തിരുവനന്തപുരം: കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റു എന്ന നിലയിൽ മെഡിക്കൽ കോളജിൽ എത്തിച്ച ആൾ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. വള്ളക്കടവ് ദേവീ വില്ലയിൽ ബിജുവിശ്വനാഥൻ( 38) വീണു പരിക്കേറ്റതല്ല, തല്ലിക്കൊന്നതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. അവിഹിത ബന്ധം തെളിഞ്ഞതിനെ തുടർന്നു നടത്തിയ കൊലപാതകമാണെന്നും പൊലീസ് പറയുന്നു. കാമുകിയുടെ ഭർത്താവിനേയും നാലു കൂട്ടാളികളേയും പൊലീസ് അറസ്്‌ററു ചെയ്തു.

സെപ്‌റ്്റംബർ 24 ന് രാവിലെയാണ് ബിജുവിനെ അജ്ഞാതർ മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബിജു പത്തരയോടെ മരണപ്പെട്ടു. സംഭവത്തിലെ അസ്വാഭവികതയാണ് അന്വേഷണത്തിന് ഇടയാക്കിയത്. മലയിൻകീഴ് സർക്കിൾ പരിധിയിൽപ്പെട്ട വെള്ളൈക്കടവ് മാത്തവിള പുത്തൻവീട്ടിൽ മനു(28) , പുളിയറക്കോണം അച്ചത്ത് വീട്ടിൽ അൻസാരി ( 30), വെള്ളൈക്കടവ് മാത്തവിളയിൽ ഞാഞൂൽ ബിജു വിളിക്കുന്ന ബിജു( 40), വിതുര ആനപ്പാറ ചെറുമണലി ഭഗവതിക്കോണം സ്വദേശി അപ്പുക്കുട്ടൻ കാണി ( 35) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

കൊച്ചുവേളിയിൽ വാടകയ്ക്ക് താമസിക്കുന്ന മനുവാണ് ഒന്നാം പ്രതി. സുഹൃത്തും തന്റെ ഓട്ടോയുടെ ഉടമയുമായ വെള്ളക്കടവ് സ്വദേശി ബിജുവിശ്വനാഥന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ മനു കൂട്ടുകാരും ഗുണ്ടകളുമായ ബിജു, അൻസാരി, ഭരത്കുമാർ എന്നിവരോട് സഹായം ആവശ്യപ്പെടുകയും പദ്ധതി തയാറാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തുടർന്ന് വേളിയിലുള്ള മനുവിന്റെ വീട്ടിൽ ഭാര്യയോടൊപ്പം ബിജു ഉണ്ടെന്നറിഞ്ഞ് സംഘം അർധരാത്രിയോടെ വീട്ടിലെത്തി ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി വട്ടിയൂർക്കാവ് അരുവിപ്പുറം ആറ്റിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പാറക്കെട്ടിൽ കൊണ്ടുപോയി കാലുകളും കൈകളും തല്ലിയൊടിച്ച് ശരീരത്തിന് പിൻഭാഗത്ത് ഇരുമ്പ് ദണ്ഡ് കൊണ്ട് ഉരുട്ടിയും മൃതപ്രായനാക്കി.

ഈ സമയമത്രയും മനു തന്റെ ഭാര്യയെ ഇടയ്ക്കിടയ്ക്ക് വിളിച്ച് നിന്റെ കാമുകനെ ഞാൻ തല്ലികൊന്നു എന്ന് ഫോണിലൂടെ അറിയിച്ചതായും പൊലീസിന് തെളിവുകൾ ലഭിച്ചു. പുലർച്ചെ ഏഴോടെ മരണാസന്നനായ ബിജുവിനെ കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി എന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ എത്തിക്കാനും ഏർപ്പാട് ചെയ്തു പ്രതികൾ ഒളിവിൽപ്പോയി.

തുടർന്ന് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇവർ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ വിതുര മണലി വനമേഖലയിൽ താമസിക്കുന്ന മുരുകൻ എന്ന വിളിക്കുന്ന രതീഷിന്റെ വീട്ടിലും വനത്തിലുമായിട്ടാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്.


രക്ഷപെടാനായി ഇവർ ഉപയോഗിച്ച വാഹനവും വനത്തിൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ എസ്‌പി അശോക് കുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്‌പി അനിൽകുമാർ, ഷാഡോ പൊലീസ് ഡിവൈഎസ്‌പി പി.അശോകൻ, മലയിൻകീഴ് സിഐ ജയകുമാർ, വിളപ്പിൽശാല എസ്‌ഐ കണ്ണൻ എഎസ്‌ഐ ജയൻ, ഷിബു, പൊലീസുകാരായ സുനി, ലാൽ, സുനിൽ, നെവിൽരാജ്, ഷജീം ഗോപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.