പാലക്കാട്: പതിനാലു വർഷത്തിനിടെ ചിറ്റൂർ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത ചിട്ടിക്കമ്പനികൾ നാട്ടുകാരിൽ നിന്ന് കോടികൾ കവർന്നിട്ടും കമ്പനികൾക്കെതിരെ നടപടിയുണ്ടാവുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം.

തമിഴ്‌നാട്ടിൽ രജിസ്‌ട്രേഷൻ നടത്തി, അതിർത്തിക്കിപ്പുറത്ത് ചിറ്റൂർ മേഖലയിൽ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനികൾ നാട്ടുകാരെ സാമ്പത്തിക കെണിയിൽ കുടുക്കുന്നുവെന്ന പരാതികളാണ് ഉയരുന്നത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്തവയാണെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെ നിയമമനുസരിച്ചേ ഇവിടെ പ്രവർത്തിക്കാവൂ എന്നിരിക്കെ നിബന്ധനകളെല്ലാം കാറ്റിൽപ്പറത്തിയാണ് ഈ പകൽക്കൊള്ള നടക്കുന്നത്.

മിക്ക ചിട്ടിക്കമ്പനികളും രജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്‌നാട്-കേരള അതിർത്തിയിലുള്ള പൊള്ളാച്ചിയിലെ മണ്ണൂർ പോസ്റ്റ്ഓഫീസ് പരിധിയിലെ അഡ്രസ്സുകൾ നൽകിയാണ്. ചിറ്റൂർ ഉൾപ്പെടെ പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആളുകളെ ചേർത്ത് ഇവയുടെ പ്രവർത്തനം. കേരള ചിറ്റ് ഫണ്ട് നിയമം പാലിക്കാതെയാണ് നടപടികൾ. തമിഴ്‌നാട്, കേരള സർക്കാരുകൾക്ക് നികുതിയും നൽകാതെയാണ് ഇവയുടെ പ്രവർത്തനമെന്നും ആക്ഷേപമുണ്ട്.

നൂറും ഇരുന്നൂറും ദിവസപ്പിരിവെടുത്ത് ലക്ഷങ്ങളുടെ കുറിയാണ് ഇവർ നടത്തുന്നത്. ഒരു കമ്പനിമാത്രം ശരാശരി ദിവസം 20 ലക്ഷം രൂപയോളം ഇങ്ങനെ പിരിക്കുന്നുവെന്നാണ് കണക്കുകൾ. ചുരുങ്ങിയ കാലത്തിനിടെ നൂറുകണക്കിന് പേരുടെ ഭൂമിയും സ്ഥാപനങ്ങളുമെല്ലാം ഇവർ കൈക്കലാക്കിക്കഴിഞ്ഞു. ഒരു ചിട്ടി നടത്തുമ്പോൾ അതിന്റെ സല ആദ്യം സർക്കാരിൽ കെട്ടിവച്ച ശേഷം വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എന്നാണ് നിയമം. ഇത് പാലിക്കാറില്ല.

ഏജന്റുമാർക്ക് രണ്ടുശതമാനം കമ്മിഷൻ നടത്തിയാണ് പിരിവ് നടക്കുന്നത്. ചിട്ടിയിൽ ചേർന്ന് കുറച്ചു മാസം കഴിയുമ്പോൾ ചിട്ടി പിടിക്കാൻ തീരുമാനിക്കുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ദിവസേന 200 രൂപയെന്ന തോതിൽ നാലുമാസം കൊണ്ട് 24000 രൂപ അടച്ച വ്യക്തി അടിയന്തിര ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കുറി പിടിച്ചാൽ ഇയാൾ അടച്ചതുകഴിച്ചുള്ള ബാക്കി തുകകൂടി ചേർത്ത് ചിട്ടിക്കമ്പനി ഒരു ലക്ഷം രൂപ നൽകും.

ബ്ലാങ്ക് ചെക്കോ, കടയുടേയോ കൃഷിഭൂമിയുടേയോ വീടിന്റെയോ ആധാരങ്ങൾ വരെ പണയപ്പെടുത്തിയോ പ്രൊമിസറി നോട്ട് വാങ്ങിയോ ആണ് ചിട്ടിത്തുക നൽകുക. കമ്പനിയുടെ പേരിൽ വാങ്ങുന്നതിന് പകരം സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങളുടെ പേരിലും മറ്റുമാണ് ഭൂമി രജിസ്റ്റർ ചെയ്ത് വാങ്ങുക. ഒരിക്കലെങ്കിലും അടവ് തെറ്റിയാൽ കളി തുടങ്ങും. ചെക്കുകേസാണ് ആദ്യപടി. 2000 മുതൽ 2013 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ എണ്ണൂറോളം കേസുകളാണ് ചിറ്റൂർ കോടതിയിൽ വിധിപ്രസ്താവിച്ചു.

പാലക്കാട്ടെ കോടതിയിലും ഇതുപോലെ കേസുകൾ നടക്കുന്നു. ഇങ്ങനെ പണവും ഭൂമിയും നഷ്ടപ്പെട്ടവർ ആയിരക്കണക്കിന് പേർ വരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 27.94 കോടിയുടെ ഇടപാടുകൾ നടന്നതായാണ് വിവരം. അതേസമയം, ജനത്തിന് വീടും കൃഷിഭൂമിയുമെല്ലാം നഷ്ടപ്പെടുമ്പോഴും അനധികൃത ചിട്ടി നടത്തിപ്പുകാർക്കെതിരെ പൊലീസും രാഷ്ട്രീയക്കാരും തിരിയാറില്ലെന്നും പരാതിയുയർന്നാലും കേസെടുക്കാൻപോലും തയ്യാറാകുന്നില്ലെന്നുമാണ് ആക്ഷേപമുയരുന്നത്.

 

എല്ലാ രാഷ്ട്രീയ കക്ഷികളും ഇവർക്ക് കുടപിടിക്കുന്നതായും വ്യാപകമായി പരാതിയുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്തിക്കുവരെ പരാതി നൽകുകയും ഓപ്പറേഷൻ കുബേരയുടെ അദാലത്തിലുൾപ്പെടെ പ്രശ്‌നം ഉന്നയിക്കപ്പെടുകയും ചെയ്തിട്ടും നടപടി ഉണ്ടായില്ല.

പ്രധാനമായും നാലു ചിട്ടിക്കമ്പനികളാണ് ഇടപാടുകാരുടെ സ്വത്ത് പിടിച്ചെടുക്കാൻ 586 കേസുകൾ നൽകിയിട്ടുള്ളത്. പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ള ഗായത്രി ചിട്ടിക്കമ്പനി 206 കേസുകളും മനോഹരന്റെ പേരിലുള്ള ശ്രീ ഭഗവതി കമ്പനി 126 കേസുകളും ഇടപാടുകാർക്കെതിരെ നൽകിയിട്ടുണ്ട്. മേഖലക്ഷ്മി ചിട്ടിക്കമ്പനിക്കുവേണ്ടി മോഹനൻ 103 കേസുകൾ നൽകി. ബിനേഷ് കുമാർ നൽകിയിട്ടുള്ളത് 152 കേസുകളാണ്. ചിട്ടി ഇടപാടിന്റെ കാര്യം പരാമർശിക്കാതെ പണം വാങ്ങിയത് തിരിച്ചുപിടിക്കാനെന്ന മട്ടിൽ നടക്കുന്ന കേസുകളായതിനാൽ വിധി ചിട്ടിക്കമ്പനിക്കാർക്ക് അനുകൂലമായി മാറുന്ന സാഹചര്യമാണുള്ളത്.

ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷവും കമ്പനികൾക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിട്ടി പിടിക്കുന്നവർക്ക് തിരിച്ചടവിൽ ഒന്നോ രണ്ടോ തവണ വീഴ്ച വരുമ്പോൾത്തന്നെ കമ്പനികൾ കേസ് നൽകുന്ന സാഹചര്യമാണ്. പിന്നെ എന്തുവന്നാലും ഈടുനൽകിയ സ്ഥലമോ സ്ഥാപനമോ നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. നൂറുകണക്കിന് പരാതികൾ ഉണ്ടായിട്ടും പതിനാലു വർഷക്കാലത്തിനിടെ ആകെ എട്ട് കളക്ഷൻ ഏജന്റുമാർക്കെതിരെ മാത്രമായിരുന്നു പൊലീസ് നടപടി ഉണ്ടായത്.