ന്യൂഡൽഹി:കള്ളപ്പണം തുടച്ചു നീക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കേന്ദ്രസർക്കാർ ആ വഴിക്കെന്ത് ചെയ്തുവെന്നാണോ ചോദ്യം. ഉത്തരം റെഡി. നോട്ടസാധുവാക്കലിന് ശേഷം ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പിടിച്ചെടുത്തത് 900 കോടിയുടെ കള്ളപ്പണമെന്ന് വെളിപ്പെടുത്തൽ. ഇതിന് പുറമേ 7961 കോടിയുടെ അനധികൃത സമ്പാദ്യവും കണ്ടെത്തി. കഴിഞ്ഞ നവംബർ മുതൽ ഈ മാർച്ച് വരെ 900 ത്തോളം റെയ്ഡുകളാണ് ആദായ നികുതി വകുപ്പ് നടത്തിയത്.

ഇതിനെല്ലാം പുറമേയാണ് അനധികൃത സമ്പാദ്യം കണ്ടെത്താൻ 8239 സർവേകൾ നടത്തിയത്. ജൂൺ അവസാനം വരെ മാത്രം 103 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ജനുവരിയിൽ തുടക്കമിട്ട ഓപ്പറേഷൻ ക്ലീൻ മണി വഴി 18 ലക്ഷത്തോളം പേരുടെ പണമിടപാടുകൾ സുതാര്യമല്ലെന്നും കണ്ടെത്തി.

അതേസമയം,പണമിടപാടുകൾ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള പാൻ കാർഡുകളിലും തിരിമറി ഏറുകയാണ്. 11.44 ലക്ഷം പാൻ കാർഡുകളാണ് ഇരട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. ഇത്രയൊക്കെ ചെയ്തിട്ടും കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ വിമർശനങ്ങളിൽ കഴമ്പില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ മറുപടി.