കോട്ടയം: ജലന്തർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തുന്ന കാര്യത്തിൽ തീരുമാനം മറ്റെന്നാൾ കൈക്കൊള്ളും. മറ്റന്നാൾ ഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് ശേഷം വിശദമായ തീരുമാനം കൈക്കൊള്ളും. ജലന്തർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച വരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന് ഇതിന് ശേഷമായിരിക്കും തീരുമാനിക്കുക. സംസ്ഥാനത്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് തീരുമാനം. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം പറയുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഹൈക്കോടതിക്ക് മുന്നിൽ കന്യാസ്ത്രീകൾ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ വർധിക്കുന്നുണ്ട്. കനത്ത സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം. കന്യാ സ്ത്രീകൾസമരം നടത്തുന്നത് സർക്കാരിന്റെ പ്രതിഛായയെ തന്നെ ബാധിക്കും എന്ന ആശങ്കയും ഇപ്പോൾ വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈകിയ വേളയിലെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളല്ലാതെ മറ്റ് പോംവഴികളില്ലെന്ന് സർക്കാരും തിരിച്ചറിയുന്നുണ്ട്.

ബിഷപ്പുമാരും വൈദികർക്കും പുറമെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അന്വേഷണ സംഘം തീരുമാനത്തിലേക്ക് നീങ്ങുന്നത്. നേരത്തെ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പടെ പൊലീസിനേയും സർക്കാരിനേയും വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഡിജിപിക്ക് നാണമില്ലേ എന്നുൾപ്പടെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്

ഇതിന് പുറമെ വി എസ് അച്യുതാനന്ദനും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ബിഷപ്പുമാരും വൈദികരും സമരവേദിയിൽ എത്തി സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണെന്നും കെമാൽ പാഷ ആരോപിക്കുന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് വലിയ രീതിയലുള്ള രപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് സർക്കാരിനും ആഭ്യന്തര വകുപ്പിന് എതിരാകുന്നുവെന്നും തിരിച്ചറിയാൻ കഴിയാത്തതും അപകടം വർധിപ്പിക്കുന്നു.

നീതി തേടി കന്യാസ്ത്രീകൾക്ക് പോലും തെരുവിലിറങ്ങേണ്ടി വന്നത് വലിയ ഗൗരവകരമായി കാര്യമാണന്ന വികാരമാണ് സമരവേദി സന്ദർശിക്കു്നന വൈദികരും മറ്റ് രാഷ്ട്രീയ നേതാക്കളും പറയുന്നു. ഇന്നലെ മുതലാണ് ഹൈക്കോടതിക്ക് മുന്നിൽ കന്യാസ്ത്രീകൾ സമരം ആരംഭിച്ചത്.ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഉന്നതതലത്തിൽ നീക്കം ശക്തമാകുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി സുഭാഷിനോട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അഭിപ്രായം തേടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് സുഭാഷ് പ്രാഥമികമായി അറിയിച്ചതെന്നാണ് സൂചന.

രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകുമെന്ന് സുഭാഷ് പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിൽ സമരം നടത്തുന്നതിനിടെയാണ് പൊലീസിന്റെ പുതിയ നീക്കം. ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ ഇന്നലെ മുതൽ പ്രതിഷേധ പരിപാടികൾ തുടങ്ങിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയിട്ട് 75 ദിവസം കഴിഞ്ഞു.