കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നി മാറിയാണ് അപകടം ഉണ്ടായത്.

അതേസമയം, മർകസ് നോളജ് സിറ്റിയിൽ ഇന്ന് തകർന്നുവീണ കെട്ടിടത്തിന് നിർമ്മാണ അനുമതിയുണ്ടായിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. തകർന്നുവീണ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അപേക്ഷയിൽ പരിശോധന നടത്തി വരുന്നതേയുള്ളൂ. സംഭവത്തിൽ പഞ്ചായത്തിന്റേതായ അന്വേഷണം നടത്തുന്നുണ്ട്. മർകസ് നോളജ് സിറ്റിയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം അനുമതിയോടെ തന്നെയാണെന്നും മർകസ് അധികൃതർ പറഞ്ഞു. അതേസമയം നോളജ് സിറ്റിയിൽ കെട്ടിടം തകർന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ നശിപ്പിച്ചതായി പരാതിയും ഉയർന്നിട്ടുണ്ട്. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴയുടെ മൊബൈൽ ഫോണാണ് സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ് സിറ്റിയുടെ അധികൃതർ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയയെന്നാണ് ആരോപണം.

കെട്ടിടത്തിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്ന് വീണത്. അനുമതിയില്ലാതെയായിരുന്നു ഈ കെട്ടിടത്തിന്റെ നിർമ്മാണം. മർക്കസ് നോളജ് സിറ്റിയെന്ന പേരിൽ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് ആ പ്രദേശത്ത് വിഭാനം ചെയ്തിരുന്നത്. പള്ളി, ഐടി പാർക്ക് വാണിജ്യ സ്ഥാപനങ്ങൾ, സ്‌കൂൾ എന്നിങ്ങനെ വിവിധ പദ്ധതികൾക്കായുള്ള കെട്ടിടങ്ങളാണ് ഇവിടെ നിർമ്മാണത്തിലുള്ളത്.

പള്ളിയുടെ നിർമ്മാണം നേരത്തെ കഴിഞ്ഞിരുന്നു. തകർന്ന് വീണ കെട്ടിടം 'ഹിൽസിനായി' എന്ന സ്‌കൂൾ കെട്ടിടമായിരുന്നെന്നാണ് ലഭ്യമായ വിവരം. നേരത്തെ ഒരു റബർ എസ്റ്റേറ്റായിരുന്ന പ്രദേശം വെട്ടിവെളിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റബർ ഏസ്റ്റേറ്റിൽ ഇത്തരത്തിൽ വലിയൊരു നഗരം തന്നെ നിർമ്മാക്കാനായി സർക്കാറിൽ നിന്ന് വിവിധ അനുമതികൾ വാങ്ങേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു അനുമതിയും മർക്കസ് നോളജ് സിറ്റിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് പഞ്ചായത്തിലാണ് മർക്കസ് നോളജ് സിറ്റിയുടെ ഭൂമിയുള്ളത്. ചില പദ്ധതികൾക്ക് അനുമതിയുണ്ടെങ്കിൽ മറ്റ് ചിലതിനില്ലെന്നും റിപ്പോർട്ടുകളുണ്ട്. തകർന്ന് വീണ 'ഹിൽസിനായി' എന്ന പേരിലുള്ള സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പണികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാം നിലയിലെ കോൺക്രീറ്റ് നടപടികൾ നടക്കുന്നതിനിടെ, കോൺക്രീറ്റ് താങ്ങി നിർത്തിയിരുന്ന ഇരുമ്പ് തൂണുകൾ തെന്നിമാറി അപകടമുണ്ടായത്. കോൺക്രീറ്റ് പൂർണ്ണമായും താഴേക്ക് വീണു. താഴെ വീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അപകടം സംഭവിക്കുമ്പോൾ 59 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. 29 പേർ ഈ കെട്ടിടത്തിന്റെ പണിയിലേർപ്പെട്ടവരായിരുന്നു. ഇതിൽ 15 പേർ അപകടം സംഭവിക്കുമ്പോൾ കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. ഇവർക്കാണ് കൂടുതലും പരിക്കേറ്റത്. മൊത്തം 23 പേർക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റു. പരിക്കേറ്റവരിൽ കെട്ടിടനിർമ്മാണത്തിലേർപ്പെട്ടിരുന്ന സൈറ്റ് എഞ്ചിനീയറായ സ്ത്രീയും ഉണ്ടെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ഇതരസംസ്ഥാന തൊഴിലാളികളാണ്.

പൊലീസും നാട്ടുകാരും അഗ്‌നിശമനസേനയും എത്തിയാണ് പരിക്കേറ്റവരെ രക്ഷിച്ചത്. പരിക്കേറ്റവരെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലും അവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റാൻ പറ്റിയത് വലിയൊരു ദുരന്തം ഒഴിവാക്കി. ലിമോട്ടെക്‌സ് എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും തങ്ങൾ നേരിട്ടല്ല നിർമ്മാണമെന്നും തങ്ങൾ നേരിട്ടല്ല നിർമ്മാണമെന്നും നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം വ്യക്തമാക്കി. അതേസമയം നോളജ് സിറ്റിയുമായി ബന്ധപ്പെട്ട് നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു.