ന്യൂഡൽഹി: തുടർച്ചയായ രണ്ടാമത്തെ മാസവും രാജ്യത്തെ പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കാൻ എണ്ണകമ്പനികളുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. ഗാർഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 78 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50 പഴയ വില ) സബ്‌സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 1160.50 രൂപയും നൽകേണ്ടി വരും. പുതുക്കിയ വിലകൾ ഇന്നലെ അർദ്ധരാത്രിയോടെ നിലവിൽ വന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഇടിയുമ്പോൾ അതനുസരിച്ച് കുറക്കാതെ എക്സൈസ് നികുതി നിരന്തരം കൂട്ടുകയാണ് സർക്കാരുകൾ ചെയ്യുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് പാചകവാതകത്തിന്റെ വിലയും കൂട്ടുന്നത്. പാചക വാതകത്തിനും പെട്രോളിയം ഉൽപന്നങ്ങൾക്കും അനിയന്ത്രിതമായി വില വർധിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. രാജ്യാന്തര വിപണിയിൽ വില കുറയുന്നതിന് ആനുപാതികമായി ആഭ്യന്തര വില കുറയ്ക്കാത്ത സർക്കാർ ജനവഞ്ചനയാണു നടത്തുന്നതെന്ന് പലഘട്ടത്തിലും പ്രതിപക്ഷം ആരോപിച്ചിരുന്നു. അനിയന്ത്രിത വിലക്കയറ്റത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതാണ് ഇത്.

മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പാചക വാതകത്തിന് സബ്‌സിഡി ഉണ്ടായിരുന്നു. എന്നാൽ സബ്‌സിഡി വേണ്ടെന്ന് വയ്ക്കാനുള്ള മോദിയുടെ ആഹ്വാനം നിരവധി പേർ ഏറ്റെടുത്തു. കോടിക്കണക്കിന് പേർ ഇത് മുഖവിലയ്‌ക്കെടുത്ത് സബസിഡി വേണ്ടെന്ന് വച്ചു. സർക്കാരിന്റെ വാക്കു വിശ്വസിച്ചു സബ്സിഡി ഒഴിവാക്കിയപ്പോഴാണ് സർക്കാർ അവരെ കൊള്ളയടിക്കുന്നതെന്നാണ് ആരോപണം. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 60 ഡോളറിലേക്ക് കുതിക്കുകയും രൂപയുടെ വിനിമയമൂല്യം ഇടിയുകയും ചെയ്യുന്നത് രാജ്യത്തെ പെട്രോൾ, ഡിസൽ വില ഇനിയും ഉയരാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. പാചക വാതകത്തേയും മറ്റ് പെട്രോളിയം ഉൽപ്പനങ്ങളേയും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപകമാണ്. ഇതിന് സർക്കാർ തയ്യാറല്ല. അതുകൊണ്ട് തന്നെ വിലവർദ്ധനവിനൊപ്പം വലിയ നികുതിയും കൊടുക്കേണ്ടി വരുന്നു.

അതിനിടെ അടുത്തവർഷം മാർച്ചോടെ പാചക വാതകത്തിന് നൽകുന്ന സബ്‌സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ക്രമേണ വില കൂട്ടി അടുത്ത വർഷമാകുമ്പോൾ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുക. സിലിണ്ടറുകൾക്ക് രണ്ട് രൂപ വീതം വില കൂട്ടാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. .18.11 കോടി ജനങ്ങളാണ് രാജ്യത്ത് പാചക വാതക സബ്‌സിഡി ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷൻ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്. നിലവിൽ 2.66 കോടി പേർ മാത്രമാണ് സബ്‌സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്.

രൂപയുടെ മൂല്യമിടിയുമ്പോൾ ഇറക്കുമതിച്ചെലവേറും. അതിനാൽ, രാജ്യാന്തരഎണ്ണവില ഉയരാതെനിന്നാൽപോലും ഇറക്കുമതിക്ക് കൂടുതൽ തുക ചെലവിടേണ്ടിവരുമായിരുന്നു. എണ്ണവില ഉയരുകകൂടിച്ചെയ്തതോടെ ചെലവിൽ വൻ കുതിപ്പുണ്ടാകും. ഈ വർധനയൊക്കെ പെട്രോൾ, ഡീസൽ, പാചകവാതക വിലകളിൽ പ്രതിഫലിക്കും. എണ്ണ ലഭ്യതയിലെ കുറവിനു പുറമേ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം വർധിച്ചതും വിലവർധനയ്ക്കു കാരണമാണ്. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ നിന്നുള്ള വിതരണം തടസ്സപ്പെടുത്തുമെന്ന തുർക്കിയുടെ ഭീഷണിയാണു മറ്റൊരു കാരണം.

പ്രമുഖ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളും ചേർന്നു നടപ്പാക്കിയ ഉൽപാദന നിയന്ത്രണത്തെ തുടർന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണ വരവിൽ നേരത്തേതന്നെ കുറവുണ്ട്.