- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ പ്രകാശിന്റെ കയർമേളയിൽ മുഖ്യആകർഷണം നിയമവിരുദ്ധ ചൂതാട്ടം; കൈനിറയെ കാശുമായി പോയാൽ തൂങ്ങി മരിക്കാനുള്ള കയറുമായി മടങ്ങാം; പറ്റിച്ചതു കാർണിവലുകാരെന്നു മന്ത്രി; കടക്കെണിക്കിടയിൽ കയർ വകുപ്പിന്റെ ധൂർത്ത്
കോന്നി: കയർ-റവന്യൂ മന്ത്രി അടൂർ പ്രകാശ് ലക്ഷങ്ങൾ പൊടിച്ച് കോന്നി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചിരിക്കുന്ന കയർമേളയിലെ മുഖ്യ ആകർഷണം പന്നിമലർത്ത്, കിലുക്കികുത്ത്, വീൽപന്തയം, കളർബോൾ തുടങ്ങിയ ചൂതാട്ട ഇനങ്ങൾ. കൈനിറയെ കാശുമായി മേളയ്ക്ക് കയറിയാൽ എല്ലാം നഷ്ടപ്പെട്ട് തൂങ്ങിമരിക്കാനുള്ള ഒരു കയറും വാങ്ങിയിറങ്ങാമെന്നതാണ് സ്ഥിതി. ദിവസങ്ങളായി
കോന്നി: കയർ-റവന്യൂ മന്ത്രി അടൂർ പ്രകാശ് ലക്ഷങ്ങൾ പൊടിച്ച് കോന്നി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചിരിക്കുന്ന കയർമേളയിലെ മുഖ്യ ആകർഷണം പന്നിമലർത്ത്, കിലുക്കികുത്ത്, വീൽപന്തയം, കളർബോൾ തുടങ്ങിയ ചൂതാട്ട ഇനങ്ങൾ. കൈനിറയെ കാശുമായി മേളയ്ക്ക് കയറിയാൽ എല്ലാം നഷ്ടപ്പെട്ട് തൂങ്ങിമരിക്കാനുള്ള ഒരു കയറും വാങ്ങിയിറങ്ങാമെന്നതാണ് സ്ഥിതി. ദിവസങ്ങളായി കയർമേളയുടെ മറവിൽ നടന്ന ചൂതാട്ടം കോന്നിയിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകർക്ക് മദ്യസൽക്കാരം നടത്തി സംഘാടകർ മറച്ചുവച്ചു. ഒടുവിൽ ഒരു ദിനപത്രവും ചാനലും വാർത്തയുമായി രംഗത്തുവന്നതോടെ തനിക്കൊന്നും അറിയില്ലെന്നും കാർണിവലുകാർ പറ്റിച്ച പണിയാണെന്നും പറഞ്ഞ് മന്ത്രി അടൂർ പ്രകാശ് തടിയൂരി.
കയർ വികസനവും വിപണനവും ലക്ഷ്യമിട്ടാണ് കോന്നി പോലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്ത് കയർഫെയർ മന്ത്രി സംഘടിപ്പിച്ചത്. എന്തു കിട്ടിയാലും സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടു പോകണമെന്ന് വാശിയുള്ള മന്ത്രി, എപ്പോഴും ചുറ്റിപ്പറ്റി നടക്കുന്ന പരിചാരക വൃന്ദങ്ങൾക്കും പാർട്ടിക്കാർക്കും ഒരു എന്റർടെയ്ന്മെന്റ് ഒരുക്കുന്നതിനാണ് ലക്ഷങ്ങൾ പൊടിച്ച് കയർമേള സംഘടിപ്പിച്ചത്. കയറും കയറുൽപന്നങ്ങളും വിറ്റഴിക്കുന്നതിലുപരി ചലച്ചിത്ര-ടി.വി. താരങ്ങളുടെ മെഗാഷോയും കാർണിവലും നടത്തുന്നതിലായിരുന്നു സംഘാടകർക്ക് താൽപര്യം. കഴിഞ്ഞ 11 നാണ് മേള തുടങ്ങിയത്. ഇന്നു സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് വമ്പൻ താരനിശ തന്നെയാണ് സംഘടിപ്പിച്ചിരുന്നത്.
അഞ്ചുലക്ഷത്തിന് മുകളിൽ നിരക്കുള്ള കലാപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. മെട്രോ സിറ്റികളിൽ ഏതിലെങ്കിലും സംഘടിപ്പിക്കേണ്ട പരിപാടിയാണ് കോന്നി പോലെ ഒരു നാട്ടുമുക്കിൽ മന്ത്രി നടത്തിയത്. ഇവിടെയുള്ളവർക്ക് പതിനായിരങ്ങൾ വിലമതിക്കുന്ന കയർ ഉൽപന്നങ്ങൾ വാങ്ങാനുള്ള ശേഷിയില്ല എന്ന കാര്യം മന്ത്രിക്കും പരിവാരങ്ങൾക്കും അറിവുള്ളതുമാണ്. കയർമേളയേക്കാളുപരി, വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമായിരുന്നു മന്ത്രിയുടേത്.
പൊലീസ് എസ്‌കോർട്ടോടെ നടക്കുന്ന ചൂതാട്ടത്തിൽ പണം പോയതിലേറെയും നിർധനരായ തൊഴിലാളികൾ. കയർമന്ത്രി നേരിട്ടു നടത്തുന്ന പരിപാടിയായതിനാൽ ചോദിക്കാനും പറയാനും ആരുമില്ല. സകലനിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി നടക്കുന്ന ചൂതാട്ടത്തിന് മന്ത്രി നേതൃത്വം നൽകുന്നുവെന്ന് ഡിവൈഎഫ്ഐയുടെ ആരോപണം. പ്രകൃതിദത്ത നാരുൽപന്നങ്ങളുടെ പ്രദർശന വിപണനമേളയാണിതെന്നാണ് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. സ്ഥലം എംഎൽഎ കൂടിയായ വകുപ്പുമന്ത്രി അടൂർ പ്രകാശിന് ഇതിനായി അരങ്ങൊരുക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. 125- ൽപ്പരം സ്റ്റാളുകളുമായി പ്രദർശന വിപണനമേള എന്ന പേരിലാണ് പരിപാടി നടത്തുന്നത്. കയറിന് പുറമേ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. കയർ വികസനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ പൊടിച്ച് മലയോരമേഖലയിൽ ഉൽസവപ്രതീതി ജനിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാണികൾക്ക് പ്രവേശനം സൗജന്യമാക്കിയതു കൊണ്ട് സാധാരണക്കാരുടെ ഒഴുക്കാണ് ഇവിടെ. ഏറ്റവുമധികം ആളു കൂടിയത് ചൂതാട്ടകേന്ദ്രങ്ങൾക്കുമുന്നിലാണ്. ഇതിൽ പങ്കെടുക്കുന്നതിനായി പണം വാരിയെറിയണം.
അർധപട്ടിണിക്കാരനും കൂലിപ്പണിക്കാരനും വരുമാനത്തിന്റെ സിംഹഭാഗവും ഇവിടെ കൊണ്ടുവന്ന് പന്നിമലർത്തി കളയുകയായിരുന്നു. സർക്കാർ നൽകിയ സ്റ്റാളിലാണ് നിയമപ്രകാരം നിരോധനമുള്ള പന്നിമലർത്ത് അടക്കമുള്ള ചൂതാട്ടം നടക്കുന്നത്. കളി നടത്തുന്നവർക്ക് ദിവസവരുമാനം ലക്ഷങ്ങളായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. പരിപാടിയുടെ വിജയത്തിന് ആളെ കൂട്ടാൻ വേണ്ടി മന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ചൂതാട്ടം നടന്നത്. റബർതോട്ടത്തിൽ, സമയം കളയുന്നതിന് ചീട്ടുകളിക്കുന്നവരെപ്പോലും ഓടിച്ചിട്ട് പിടിക്കുന്ന പൊലീസിന് സർക്കാർ ചെലവിൽ നടക്കുന്ന ചൂതാട്ടത്തിനെതിരേ ചെറുവിരൽ അനക്കാൻ കഴിയുന്നില്ല. ചില പൊലീസുകാരും ചൂതാട്ടകേന്ദ്രത്തിന് മുന്നിൽ കാഴ്ചക്കാരായുണ്ട്.
കയർമേളയുടെ മറവിൽ വൻ ധൂർത്താണ് നടക്കുന്നത്. ഇതിന് വേണ്ടി ലക്ഷങ്ങളാണ് യാതൊരു തത്വദീക്ഷയുമില്ലാതെ പൊടിച്ചു കളയുന്നതെന്നത് പ്രത്യക്ഷത്തിൽ തന്നെ മനസിലാകും. നൂറുക്കണക്കിന് ഫ്‌ളക്‌സ ബോർഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരത്തിയത്. ഫ്‌ളക്‌സ് ബോർഡ് നിരോധിച്ച മന്ത്രിസഭയിലെ ഒരംഗമാണ് ഇതിന് നേതൃത്വം നൽകിയതെന്ന് അറിയുമ്പോഴാണ് ധൂർത്ത് എന്തു മാത്രമുണ്ടെന്ന് വ്യക്തമാകുന്നത്. സർക്കാർ പരിപാടികൾക്കൊന്നും മേലിൽ ഫ്‌ളക്‌സ് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് ബോർഡുകൾ വാരി വലിച്ച് സ്ഥാപിച്ചിരിക്കുന്നത്.
മിക്ക സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോർഡ് വെറുതെ ഇട്ടിരിക്കുകയാണ്. പുത്തൻപീടികയിലും ഓമല്ലൂരും മറ്റും വലിയ ഫ്‌ളക്‌സ് ബോർഡുകൾ ഓടയിൽ ഇട്ടിരിക്കുകയാണ്. മേള ഇന്നു തീരാനിരിക്കേ ഇന്നലെ വരെ പല സ്ഥലത്തും ഫ്‌ളക്‌സ് കൊണ്ടു വച്ചു. ഇന്നുച്ചയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മന്ത്രി കൈമലർത്തുകയായിരുന്നു. കാർണിവലുകാർക്ക് വാടകയ്ക്ക് നൽകിയ സ്ഥലത്താണ് ചൂതാട്ടം നടന്നത്. നേരത്തേ തന്നെ അത് പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ മാത്രമാണ് ഇതു ശ്രദ്ധയിൽപ്പെട്ടതെന്നും അത് അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.