യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ആരെയും എപ്പോൾ വേണമെങ്കിലും നാടു കടത്തുമെന്ന ഭീഷണിയും മുന്നറിയിപ്പും പുറപ്പെടുവിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം വിസയില്ലെങ്കിൽ എത്ര വർഷം മുമ്പ് വന്നാലും പിടിയിലാവും. അമേരിക്കൻ പൗരന്മാർക്കുള്ള പ്രൈവസി നിയമം കുടിയേറ്റക്കാർക്ക് ബാധമല്ലെന്നും ട്രംപ് തീർത്ത് പറഞ്ഞിട്ടുണ്ട്. പുതിയ നടപടിയനുസരിച്ച് ക്രിമിനൽ കുറ്റം ചെയ്യാത്തവരെയും നാട് കടത്തും.ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാൻ നിയമങ്ങൾ അതികഠിനമാക്കി ട്രംപിന്റെ ഉത്തരവിറക്കിയിരിക്കുകയാണ്.

നിയമവിരുദ്ധരായി യുഎസിലേക്ക് കുടിയേറിയവരെ നാട് കടത്താനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) അധികാരം വർധിപ്പിക്കുന്ന രണ്ട് ഉത്തരവുകളാണ് പ്രസിഡന്റ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. ഇത് ആയിരക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കുമെന്നുറപ്പാണ്. ആരെയൊക്കെയാണ് നാട് കടത്തേണ്ടതെന്ന വകതിരിവ് ഐസിഇക്ക് ഏകുന്നതാണ് ഇതിലൊരു ഉത്തരവ്. നിയമത്തെ വെട്ടിച്ച് യുഎസിലേക്ക് കുടിയേറിയ ഏതൊരാളെയും എപ്പോഴും നാട് കടത്താമെന്നാണ് ഈ മെമോയിലൂടെ ഐസിഇക്ക് ട്രംപ് കടുത്ത നിർദ്ദേശം നൽകിയിരിക്കുന്നത്. ഭാവിയിലെ കുടിയേറ്റം തടയാനും അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുമായി ജനുവരി 25ന് ട്രംപ് ഒപ്പ് വച്ചിരിക്കുന്ന രണ്ട് എക്സിക്യൂട്ടീവ് ഓർഡറുകൾ നടപ്പിലാക്കാൻ ഈ രംഗത്തെ ഏജന്റുകൾക്കുള്ള നിർദ്ദേശം നൽകുന്നതിനുള്ള മാർഗരേഖകളാണീ മെമോകൾ.

അഭ്യന്തര കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരെയും നാട് കടത്തണമെന്നാണ് ആദ്യത്തെ മെമോ നിർദേശിക്കുന്നത്. ക്രിമിനൽ കുറ്റം ചെയ്തവരെ മാത്രം നാടു കടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുൻ പ്രസിഡന്റ് ഒബാമയുടെ ഉത്തരവിന് ഊന്നൽ നൽകേണ്ടെന്നും പുതിയ ഉത്തരവിലൂടെ ട്രംപ് നിർദേശിക്കുന്നുണ്ട്. ആരെയൊക്കെ നാട് കടത്തണമെന്ന് തീരുമാനിക്കുന്നതിനുള്ള ഐസിഇയുടെ അധികാരങ്ങൾ ഈ ഉത്തരവ് വിശാലമാക്കുന്നുമുണ്ട്. കുടിയേറ്റക്കാർക്ക് യുഎസ് പ്രൈവസി നിയമങ്ങൾക്ക് കീഴിലുള്ള അവകാശങ്ങൾ ലഭ്യമാക്കേണ്ടെന്നാണ് പുതിയ തീരുമാനം.

അതിർത്തിയിൽ വച്ച് തന്നെ നിയമവിരുദ്ധമായ കുടിയേറ്റം ഇല്ലാതാക്കാൻ രണ്ടാമത്തെ മെമോയിലൂടെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന് (സിബിപി) നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ തീരുമാനമാകുന്നത് വരെ ഇവരെ തടഞ്ഞ് നിർത്തുകയാണ് സിബിപി ചെയ്യേണ്ടത്. ഈ മെമോകൾ ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ആയ ജോൺ കെല്ലി അംഗീകരിച്ചിട്ടുണ്ട്. തുടർന്ന് ഇത് വൈറ്റ് ഹൗസിന്റെ അന്തിമഅവലോകനത്തിനായി കാത്തിരിക്കുകയാണ്. ഇവ ഐസിഇക്കും സിബിപിക്കുമായി അടുത്ത ആഴ്ച റിലീസ് ചെയ്യുന്നതാണ്.

ഈ മെമോ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിതരണം ചെയ്യാനിരുന്നതായിരുന്നുവെന്നും എന്നാൽ അവസാന മിനുറ്റിൽ ഇത് റിവ്യൂ ചെയ്യാൻ വൈറ്റ്ഹൗസ് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ഒരു ഉറവിടം വിശദമാക്കുന്നത്. 2012ലെ ഒബാമയുടെ എക്സിക്യൂട്ടീവ് ആക്ഷന് പകരമായിട്ടായിരിക്കും പുതിയ നിർദേശങ്ങൾ നിലവിൽ വരുന്നത്. തങ്ങളുടെ മാതാപിതാക്കളാൽ യുഎസിൽ അനധികൃതമായി എത്തിപ്പെട്ട ഏഴുലക്ഷത്തിലധികം പേരെ സംരക്ഷിക്കുന്ന നീക്കമായിരുന്നു അന്ന് ഒബാമ നടത്തിയിരുന്നത്. എന്നാൽ ട്രംപിന്റെ പുതിയ നീക്കം ഇവർക്കെല്ലാം ഭീഷണിയാകുമോയെന്ന ആശങ്ക ശക്തമാണ്.