- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവുകളെല്ലാം ഉണ്ടായിട്ടും കേസിൽ പ്രതിയാകാത്തത് തുണയാകും; സസ്‌പെൻഷൻ പിൻവലിച്ച് പുരാവസ്തു തട്ടിപ്പുകാരന്റെ കൂട്ടുകാരനെ എഡിജിപിയാക്കാൻ നീക്കം; തെലുങ്കാന മുഖ്യമന്ത്രിയുടെ വലംകൈയായ ഐജി ലക്ഷ്മണിന് ആശ്വാസം നൽകാൻ പിണറായിയും; തെളിവുകളെല്ലാം ആവിയാകുമ്പോൾ
കൊച്ചി : രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഏത് ഉദ്യോഗസ്ഥനും എന്ത് തോന്ന്യവാസവും കാട്ടാമെന്നതാണ് ഇപ്പോൾ കേരളത്തിലെ സ്ഥിതി. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് പൊലീസ് അധികാരമുപയോഗിച്ച് ഒത്താശ ചെയ്യുകയും മോൻസണിന്റെ വ്യാജ പുരാവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും, ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്ന് പണപ്പിരിവ് നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ലക്ഷ്മണിനെതിരെ വലിയ നടപടിയുമില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സസ്‌പെൻഷൻ ഉടൻ പിൻവലിച്ച് ഐ.ജിയായ ലക്ഷ്മണിന് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള കരുനീക്കങ്ങളും പുരോഗമിക്കുന്നു.
തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വലംകൈയാണ് ലക്ഷ്മൺ. അവിടെ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കാൻ വരെ നീക്കമുണ്ടായിരുന്നു. ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലുങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ. പിണറായി വിജയന്റെ ഏറെ അടുപ്പക്കാരനാണ് ചന്ദ്രശേഖർ റാവു. അവിടെ മന്ത്രിയാക്കാനൊരുങ്ങിയപ്പോൾ റാവു പിണറായിയെ വിളിച്ചിരുന്നു. ലക്ഷ്മൺ രാജിക്കത്ത് നൽകിയാലുടൻ അത് അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്നായിരുന്നു ആവശ്യം. മൂന്നുമാസത്തെ ശമ്പളം കേന്ദ്ര സർക്കാരിലേക്ക് തിരികെ അടച്ചാലേ ഉടനടി സ്വയം വിരമിക്കാനാവൂ. അതിന് സംസ്ഥാന സർക്കാരിന്റെ എൻഒസിയും വേണമായിരുന്നു.
തെലുങ്കാന മുഖ്യമന്ത്രിയുമായുള്ള ശക്തമായ ബന്ധം കാരണമാണ് മോൻസൺ മാവുങ്കൽ കേസിൽ കുടുങ്ങിയിട്ടും ലക്ഷ്മണിനെ പ്രതിയാക്കാതെ രക്ഷപെടുത്തിയത്. നിലവിൽ സസ്‌പെൻഷനിലാണ് ഐജി ലക്ഷ്മൺ. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തതെങ്കിലും കേസിൽ ഐ.ജിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാൽ തെളിവുകിട്ടുമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. എന്നാൽ പ്രതിയാക്കാൻ തെളിവില്ലെന്നാണ് ഇപ്പോൾ പറയുന്നത്.
ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സസ്‌പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്താലുടൻ അഡി.ഡി.ജി.പിയായി ലക്ഷ്മണിന് സ്ഥാനക്കയറ്റം ലഭിക്കും. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായ അഡി.ഡിജിപിയായി. സസ്‌പെൻഷനിലായതിനാലാണ് ലക്ഷ്മണിനെ പരിഗണിക്കാതിരുന്നത്. സസ്‌പെൻഷൻ പിൻവലിച്ച് ലക്ഷ്മണിനെ എഡിജിപിയാക്കാനാണ് നീക്കം.
തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവുമായുള്ള അടുപ്പം മാത്രമല്ല, പല ഉന്നത ബന്ധങ്ങളുമുണ്ട് ലക്ഷ്മണിന്. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു. അവിടെ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കുമെന്നായിരുന്നു ധാരണ. ലക്ഷ്മണിന്റെ നിരവധി ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്മണിന് ഓഫറുണ്ടായിരുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ചു. ആന്ധ്രാപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ
ഐ.ജി. ജി. ലക്ഷ്മണനും മോൻസണും തമ്മിൽ അടുത്ത ബന്ധമായിരുന്നു. ഇതുമുതലെടുത്താണ് മോൻസൺ പല തട്ടിപ്പുകൾക്കും നടത്തിയത്. അലപ്പുഴയിലെ റിസോർട്ടിലും തിരുവനന്തപുരത്തും അന്ധ്രയിലെ വിരുന്നുകാരോടൊപ്പം ഇരുവരും താമസിച്ചിരുന്നു. ഹോട്ടൽ മുറിയെടുത്ത മോൻസന്റെ മാനേജർ ജിഷ്ണുവിൽ നിന്നടക്കം വിവരങ്ങൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മൺ നിരവധി തവണ ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ലക്ഷ്മണിൽ നിന്ന് വിവരശേഖരണം നടത്തിയപ്പോൾ തെറ്റുപറ്റിയെന്ന വിശദീകരണം നൽകിയെങ്കിലും ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പൂഴ്‌ത്തിയാണ് ലക്ഷ്മണിനെ കേസിൽ പ്രതിയാക്കാതെ സർക്കാർ രക്ഷിച്ചത്.
ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്ത ഉത്തരവിൽ അദ്ദേഹത്തിനെതിരെ നിരവധി കുറ്റങ്ങളുണ്ടായിരുന്നു. മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്യപ്പെട്ട ശേഷവും ഐ.ജി അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാന്മാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു. ഈ കുറ്റങ്ങളെക്കുറിച്ച് പിന്നീട് വിശദമായ അന്വേഷണം നടത്തിയില്ല.