മലപ്പുറം: ഇന്റർനാഷണൽ കാളുകൾ റൂട്ടർ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കൽ കാളുകളാക്കി മാറ്റി ഹോട്ടൽ തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 31കാരൻ പിടിയിൽ. ഉപകരണങ്ങളും പിടിച്ചെടുത്തു. മലപ്പുറംജില്ലയിലും പുറത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മഞ്ചേരി പൂക്കുളത്തൂർ പുറക്കാട് സ്വദേശി തയ്യിൽ ഹുസൈൻ (31) നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിൽ ടൗണുകൾ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചെഞ്ചുകൾ പ്രവർത്തിക്കുന്നതായി ജില്ലാപൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കൊളത്തൂർ സിഐ. സുനിൽ പുളിക്കൽ , എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊളത്തൂർ കുറുപ്പത്താൽ ടൗണിന് സമീപം വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന സമാന്തര ടെലിഫോൺ എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യിൽ ഹുസൈൻ നേയും പുലർച്ചെയോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയെ പൊലീസ് കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്തതിൽ ഹോട്ടൽ തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പൊലീസിനോട് സമ്മതിച്ചു. ഇന്റർനാഷണൽ കാളുകൾ റൂട്ടർ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കൽ കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങൾ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇതിന് സഹായിക്കുന്ന സിംകാർഡുകൾ, റൂട്ടർ ഡിവൈസുകൾ, എന്നിവയും ഇൻവെർട്ടർ സിസ്റ്റവുമുൾപ്പടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഇത്തരത്തിൽ നിയമലംഘനം നടത്തി ഇന്റർനാഷണൽ കാളുകൾ ഡൈവേർട്ട് ചെയ്ത് നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം.ബിജു, സിഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ. ടി.കെ.ഹരിദാസ്,വനിതാ എഎസ്ഐ.ജ്യോതി,

ടരുീ ബൈജുകുര്യാക്കോസ്,വിനോദ് ,ഷിബു,സുബ്രഹ്മണ്യൻ,സുകുമാരൻ,സൈബർസെൽ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ് ,വൈശാഖ്,എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു.