- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൽക്കാലിക ജീവനക്കാരടക്കം 75 പേരുടേത് അനധികൃത നിയമനം; സിപിഐ നേതാവ് ഭാസുരാംഗന്റെ മൂന്ന് ബന്ധുക്കളെ ജീവനക്കാരാക്കി; പ്രൊമോഷനും സ്ഥിരപ്പെടുത്തലും മാനദണ്ഡങ്ങൾ പാലിക്കാതെ; കണ്ടല സഹകരണ ബാങ്കിൽ അടിമുടി ക്രമക്കേട്; അഴിമതികൾ അക്കമിട്ടു നിരത്തി റിപ്പോർട്ട്
തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തിൽ നൂറ് കോടിയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന നിയമനങ്ങളിലും വ്യാപക ക്രമക്കേട്. താൽക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി ബാങ്കിന്റെ പ്രസിഡന്റായി തുടരുന്ന സിപിഐ നേതാവ് ഭാസുരാംഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ കഴിഞ്ഞ 15 വർഷത്തിനിടെ 22 കോടി രൂപ വിനിയോഗിച്ചതായാണ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
സഹകരണ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ അനധികൃത നിയമനങ്ങൾ, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കൽ, ബാങ്കിന്റെ ക്ലാസിഫിക്കേഷൻ യോഗ്യത സംബന്ധിച്ച് തിരിമറി, മുൻകൂർ അനുമതിയില്ലാതെ അനധികൃത നിർമ്മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയിൽ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നൽകിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കി എന്നിങ്ങനെ അഴിമതികൾ അക്കമിട്ടു നിരത്തി 92 പേജിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
സിപിഐ നേതാവായ ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്.
കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു.
ഇതിനിടയിൽ പ്രസിഡണ്ട് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിന്റെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തതുകൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.
വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്തുകൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പള ഇനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പും നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവരെ കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടിയിരുന്നു. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയ മൂന്ന് കൂലിപ്പണിക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം ബാങ്കിലെ വായ്പകളിൽ 37 കോടി രൂപയുടേത് അനധികൃതമോ കൃത്രിമമോ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.
മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്. പത്തുമുതൽ 20 പേർ വരെയുള്ള സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയം.
ജീവിത്തിൽ ഇന്നേവരെ ലോൺ എടുക്കാത്ത ആളുമുണ്ട് ഈ കുട്ടത്തിൽ. നൂറുകണക്കിന് പേർക്കാണ് തോന്നുംപോലെ കണ്ടല ബാങ്കിൽ നിന്ന് വായ്പ നൽകിയത്. കണ്ടല ബാങ്കിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇങ്ങനെ പറയുന്നു. ബാങ്ക് ആകെ 102 കോടി രൂപയുടെ വായ്പ നൽകി. ഇതിൽ 37 കോടി രൂപ തികച്ചും അനധികൃതവും നിയമവിരുദ്ധവും ആണ്.
അനധികൃത വായ്പകൾ ബാങ്ക് നിയമാവലിക്ക് വിരുദ്ധമായും സഹകരണ ചട്ടവും നിയമവും സഹകരണ രജിസ്ട്രാറുടെ സർക്കുലറുകളും ലംഘിച്ചാണെന്നും കാണുന്നു. അനധികൃതമായി നൽകിയ വായ്പകളിൽ പലതും തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതൃത്വം നടത്തിയ നൂറുകോടി തട്ടിപ്പിനെ വെല്ലുന്നതാണിതെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എസ് ജയചന്ദ്രൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജനുവരി 22 ന് സഹകരണ വകുപ്പിന് സമർപ്പിച്ചെങ്കിലും ഇടതുപക്ഷ നേതാവ് എൻ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സർക്കാർ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുത്തിരുന്നില്ല.
മാറനല്ലൂർ ക്ഷീരവ്യവസായ സംഘത്തിന് നിയമാവലിക്കും ചട്ടത്തിനും വിരുദ്ധമായി വൻതുക ക്രമരഹിതമായി വായ്പ നൽകി. ഈ വായ്പ വർഷങ്ങളായി കുടിശികയാക്കി ഭീമമായ നഷ്ടമാണ് വരുത്തിയത്.
വ്യവസ്ഥകൾ പാലിക്കാതെ എംഡിഎസ് നടത്തി കോടിക്കണക്കിന് രൂപ നിക്ഷേപ ചോർച്ചയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. ബാങ്കിൽ കമ്പ്യൂട്ടർവത്ക്കരണം നടത്തിയും ഭരണസമിതി അഴിമതി നടത്തി. വ്യവസ്ഥ ലംഘിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുകയും ഇടക്ക് പരാതി ഉയർന്നപ്പോൾ വിൽക്കുകയും ഇപ്പോൾ 23 ലക്ഷത്തിന്റെ വാഹനം വാങ്ങുകയും ചെയ്തു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും മറ്റും ഉപകരണങ്ങൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്.
വായ്പക്കാരിൽ നിന്ന് അനധികൃതമായി കെട്ടിട ഫണ്ട് ഈടാക്കി. ഓഡിറ്റ് പൂർത്തീകരണത്തിന് ആവശ്യമായ രേഖകൾ നൽകാതെ സഹകരണ നിയമത്തിലെ ചട്ടം ലംഘിച്ചെന്നും ഇതെല്ലാം ഗുരുതരമായ കുറ്റകൃത്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറുകൾ ധിക്കരിച്ച് 22.22 കോടി രൂപ ധൂർത്തടിച്ച് ബാങ്കിന് നഷ്ടമുണ്ടാക്കി. അത് ഭരണസമിതയുടെ വീഴ്ചയാണെന്നും ബാങ്കിനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ