തിരുവനന്തപുരം: അവിശുദ്ധ പ്രണയബന്ധങ്ങൾ കുടുംബം തകർത്ത നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഏതാണ്ട ഒന്നര വർഷം മുമ്പ് അഞ്ചംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ഭാര്യ കാമുകനൊപ്പം ഒളിച്ചോടുകയും മക്കളെയും ഭർത്താവിനെയും കോടതിയിൽ തള്ളിപ്പറയുകയും ചെയ്തതോടെ ഹൃദയം തകർന്നാണ് മണ്ണന്തല സ്വദേശിയായ രാജേഷ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഈ സംഭവത്തിൽ രണ്ട് കുരുന്നു മക്കളുടെ ജീവനാണ് അന്ന് നഷ്ടമായത്. ഈ ദുരന്തത്തിന്റെ ആഘാതത്തിന്റെ തുടർച്ചയെന്നോണം ഇന്നലെ രാജേഷും തൂങ്ങി മരിച്ചതോടെ ഒരു അവിശുദ്ധ പ്രണയം കുടുംബത്തെ പൂർണമായും തകർക്കുന്ന ദുരന്തമായി മാറുകയായിരുന്നു.

ഒന്നര വർഷം മുൻപാണ് മക്കൾക്കു വിഷം കൊടുത്തു കൊന്നശേഷം രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് പരാജയപ്പെട്ട രാജേഷ് കഴിഞ്ഞ ദിവസം മരണത്തെ പുൽക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിൽ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ അന്ന് കേരളത്തെ നടുക്കിരുന്നു. നാലാഞ്ചിറ കുരിശടി ലൈനിൽ സോപാനത്തിൽ രാജേഷിന്റെ മക്കളായ വിഘ്‌നേശ്വരൻ (6 ) ശിവാനി (4 ) എന്നിവരെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിരുന്നു. രാജേഷ് (35 ) 'അമ്മ ശ്രീകുമാരി (55 ) മൂത്ത മകൻ മഹേശ്വരൻ (10 ) എന്നിവർ രക്ഷപ്പെട്ടിരുന്നു.

വീട് അകത്തുനിന്നു പൂട്ടിട്ടിരുന്നതിനാൽ കതകു തള്ളിത്തുറന്നാണ് ബന്ധുക്കൾ അകത്തേക്കു കടന്നത്. .ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചിരുന്നെങ്കിലും രണ്ടു കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ ഭാര്യ ദേവിക്കു ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയായ പേരൂർക്കട ഇന്ദിരാനഗർ സ്വദേശിയായ സഞ്ജു ദാസിനെ കുറിച്ചും ഈ ബന്ധത്തിന് സഹായം ചെയ്ത വ്യക്തികളെ കുറിച്ചും പരാമർശിച്ചിരുന്നു. ഈ അവിശുദ്ധ ബന്ധമാണ് ഇപ്പോൾ മൂന്ന് ജീവനുകൾ നഷ്ടമാക്കിയ ദുരന്തത്തിൽ എത്തിച്ചിരുന്നത്.

ഒരു കെട്ടിട നിർമ്മാണ കമ്പനിലെ ജീവനക്കാരിയായിരുന്നു രാജേഷിന്റെ ഭാര്യ ദേവി. ഒന്നര വർഷം മുമ്പാണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന വിവരം രാജേഷ് അറിയുന്നത്. മെയ് 21 പുലർച്ചെ ഇവരെ കാണാതാവുകയും കാറിൽ കയറിപ്പോകുന്നത് കണ്ടെന്നും രാജേഷ് പൊലീസിൽ പരാതി നല്കിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവിനെയും മക്കളെയും തള്ളിപ്പറയുകയായിരുന്നു ദേവി.

കോടതിൽ ഭർത്താവിൽ നിന്ന് വലിയ മാനസിക പീഡനം നേരിടേണ്ടി വരുന്നെന്നും അതിനാൽ കാമുകനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്നു ദേവി കോടതിയെ അറിച്ചത്. തുടർന്ന് കാമുകനൊപ്പം പോകാൻ ദേവിക്കു കോടതി അനുമതി നൽകുകയും ചെയ്തു. കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയിൽ വേദനിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തു ഒരുമിച്ചു ജീവിക്കാൻ രാജേഷ് തയ്യാറായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഭാര്യയുടെ കോടതിലുള്ള വെളിപ്പെടുത്തലിൽ രാജേഷ് തകർന്നു. സ്വകാര്യ ഹൗസിങ് ഫിനാൻസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന രാജേഷ് ഇതിനുശേഷം കുറച്ചു ദിവസങ്ങളായി ജോലിക്കു പോകാറില്ലായിരുന്നു .രാജേഷ് മുഴുവൻ സമയം മക്കളോടൊപ്പമായിരുന്നു സമയം ചെലവഴിച്ചിരുന്നത്.

മക്കളെ കൊലപ്പെടുത്തിയ കേസിൽപ്പെട്ട് ജയിലിലായ രാജേഷിന്റെ അഭാവത്തിൽ ദേവി വിവാഹമോചനം നേടിയെടുക്കുകയും തൃശൂരിൽ കാമുകനോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. സഞ്ചുദാസ് ആരംഭിച്ച തൃശ്ശൂരിലെ പുതിയ കെട്ടിട നിർമ്മാണ കമ്പനിയിൽ ദേവി ഇപ്പോൾ ജോലിചെയ്ത് വരുന്നു. ഈ സംഭവത്തിന് ശേഷം മകനേയും ആവശ്യപ്പെട്ട് ദേവി കോടതിയെ സമീപിച്ചതാണ് രാജേഷിന്റെ ഇപ്പോഴത്തെ ആത്മഹത്യക്കുള്ള കാരണമായത്.

നേരത്തെ രണ്ട് കുട്ടികൾ മരിച്ചതോടെ കേസ് പേരൂർക്കട പൊലീസ് അന്വേഷിച്ചിരുന്നു. സിഐ സുരേഷ് കേസന്വേഷിക്കുകയും, രാജേഷ്, സഞ്ചുദാസ്, ദേവി, ദേവിയുടെ സഹപ്രവർത്തകരായ ചിലരെയും കൺസ്ട്രക്ഷൻ കമ്പനി എം.ഡിയെയും ചേർത്ത് എഫ്.ഐ.ആർ എടുക്കുകയും ചെയ്തു. ഉന്നതതല ഇടപെടലുകളെത്തുടർന്ന് കമ്പനി എം.ഡി.യെ തുടരന്വേഷണത്തിൽ കേസിൽ നിന്നൊഴിവാക്കിയയെന്ന ആരോപണവും ഉയർന്നു. ഈ സംഭവത്തിൽ കുറ്റപത്രം ഇനിയും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് രാജേഷ് ജീവനൊടുക്കിയിരിക്കുന്നത്.

രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പഴയ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യമാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. ഉണ്ടെന്നു തന്നെയാണ് രാജേഷിന്റെ വീട്ടുകാർ പറയുന്നതും. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണം വേണോ എന്ന കാര്യം പൊലീസ് തീരുമാനിക്കും. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഇതിനകം തയ്യാറാക്കിയ കുറ്റപത്രത്തിൽ നിന്ന് ആത്മഹത്യ ചെയ്ത രാജേഷിനെ ഒഴിവാക്കി സഞ്ചുദാസിനെയും, ദേവിയെയും പ്രതിചേർത്ത് ഉടൻ കോടതിയിൽ കുറ്റപത്രം നല്കും. രാജേഷിന്റെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായാൽ രാജേഷിന്റെ മരണത്തിൽ വീണ്ടും സമഗ്രമായ അന്വേഷണമുണ്ടാകും.