- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ വളർച്ച ഏതാണ്ട് പൂർണമായും നിലച്ചു കഴിഞ്ഞുവോ? മൂന്നാം തവണയും വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്; ലോകം നേരിടുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയെ
ജനീവ: ആഗോള സമ്പദ്‌വ്യവസ്ഥ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി ഒരുവർഷത്തിനിടെ മൂന്നാം തവണയും വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ യുടെ വളർച്ചാ നിരക്ക് ഇക്കൊല്ലം വെറും 3.4 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ നിരീക്ഷണം. നേരത്തെ പ്രതീക്ഷിച്ചിരുന്ന
ജനീവ: ആഗോള സമ്പദ്‌വ്യവസ്ഥ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി ഒരുവർഷത്തിനിടെ മൂന്നാം തവണയും വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ യുടെ വളർച്ചാ നിരക്ക് ഇക്കൊല്ലം വെറും 3.4 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ നിരീക്ഷണം. നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും 0.2 ശതമാനം കുറവാണിത്.
ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ആഗോള തലത്തിൽ ബാധിച്ചുതുടങ്ങിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും മോശം നിലയിലാണ് ചൈന. മറ്റൊരു സാമ്പത്തിക മാന്ദ്യമുണ്ടായേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ വിപണിയിൽനിന്ന് അകന്നുനിൽക്കുകയാണ്. ചൈനയുടെ ജിഡിപി 6.9 ശതമാനത്തിൽ നിൽക്കുകയാണിപ്പോൾ. വർഷങ്ങളായി ഇരട്ടയക്കത്തിൽനിന്ന് ജിഡിപി താഴേയ്ക്ക് പോയത് ചൈനയുടെ സാമ്പത്തിക വളർച്ച നിലച്ചുവെന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. ഈ തകർച്ച ലോകത്തെമ്പാടുമുള്ള ഓഹരി വിപണിയിൽ കടുത്ത ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചൈനയിലെ വളർച്ചാ മുരടിപ്പ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായി മാറുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കുറഞ്ഞ വിലയ്ക്ക് ചൈന കയറ്റുമതി ചെയ്യുന്ന ഉൽപ്പനങ്ങൾക്ക് കൂടുതൽ വില കുറയ്്കാൻ രാജ്യം ഇതോടെ നിർബന്ധിതരാകും. വിലകുറച്ച് കയറ്റുമതി കൂട്ടുമ്പോൾ, ലോകത്തെ വൻകിട സ്ഥാപനങ്ങൾ നിലനിൽപ്പ് ഭീഷണി നേരിടുമെന്നും ഓഹരി വിപണിയെ ഇത് തകർക്കുമെന്നുമുള്ള ആശങ്ക ശക്തമാണ്. ചൈനയിലെ സാമ്പത്തിക നില മെച്ചപ്പെടുമെന്നതിന്റെ സൂചനയൊന്നും കാണുന്നില്ലെന്ന് ഐ.എം.എഫിന്റെ ഇക്കണോമിക് കൗൺസലർ മൗറിസ് ഒബ്‌സ്റ്റ്‌ഫെൽഡ് പറഞ്ഞു. സ്ഥിതിഗതികൾ ആറുമാസം മുമ്പ് കണ്ടതിൽനിന്ന് ഒട്ടും മെച്ചമല്ല. ആഗോള സമ്പദ്‌വ്യവസ്ഥയെ താങ്ങുനിർത്തുന്നതിനാവശ്യമായ കരുതൽ നടപടികളെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യം തുടരുമെങ്കിലും ഇന്ത്യ വളർച്ച നിലനിർത്തുമെന്ന് ഐഎംഎഫ് പറയുന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 7.3% വളർച്ച നേടും. അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനവും. ഈ വർഷം ആഗോള സാമ്പത്തിക വളർച്ച 3.4 ശതമാനമാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ചൈന വളർച്ചയിൽ പിന്നാക്കം പോകും. 6.3% വളർച്ചയാകും നേടുക. അതേ വർഷം ആറു ശതമാനവും. അതേസമയം, ഇന്ത്യ മുന്നേറ്റം കാഴ്ചവയ്ക്കും. ആഗോളതലത്തിൽ സാമ്പത്തിക രംഗത്തെ വളർച്ച സാവധാനത്തിലുള്ളതായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു. എന്നാൽ എണ്ണ വിലയിലെ ഇടിവ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം 1.2% വളർച്ചയാകും കൈവരിക്കുകയെന്ന് ഐഎംഎഫ് പറയുന്നു. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാകും ഇത്. അന്നു വളർച്ച 2.1 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 3.4% വളർച്ച നേടിയിരുന്നു.
25 വർഷത്തിനിടെ ആദ്യമായി ചൈന സാമ്പത്തിക വളർച്ചയിൽ പിന്നാക്കം പോയി എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ വർഷം കൈവരിച്ചത് 6.9% വളർച്ച മാത്രം. ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എൻബിഎസ്) പുറത്തിറക്കിയ കണക്കുപ്രകാരം നാലാം പാദത്തിൽ നേടിയത് 6.8% വളർച്ചയാണ്. ടിയനന്മെൻ ചത്വരത്തിൽ 1989 ൽ ജനാധിപത്യ പ്രക്ഷോഭകരെ സൈന്യം കൂട്ടക്കൊല നടത്തിയതിനെത്തുടർന്ന് 1990 ൽ സാമ്പത്തിക വളർച്ച 3.8 ശതമാനമായി കുറഞ്ഞിരുന്നു. ഇതിനു ശേഷം ചൈന കൈവരിക്കുന്ന ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. 2015 ൽ ഏഴു ശതമാനം വളർച്ച നേടാനാകുമെന്നാണ് ചൈന കണക്കാക്കിയിരുന്നത്. 6.8 ശതമാനത്തിൽ താഴെ എത്തിയാൽ സാമ്പത്തിക ഉത്തേജക പദ്ധതി നടപ്പാക്കാൻ ചൈന നിർബന്ധിതമാകുമെന്നു വിദഗ്ദ്ധർ പറയുന്നു
എന്നാൽ ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ചൈന. കഴിഞ്ഞ വർഷം ചൈനീസ് ഓഹരി വിപണിയിൽ കനത്ത നഷ്ടമാണുണ്ടായത്. രണ്ടു കോടി നിക്ഷേപകർ ഇതിന്റെ ബാധ്യത നേരിടുകയും ചെയ്തു. 320000 കോടി ഡോളറിന്റെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. 10 വർഷം മികച്ച വളർച്ച കൈവരിച്ച ചൈന, കഴിഞ്ഞ രണ്ടു വർഷമായി മാന്ദ്യത്തെ നേരിടുകയായിരുന്നു. ചൈനയുടെ കറനൻസിയായ യുവാന്റെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നു. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ സേവന മേഖലയുടെ വിഹിതം 50.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഉൽപാദന രംഗം പിന്നാക്കം പോയതിന്റെ സൂചനയായും ഇതിനെ കാണുന്നുണ്ട്.
വ്യവസായ വളർച്ച 6.1 ശതമാനമായി താഴ്ന്നു. 2014 ൽ ഇത് 8.3 ശതമാനമായിരുന്നു. എന്നാൽ ചൈന കൈവരിച്ച മോശം സാമ്പത്തിക വളർച്ച ആഗോള ഓഹരി വിപണികളെ കാര്യമായി സ്വാധീനിച്ചില്ല. പ്രതീക്ഷിച്ച വളർച്ചയാണ് ചൈന നേടിയതെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്. യൂറോപ്യൻ, ഏഷ്യൻ വിപണികൾ നേട്ടമുണ്ടാക്കി. ഫ്രാൻസ് സിഎസി 40 2.1%, ബ്രിട്ടൻ എഫ്ടിഎസ്ഇ 100 1.5% ഉയർന്നു. ചൈനീസ് ഷാങ്ഹായ് കോംപൊസിറ്റ് 3.2 ശതമാനം വളർച്ച നേടി. ഹോങ്കോങ് ഹാങ്‌സങ് 2.1% കൂടി. നേട്ടമുണ്ടാക്കിയ മറ്റൊരു വിപണി ജപ്പാനാണ്. നിക്കെയ് 0.6% ഉയർന്നു. ഇന്ത്യൻ വിപണിയും തിരിച്ചുവരവ് നടത്തി. സെൻസെക്‌സ് 291.47 പോയിന്റ് കൂടി 24,479.84 ൽ എത്തി. നിഫ്റ്റി 84.10 പോയിന്റ് ഉയർന്ന് 7435.10 ൽ അവസാനിച്ചു.