പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ വാളയാറിലെ സിപിഎം നേതാവ് മുഹമ്മദ് റാഫിയുടെ അറസ്റ്റിന് പിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി. ഹംസയ്‌ക്കെതിരെ കുരുക്ക് മുറുക്കുന്നു. വി. ഹംസയ്‌ക്കെതിരെ തൃശൂർ വിജിലൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് വിജിലൻസിന് മുൻപാകെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

പ്രതിയായ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹംസയോട് മാർച്ച് 29, 30 തിയ്യതികളിലായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പ്രത്യേക വിജിലൻസ് സംഘം നിർദ്ദേശം നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണവുമായി സഹകരിക്കാതെ മെഡിക്കൽ ലീവെടുത്ത് മാറി നിൽക്കുന്ന ഹംസ ഹാജരാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം വിജിലൻസ് കോടതിയെ സമീപിച്ചത്.

കേസിൽ ഡി വൈ എസ് പി ഹംസയെ രക്ഷിക്കാൻ വസ്തു ഇടപാടിന്റെ പേരിൽ വ്യാജരേഖ ചമച്ച സി പി എം വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഫിയുടെ ജാമ്യാപേക്ഷയും തൃശൂർ വിജിലൻസ് കോടതി തള്ളിയിരുന്നു.

ഡിവൈഎസ്‌പി, ഭാര്യ, ബന്ധു റഷീദ് എന്നിവർ ഒളിവിൽ പോയെന്നാണു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. 2019 ഓഗസ്റ്റ് 14നാണു ഹംസയ്‌ക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനും അഴിമതിക്കും വിജിലൻസ് കേസെടുത്തത്. നേരത്തെ ഹംസയുടെ ചെർപ്പുളശ്ശേരിയിലെ വീട് വിജിലൻസ് റെയ്ഡ് ചെയ്ത് ഒട്ടേറെ മുദ്രപ്പത്രങ്ങളും ആധാരങ്ങളും വസ്തു ഇടപാടു നടത്തിയ രേഖകളും കണ്ടെടുത്തിരുന്നു. പരിശോധനയ്ക്കിടെ ഹംസ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒട്ടേറെ ഭൂമി ഇടപാടുകൾ ഹംസയുടെയും ബന്ധുക്കളുടെയും പേരിൽ നടന്നതായി വിജിലൻസ് കണ്ടെത്തിയതായാണു വിവരം.

ഭൂമി തിരിമറിക്കു വ്യാജരേഖയുണ്ടാക്കിയതും ഇടപാടുകൾ നടത്തിയതും മുഹമ്മദ് റാഫിയും റഷീദും ചേർന്നാണെന്നു വിജിലൻസ് പറയുന്നു. ഇതിനായി മുദ്രപ്പത്രങ്ങൾ ഇവർ വ്യാജമായി ഉണ്ടാക്കി. മരിച്ചയാളുടെ പേരിൽ വരെ മുദ്രപ്പത്രങ്ങൾ വാങ്ങിക്കൂട്ടിയാണു തട്ടിപ്പു നടത്തിയത്.
2019 സെപ്റ്റംബറിൽ ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പത്തു ലക്ഷത്തോളം രൂപയും സ്വർണവും ഭൂമിയിടപാട് രേഖകളുമാണ് പിടിച്ചെടുത്തിരുന്നത്. ഇതിന്റെ സ്രോതസ് സംബന്ധിച്ച് ഹംസ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.

വ്യാജ സീലുകൾ ഉണ്ടാക്കി നൽകിയതു പുതുശ്ശേരി സ്വദേശിയായ സാബുവാണെന്ന് അറസ്റ്റിലായ മുഹമ്മദ് റാഫി വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വ്യാജരേഖയുണ്ടാക്കി നടത്തിയ വസ്തു ഇടപാടിലൂടെ കോടികളുടെ തട്ടിപ്പു നടന്നതായാണു പ്രാഥമിക നിഗമനം.

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മുൻ അംഗവുമായ മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസമാണു കൊച്ചിയിൽ നിന്നുള്ള സ്‌പെഷൽ വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.ഡിവൈഎസ്‌പി എസ്.സജീവിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്