രട്ടറിക്ക് രണ്ടാം വർഷവും കാലാവധി നീട്ടി നൽകിയ സർക്കാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി(ഡി. ടി. പി. സി)ന്റെ അന്ത്യത്തിന് മണിമുഴക്കി. ഒരു വർഷത്തെ കനത്ത നഷ്ട
ഇടുക്കി: സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര ജില്ലയായ ഇടുക്കിയിലെ ടൂറിസം പദ്ധതികൾ കെടുകാര്യസ്ഥതയും അഴിമതിയും മൂലം അവതാളത്തിലേക്ക്. പിൻവാതിലിലൂടെ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട സെക്രട്ടറിക്ക് രണ്ടാം വർഷവും കാലാവധി നീട്ടി നൽകിയ സർക്കാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി(ഡി. ടി. പി. സി)ന്റെ അന്ത്യത്തിന് മണിമുഴക്കി. ഒരു വർഷത്തെ കനത്ത നഷ്ടത്തിൽ ഖജനാവ് കാലിയായ ഡി. ടി. പി. സി അടച്ചുപൂട്ടൽ ഭീഷണിയെ നേരിടുകയാണ്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇരിക്കേണ്ട സെക്രട്ടറി പദവിയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി വിരാജിക്കുന്നത് വിദ്യാഭ്യാസ വകുപ്പിലെ യു. ഡി ക്ലാർക്കും. ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് ഡി. ടി. പി. സിയുടെ ഫണ്ടിൽനിന്നു ചോർന്നത് 80 ലക്ഷത്തോളം രൂപയാണ്. അനധികൃത നിയമനവും ധൂർത്തും ഏകാധിപത്യവും കൗൺസിലിനെ കുത്തഴിഞ്ഞ പുസ്തകമാക്കി മാറ്റി. കോൺഗ്രസ് നേതാക്കളുടെ മാത്രം ആജ്ഞാനുവർത്തിയായ ഡി. ടി. പി. സി സെക്രട്ടറി ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വാക്കുകൾക്കുപോലും ചെവികൊടുക്കാൻ തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
തേക്കടിയും മൂന്നാറും രാമക്കൽമേടും വാഗമണ്ണും അടക്കം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് ഇടുക്കി. എന്നാൽ രാഷ്ട്രീയക്കളിയിൽ ഡി. ടി. പി. സിയുടെ നേതൃത്വം ദുരുപയോഗിക്കപ്പെടുകയാണ്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം ഡി. ടി. പി. സി സെക്രട്ടറിയെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് നിലവിലെ സെക്രട്ടറി കെ. വി ഫ്രാൻസീസിനെ കോൺഗ്രസ് നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങി ഒരു വർഷം മുമ്പ് നിയമിക്കുകയായിരുന്നു. കൗൺസിൽ നിയമപ്രകാരം ജില്ലാ കലക്ടറാണ് ഡി. ടി. പി. സികളുടെ ചെയർമാനെങ്കിലും ജോലിത്തിരക്കുകൾമൂലം സെക്രട്ടറിമാരാണ് അനുദിന ഭരണം നിയന്ത്രിക്കുന്നത്.
കൗൺസിലിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും റോഷി അഗസ്റ്റിൻ, കെ. കെ. ജയചന്ദ്രൻ, എസ് രാജേന്ദ്രൻ എന്നീ എംഎൽഎമാരും മുൻ എംഎൽഎ ഇ. എം ആഗസ്തി, ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും അംഗങ്ങളാണ്. മാസത്തിലൊരിക്കൽ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും വർഷത്തിൽ രണ്ടു തവണ ജനറൽ ബോഡിയും വിളിച്ചു കൂട്ടണമെന്നാണ് വ്യവസ്ഥയെങ്കിലും ഇടുക്കിയിൽ യോഗം വിളിക്കാൻ സെക്രട്ടറി തയാറല്ല. മുൻ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥ ദുർഭരണത്തെതുടർന്ന് തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അടച്ചുപൂട്ടലിന്റെ വക്കോളമെത്തുകയും ജീവനക്കാരുടെ എണ്ണം സെക്രട്ടറിയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തിരുന്നു. അന്ന് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ റാങ്കിലുള്ളവരെയാണ് സെക്രട്ടറിമാരായി നിയമിച്ചിരുന്നത്.
സാഹചര്യം വിലയിരുത്തിയ സർക്കാർ സെക്രട്ടറിയായി എൽ. ഡി. സി തലത്തിലുള്ള ജീവനക്കാരെ നിയമിക്കാമെന്ന ഭേദഗതി കൊണ്ടുവന്നു. എന്നാൽ ഭാരിച്ച ഉത്തരവാദിത്വവും ജില്ലാ മേധാവികളുടെയും ഉയർന്ന ജനപ്രതിനിധികളുടെയും പങ്കാളിത്തമുള്ള കൗൺസിലിനെ താഴേത്തലത്തിലെ ജീവനക്കാരൻ നിയന്ത്രിക്കുന്നത് പൊരുത്തക്കേടുകളുണ്ടാക്കുമെന്നും ഭരണ പ്രതിസന്ധിക്കിടയാക്കുമെന്നും അഭിപ്രായമുയർന്നു. പിന്നീട് യു. ഡി. എഫ് സർക്കാർ ഉത്തരവ് തിരുത്തി സെക്രട്ടറിയാകാനുള്ള യോഗ്യത ഗസറ്റഡ് റാങ്ക് തന്നെയാക്കി പുനർനിർണയിച്ച് ഉത്തരവിറക്കി. ഈ ഉത്തരവുണ്ടായ ശേഷമാണ് യു. ഡി. എഫ് സർക്കാർതന്നെ യു. ഡി ക്ലർക്കായ ഫ്രാൻസീസിനെ സെക്രട്ടറിയായി നിയമിച്ചതെന്നതും വിചിത്രമാണ്. എൻ. ജി. ഒ അസോസിയേഷൻ നേതാവായ ഫ്രാൻസീസിനെ ഡി. സി. സി പ്രസിഡന്റിന്റെ താൽപര്യപ്രകാരമാണ് നിയമിച്ചതെന്നും കാലാവധി നീട്ടി നൽകിയതെന്നും ആരോപണമുണ്ട്.
മുമ്പ് ഇടുക്കിയിൽ സബ് കളക്ടർ, എ. ഡി. എം ചുമതല വഹിച്ചിരുന്നവരാണ് സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നത്. പുതിയ സെക്രട്ടി ചുമതലയേറ്റശേഷം ഇതിനകം 18 താൽകാലിക ജീവനക്കാരെ വിവിധയിടങ്ങളിൽ നിയമിച്ചു. ഓഫീസ് അസിസ്റ്റന്റ്, വാച്ചർ, സെക്യൂരിറ്റി ഗാർഡ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തിയത്. ഡി. ടി. പി. സി ഓഫീസിലെ ഗാന്ധിയനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ ക്രമവിരുദ്ധ നടപടികൾക്ക് വഴങ്ങാത്തതിന്റെ പേരിൽ താൽകാലിക ജോലിയിൽനിന്നും പുകച്ചു പുറത്തുചാടിച്ചു. അനാവശ്യ തസ്തികൾ സൃഷ്ടിച്ച് നിയമനം നടത്തിയെങ്കിലും ഡി. ടി. പി. സിയുടെ വരുമാനം ഉയർന്നില്ല. 96 ലക്ഷം രൂപ മിച്ചമുണ്ടായിരുന്ന കൗൺസിലിന്റെ നീക്കിയിരിപ്പ് ഒരു വർഷം കഴിഞ്ഞപ്പോൾ 15 ലക്ഷത്തോളമായാണ് ചുരുങ്ങിയത്. വിവിധ മാർഗങ്ങളിലൂടെ പ്രതിമാസം പത്ത് ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനം ലഭിക്കുന്ന ജില്ലയിലാണ് ഈ ദുസ്ഥിതി. ഇക്കാലയളവിൽ കാര്യമായ പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിക്കാനായില്ലെന്നു മാത്രമല്ല, പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പോലും സെക്രട്ടറിയുടെ പെരുമാറ്റത്തിലെ പാളിച്ചകൊണ്ട് മുടങ്ങി.
രാജാക്കാട് പഞ്ചായത്തിലെ ശ്രീനാരായണപുരം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനമാണ് ഉദ്ഘാടകനായ മന്ത്രിയെത്തിയിട്ടും പഞ്ചായത്ത് അധികൃതരുടെ പ്രതിഷേധം മൂലം നടക്കാതെ പോയത്. ഒരു കോടി എട്ട് ലക്ഷം രൂപ വകയിരുത്തുകയും ആദ്യ ഘട്ടമെന്ന നിലയിൽ 58 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്ത പദ്ധതിയാണ് ടൂറിസം ജില്ലയിൽ തുറക്കാതെ കിടക്കുന്നത്. 200 മീറ്റർ നടപ്പാത, 3 പവലിയനുകൾ, ശൗചാലയങ്ങൾ, 2 കഫറ്റീരിയ, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണപുരം പദ്ധതി കേരളത്തിനു തന്നെ മുതൽക്കൂട്ടാകേണ്ട വാട്ടർ ഫാൾസ് ഡെസ്റ്റിനേഷനാണ്. 32 ലക്ഷം രൂപ ചെലവഴിച്ചിട്ടും പണി പാതിയാകാതെ നിലച്ച കുട്ടിക്കാനത്തെ നാല് ടോയ്‌ലെറ്റുകളോടു കൂടിയ കംഫർട്ട് സ്റ്റേഷൻ കം ക്ലോക്ക് റൂം ഡി. ടി. പി. സിയുടെ കെടുകാര്യസ്ഥതയ്ക്ക് പ്രത്യക്ഷ തെളിവാണ്. നിരവധി ചെറുകിട വിനോദ സഞ്ചാര പദ്ധതികളുടെ സാധ്യതകൾ മുമ്പിലുണ്ടായിട്ടും തള്ളിക്കളഞ്ഞുള്ള പ്രവർത്തനങ്ങളാണ് കൗൺസിൽ സെക്രട്ടറിയുടേതെന്ന് ജനപ്രതിനിധികൾ പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല.
ഡി. ടി. പി. സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം സെമിനാറുകൾ ധൂർത്തിന്റെയും അഴിമതിയുടെയും പരിപാടികളായി മാറിയിരിക്കുകയാണ്. സ്‌കൂൾ, കോളജുകളിലായി ഇതിനകം നാലു സെമിനാറുകൾ സംഘടിപ്പിച്ച ഇനത്തിൽ എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ചതാണ് കണക്കുകളിൽ കാണുന്നത്. സെക്രട്ടറിയുടെ വഴിവിട്ട പോക്ക് നിയന്ത്രിക്കാൻ മുൻ കലക്ടർ ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാക്കളുടെ സ്വാധീനത്തിൽ സെക്രട്ടറി അതിനെ നിഷ്പ്രഭമാക്കി. മിക്ക ദിവസവും ജില്ലയിൽ ചുറ്റിക്കറങ്ങുന്ന ഡി. ടി. പി. സി സെക്രട്ടറിയുടെ വാഹന ചെലവ് തന്നെ ലക്ഷങ്ങളാണ്. മാട്ടുപ്പെട്ടി ബോട്ടിങ്, ഇടുക്കി ഹിൽ വ്യൂ പാർക്ക് തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽനിന്നും പ്രതിമാസം ലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടായിട്ടും ഇവിടെയൊന്നും അടിസ്ഥാന സൗകര്യ വികസനത്തിന് നടപടിയില്ല.
ഇടുക്കി ചിൽഡ്രൻസ് പാർക്ക്, മൂന്നാർ, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾ വർഷങ്ങളായി വാടകയ്ക്ക് നൽകാതെ നശിക്കുന്നതുവഴിയുള്ള നഷ്ടം മറ്റൊന്ന്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വൈകാതെ പൂട്ടുമെന്ന അവസ്ഥയിലാണ് കേരളത്തിലെ ഏറ്റവും വലിയ ടൂറിയം ജില്ലയിലെ പ്രമോഷൻ കൗൺസിൽ.