കൊച്ചി: കൊച്ചിയിൽ ഉച്ച സമയത്ത് വിശന്ന് പൊരിഞ്ഞ് ഹോട്ടലിൽ ഊണ് കഴിക്കാൻ കയറുന്ന ഒരു യാത്രക്കാരൻ. ഊണിന് ഓർഡർ ചെയ്യാൻ വേണ്ടി ഇരുന്നപ്പോഴാണ് വില വിവര പട്ടിക കണ്ടത്.

വെജിറ്റേറിയൻ ഊണിന് അഥവാ സാമ്പാറും ചോറിനും 70 രൂപ, മീൻ കറി ( സ്‌പെഷലല്ല) കൂട്ടി ചോറിന് 100 രൂപ.

ഞെട്ടി അടുത്ത ഹോട്ടലിൽ കയറി. കുറെ കൂടി നിലവാരം ഇല്ലാത്ത ഹോട്ടൽ, കഴുകുന്നതും വിളമ്പുന്നതും എല്ലാം അടുത്തടുത്ത്. ആരോഗ്യ വിഭാഗം കയറിയാൽ ഉടൻ അടച്ചു പൂട്ടാൻ സാദ്ധ്യതയുള്ള ഹോട്ടലെന്നു പറയാവുന്ന തട്ടുകട.

അവിടത്തെ സാമ്പാർ ചോറിന് 80 രൂപ. മീൻ കറി ഊണിന് 100 രൂപ. നോക്കിയപ്പോൾ കൊച്ചിയിൽ എല്ലാം ഹോട്ടലിലും ഇതു തന്നെ സ്ഥിതി.

കേരളത്തിലെ ത്യശൂർ മുതൽ തെക്കോട്ടുള്ള നഗരങ്ങളിൽ ഇതാണ് സ്ഥിതി. ത്യശൂരിൽ ഒന്നിനും ഒരു നിശ്ചയവുമില്ല. എല്ലാം തോന്നിയ പോലെ. ഒരേ ഇനത്തിന് പലവില. മലബാർ മേഖലകളിൽ കോഴിക്കോട് പോലുള്ള നഗരങ്ങളിൽ ത്യശൂരിലെ വിലക്ക് രണ്ട് ഊണും മീൻ കറിയും ലഭിക്കും. രണ്ടിടത്തും മീനിനും പച്ചക്കറിക്കും അരിക്കും വലിയ വില വ്യത്യാസമില്ല. കേരളത്തിൽ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, അരി മുതലായവക്ക് വില ഏകീകരണം നടപ്പിലാകാതെ ഹോട്ടലുകളിൽ കൊള്ളയടി നിയന്ത്രിക്കാൻ സർക്കാർ കൊണ്ടു വരുന്ന കേരള ഹോട്ടൽസ് (ഭക്ഷണ വിലക്രമീകരണം) നിയമം നടപ്പിലാകുമോയെന്ന് ആശങ്ക, ബിൽ പാസ്സായാലും അത് ഏട്ടിലെ പശുവായി തന്നെ തുടരും.

ബില്ലിനെതിരെ സമരം സംഘടിപ്പിക്കാനും നടപ്പിലാക്കുന്നത് തടയാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽസ് ആൻഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷനും രംഗത്തെത്തി കഴിഞ്ഞു. നടപ്പിലാകാത്ത ഒട്ടവനധി നിയമങ്ങളുടെ കൂട്ടത്തിലേക്ക് പേരിന് ഒരു ബിൽ കൂടി കൊണ്ടു വരികയാണെന്നാണ് ഇവരുടെ പക്ഷം.

കേരളത്തിൽ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, അരി മുതലായവക്ക് വില ഏകീകരണം നടപ്പിലാകാതെ ഹോട്ടലുകളിലെ ഭക്ഷണ വിലക്രമീകരണം നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ഹോട്ടലുകാർ പറയുന്നു.കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വില ഏകീകരിക്കാനുള്ള കേരള ഹോട്ടൽസ് ബില്ലിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഭക്ഷണ വില ക്രമീകരണ അഥോറിറ്റി രൂപീകരിക്കുകയാണ് ബില്ലിലെ വ്യവസ്ഥ.

ഹോട്ടലുകളിലെ രജിസ്‌ട്രേഷൻ ആഹാര പദാർത്ഥങ്ങളുടെ വില നിയന്ത്രണം തുടങ്ങിയവ അഥോറിറ്റിയുടെ ചുമതലിൽപെടും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയർമാൻ. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആറ് അനൗദോഗിക അംഗങ്ങൾ ഉൾപ്പെടുന്നതാണ് അഥോറിറ്റി.

അഥോറിറ്റി അംഗീകരിച്ച് പുറത്തിറക്കുന്ന വില വിവര പട്ടിക അനുസരിച്ച് മാത്രമേ ഹോട്ടലുകൾക്ക് ഭക്ഷണം വിൽക്കാൻ കഴിയു. ഹോട്ടൽ ഉടമകൾക്ക് ഭക്ഷണപദാർത്ഥങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ അഥോറിറ്റിക്ക് മുൻകൂർ അപേക്ഷ നൽകേണ്ടതും ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കുന്ന വിധത്തിലാണ് ക്രമീകരണം. നിയമ ലംഘനം നടത്തുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും. രജിസ്ട്രർ ചെയ്യാതെ നടത്തുന്നതും അമിത വില ഈടാക്കുന്നതുമായ ഹോട്ടലുകൾക്ക് 5000 രൂപ പിഴയിടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അഥോറിറ്റിയുടെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല.

എന്നാൽ ആവശ്യം വന്നാൽ ഹോട്ടൽ ഉടമകൾക്ക് സംസ്ഥാന ഫുഡ് കമ്മീഷനിൽ അപ്പീൽ നൽകാം. കമ്മീഷന്റെ തീരുമാനം പ്രതികൂലമായാൽ ഉടമകൾക്ക് സർക്കാറിന് അപ്പീൽ നൽകാനും കഴിയും. ബേക്കറികൾ, തട്ടുകടകൾ, ഫാസ്റ്റ് ഫുഡ് സെന്ററുകൾ എന്നിവയും ഹോട്ടലുകളുടെ പരിധിയിൽ വരും. സ്റ്റാർ ഹോട്ടലുകളും ടെറിറ്റേജ് വിഭാഗങ്ങളും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയോ, കമ്പനികളുടേയോ ജീവനക്കാർക്കു വേണ്ടി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഹോട്ടലുകളും പരിധിയിൽ വരില്ല.