- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.ഷാജിക്ക് വരവിനേക്കാൾ 166 % അനധികൃത സ്വത്ത്; വരുമാന വർദ്ധനവ് 2011 മുതൽ 2020 വരെയുള്ള കാലയളവിൽ; ഷാജിക്കതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കാട്ടി വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ വിവരവും ആഡംബര വീട് നിർമ്മാണത്തിന് ചെലവായ പണവും തമ്മിൽ പൊരുത്തക്കേടെന്നും പരാതി
കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തൽ. കെ എം ഷാജിക്ക് വരവിനെക്കാൾ 166% അനധികൃത സ്വത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർദ്ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം ആർ ഹരീഷ് കോടതിയെ സമീപിച്ചു. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാണ് കെ എം ഷാജി.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് വരവിലും 166% കൂടുതൽ സ്വത്ത് ഷാജിക്കുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2011 മുതൽ 2020 വരെയുള്ള വരുമാനത്തിലാണ് വലിയ വർദ്ധന ഉണ്ടായിരിക്കുന്നത്. 88,57,452 രൂപയുടെ വരുമാനമാണ് ഈ സമയത്ത് ഷാജിക്കുള്ളത് എന്നാൽ 2.03 കോടിയായിരുന്നു ഈ സമയം ഷാജിയുടെ സ്വത്ത്.
ഷാജിക്കെതിരായ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ കേസ് രജിസ്റ്റർ ചെയ്യാത്തതിനാലാണ് അഡ്വ.എം.ആർ ഹരീഷ് ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ ഷാജിക്കെതിരെ തെളിവുണ്ടെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സത്യവാങ്മൂലത്തിൽ കെ.എം ഷാജി നൽകിയ വിവരവും ആഡംബര വീട് നിർമ്മാണത്തിന് ചെലവായ പണവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് കാട്ടിയാണ് എം.ആർ ഹരീഷ് പരാതിപ്പെട്ടത്. അനധികൃതമായി നിർമ്മിച്ച വീടിന് 1.62 കോടി വിലയുണ്ടെന്ന് കോർപറേഷൻ കണ്ടെത്തി. എന്നാൽ നിർമ്മാണ മേഖലാ വിദഗ്ദ്ധർ നാല് കോടിയെങ്കിലും വീടിന് വിലയുണ്ടാകുമെന്ന് കണ്ടെത്തി. കേസിൽ കെ.എം ഷാജി ഉൾപ്പടെയുള്ളവരെ വിജിലൻസ് ചോദ്യം ചെയ്യുകയുമുണ്ടായി.
മത്സരിക്കുന്നതിൽ നിന്നും ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകിയെങ്കിലും അത് തള്ളിയിരുന്നു. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ