തിരുവനന്തപുരം: കൊല്ലത്ത് ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കുന്നില്ല. പ്രോട്ടോകോൾ പ്രകാരം പങ്കെടുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അതിൽ വിഷമവുമുണ്ട്. ചടങ്ങിന് വരരുതെന്ന് എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതാണ് പ്രശ്‌നം. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി മുഖ്യമന്ത്രി ഇരിക്കുമ്പോൾ വിവാദം ഉച്ഛസ്ഥായിലെത്തി. പ്രതിരോധിക്കാൻ സംഘപരിവാർ സംഘടനകളും ഉണ്ട്. അവർ ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേന്ദ്ര സർക്കാരിന് സംസ്ഥാനം അയച്ച കത്ത് ഉയർത്തിക്കാട്ടി സജീവമാവുകയാണ്.

പ്രോട്ടോകോൾ വിഷയമുയർത്തി പ്രിതഷേധിക്കുന്ന ഉമ്മൻ ചാണ്ടിക്ക് നേരെയുള്ള ചോദ്യമാണ് ഇത്. രണ്ട് ദിവസം മുമ്പ് പൊതുഭരണ സെക്രട്ടറിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് അയക്കുന്നത്. ചില കാരണങ്ങളാൽ കൊല്ലത്തേയും ശിവഗിരിയിലേയും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാദങ്ങളെ കുറിച്ചൊന്നും പരമാർശമില്ല. ഇതാണ് പുതിയ വിവാദത്തിന് തുടക്കമിടുന്നത്. കൊല്ലത്ത് വെള്ളാപ്പള്ളി വിളിച്ചില്ല. എന്നാൽ എന്തുകൊണ്ട് ശ്രീ നാരയണ ഗുരദേവന്റെ സമാധി സ്ഥലത്ത് പ്രധാനമന്ത്രിയെത്തുമ്പോൾ മുഖ്യമന്ത്രി എത്തുന്നില്ലെന്നാണ് ചോദ്യം. ശിവഗരിയിൽ മുഖ്യമന്ത്രിയോട് വരരുതെന്ന് ആരും പറഞ്ഞില്ല. അപ്പോൾ പിന്നെ എന്തുകൊണ്ടാണ് വിട്ടുനിൽക്കലെന്നാണ് ഉയർത്തുന്ന ചോദ്യം.

ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന് വിരുദ്ധമാണ് ഇതെല്ലാമെന്നാണ് പിരവാർ സംഘടനകളുടെ വാദം. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോൾ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോൺഗ്രസ് നേതാവ് കൂടിയായ മുൻ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോൾ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. ഇത് ബി. ജെ. പി യുടെ പാർട്ടി പരിപാടി ആണെങ്കിൽ ആർക്കും പരാതി ഉണ്ടാവില്ല. ജീവിതത്തിൽ ഒരു നിമിഷം പോലും ജന സംഘത്തിന്റെ നയങ്ങളോടും, ആശയത്തോടും, തത്വ സംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ശ്രീ ആർ. ശങ്കർ.

ഇങ്ങനെ കുറിക്കുന്ന മുഖ്യമന്ത്രി ശിവഗിരിയിൽ എത്തുന്നില്ല. അവിടേക്കും ആരും വിലക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കൊല്ലത്തെ വിവാദമാക്കിയതിലും ശിവഗരി മഠത്തിൽ എത്താത്തിനും പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്ന് സംഘപരിവാർ സംഘടനകൾ പറയുന്നു. ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ ട്വിറ്ററിലൂടെയാണ് കത്ത് പുറത്തുവിട്ടത്. തൊട്ട പിറകേ സോഷ്യൽമീഡിയയിൽ ചർച്ചകലും പരിവാറുകാർ സജീവമാക്കി. താങ്കൾ കുറച്ചു ദിവസമായി കേന്ദ്ര ഗവർമെന്റ് താങ്കളെ തഴഞ്ഞുവെന്നും താങ്കളോട് അനീതി കാട്ടിയെന്നും പ്രധാന മന്ത്രി ഉള്ള പരിപാടിയിൽ താങ്കൾ പങ്കെടുക്കേണ്ടതായിട്ടും താങ്കളെ പ്രധാന മന്ത്രിയുടെ ഓഫീസ് പുറത്താക്കി എന്നും ഒക്കെ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു, താങ്കളുടെ കൂട്ടിനായി ഇവിടത്തെ പ്രധാന ഇടതു പക്ഷ നേതാക്കന്മാരൊക്കെയും ചേരുകയും ചെയ്തു, പക്ഷേ താങ്കൾ അയച്ചു കത്തിൽ കാര്യം സ്പഷ്ടമാണെന്നാണെന്നാണ് ഇവരുടെ വാദം.താഴെ പറയുന്ന ചോദ്യങ്ങളും ഉയർത്തുന്നു.

താങ്കൾ ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം പരിപാടിയിൽ പങ്കെടുക്കാൻ ഉദേശിച്ചിട്ടില്ല. അതുകൊണ്ടു താങ്കൾ ആ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞു, അല്ലാതെ താങ്കളെ പിഎംഓ ആ പരിപാടിയിൽ നിന്നും ഒഴിവാക്കിയിട്ടില്ല ( അവലംബം താങ്കളുടെ പ്രോട്ടോക്കോൾ ഓഫീസർ അയച്ച കത്ത്)?-ഇതാണ് ആദ്യ ചോദ്യം. ഇനി ഒരു വാദത്തിന് താങ്കൾ, ആ പരിപാടിയിൽ പങ്കെടുക്കാത്തത് ശ്രീമാൻ വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ടാണ് എങ്കിൽ, അതിൽ ഇവിടത്തെ പ്രധാന മന്ത്രി എന്തു പിഴച്ചു? എന്തിനാണ് താങ്കളും താങ്കളുടെ പാർട്ടിയും പാര്ട്ടി നേതാക്കന്മാരും ഈ വിഷയത്തിൽ ശ്രീ നരേന്ദ്ര മോദിയെ വലിച്ചിഴക്കുന്നത്? എന്തിനാണ് താങ്കളുടെ എംപി മാർ ഈ വിഷയം പറഞ്ഞു കൊണ്ട് പാർലിമെന്റ് സ്തംഭിപ്പിച്ചത്? ഇതിന് താങ്കളും പാർട്ടിയും ഉത്തരം നല്കുക തന്നെ വേണം. എന്തു തെറ്റാണ് പ്രധാനമന്ത്രി ഈ വിഷയത്തിൽ ചെയ്ത്ത് എന്നും ചോദിക്കുന്നു.

ഇനി വെള്ളാപ്പള്ളി പങ്കെടുക്കുന്ന പൊതു പരിപാടിയിൽ താങ്കൾ പങ്കെടുക്കില്ല എന്നാണ് തീരുമാനിച്ചിരുന്നതു എങ്കിൽ, എന്തുകൊണ്ടാണ് താങ്കൾ ശ്രീ മോദി താങ്കളെ ക്ഷണിച്ച മറ്റൊരു മിനിസ്റ്റർ ലെവലിൽ അല്ലാത്ത പരിപാടി ആയ ശിവഗിരി സന്ദർശനത്തിൽ പങ്കെടുക്കില്ല എന്നു പറഞ്ഞു കത്തയച്ചത്?- ഇതാണ് ചർച്ചകളിൽ പരിവാരുകാർ നിറയ്ക്കുന്നത്. താങ്കളും ഇടതു പക്ഷവും തമ്മിലുള്ള ധാരണയുടെ പുറത്താണ് ഈ നാടകമൊക്കെ അരങ്ങേറിയത് എന്നു ഇവിടത്തെ പൊതു ജനം വിശ്വസിച്ചാൽ അവരെ എങ്ങിനെ തെറ്റ് പറയാനാവുമെന്നും ചോദിക്കുന്നു. എന്തിനാണ് ഈ വിഷയത്തിൽ യാതൊരു തെറ്റും ചെയ്യാത്ത ഈ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ താങ്കളും ഇടതു പക്ഷവും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചതെന്നാണ് അവസാനത്തെ പോയിന്റ്.

ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്ന പേരുകാരിൽ മുന്നിലാണ് കുമ്മനം. അദ്ദേഹമാണ് കേന്ദ്ര സർക്കാരിന്റെ കത്ത് പുറത്തുവിട്ടതെന്നതും നിർണ്ണായകമാണ്. ഏതായാലും ശിവഗിരിയിലെ മുഖ്യമന്ത്രിയുടെ മാറി നിൽക്കൽ ഉയർത്തി കൊല്ലത്തെ വിവാദത്തെ പ്രതിരോധിക്കാനാണ് സംഘപരിവാർ-ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായാണ് കത്ത് പുറത്തുവിട്ടത്. അതിനിടെ ആർ.ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.

പ്രോട്ടോക്കോൾ വിഷയങ്ങളിൽ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയുള്ളു. കൊല്ലത്തേത് ഒരു സ്വകാര്യ ചടങ്ങാണ്. ആരൊക്കെ ചടങ്ങിൽ പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത് സംഘാടകരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ആര് പങ്കെടുക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിവാദത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശനും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണതെന്ന് പറയില്ലെന്നും വ്യക്തമാക്കി.