പാരീസ്: ടെന്നീസ് താരം വീനസ് വില്യംസിനെ വംശീയമായി അധിക്ഷേപിച്ച റുമാനിയയുടെ പഴയകാല ടെന്നീസ് താരം ഇലി നസ്താസെയ്ക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വിലക്ക്. 2020 ഡിസംബർ വരെ ഐ.ടി.എഫ്. മത്സരങ്ങളിൽ നിന്ന് നസ്താസെയെ വിലക്കിയ ഫെഡറേഷൻ 10,000 ഡോളർ (6.44 ലക്ഷം രൂപ) പിഴയും വിധിച്ചു.ഗർഭിണിയായ സെറീനയ്ക്ക് പിറക്കുന്ന കുഞ്ഞിന് എന്തു നിറമായിരിക്കും എന്ന കമന്റാണ് ഏറെ വിവാദമുയർത്തിയത്. ചോക്ലേറ്റ് നിറമോ? ചോക്ലേറ്റും പാലും ചേർന്ന നിറമോ? എന്നായിരുന്നു കമന്റ്.

വനിതകളെ അപമാനിക്കുന്ന തരത്തിലുള്ള മൂന്നു സംഭവങ്ങളാണ് ഫെഡറേഷൻ കൂടുതൽ ഗൗരവത്തിലെടുത്തത്. വനിതാ ടെന്നീസിൽ ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമയായ അമേരിക്കക്കാരി വീനസ് വില്യംസിനെതിരായ വംശീയമായി അപകീർത്തിപ്പെടുത്തുന്ന അഭിപ്രായപ്രകടനമാണ്  ഗൗരവമേറിയത്. ബ്രിട്ടന്റെ ഫെഡറേഷൻ കപ്പ് ക്യാപ്റ്റൻ ആൻ ക്യോത്താവോങ്ങിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതാണ് മറ്റൊന്ന്. ബ്രിട്ടീഷ് വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതാണ് മൂന്നാമത്തെ സംഭവം.

റുമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിനിടെ ക്യോത്തവോങ്ങിനോട് താമസിക്കുന്ന മുറിയുടെ നമ്പർ ചോദിച്ചാണ് നസ്താസെ കുഴപ്പത്തിൽ ചാടിയത്. മത്സരത്തിന്റെ രണ്ടാംനാൾ റുമാനിയൻ ടീമിന്റെ അമരക്കാരനായ നസ്താസെയെ മത്സരവേദിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബ്രിട്ടീഷ് പത്രപ്രവർത്തകയെ വിഡ്ഢി, കാണാൻ കൊള്ളാത്തവൾ എന്നു വിളിച്ച് ആക്ഷേപിച്ചെന്നാണ് മറ്റൊരു കുറ്റം.