ന്യൂഡൽഹി: പുരാതന ഇന്ത്യയിൽ ദുർഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് ലീഡർഷിപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണമെന്ന വിഷയത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് നായിഡുവിന്റെ പ്രസ്താവന.

രാമരാജ്യം എല്ലായ്‌പ്പോഴും നമ്മുടെ ചരിത്രത്തിലെ മഹത്തായ കാലഘട്ടമാണ്. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് സംസാരിച്ചാൽ അത് വർഗീയമാകും. നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കണമെന്നും മാതൃഭാഷ അറിയുന്നവരോട് ആ ഭാഷയിൽ തന്നെ സംസാരിക്കമെന്നും നായിഡു വിദ്യാർത്ഥികളോട് പറഞ്ഞു.

'എല്ലായ്‌പ്പോഴും ഞാൻ രാഷ്ട്രീയമായി ശരിയായിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് ഞാനിപ്പോൾ. എനിക്കിപ്പോൾ ഹൃദയം തുറന്ന് സംസാരിക്കാനാകില്ല. പക്ഷെ ഹൃദയം തുറന്നു സംസാരിച്ചില്ലെങ്കിൽ എന്റെ ഹൃദയം വികസിക്കും. അതെന്റെ ആരോഗ്യത്തിന് ഹാനികരമാണ്', നർമ്മത്തിന്റെ മേമ്പൊടിയിൽ നായിഡു കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെങ്കിലും അത് ഭരണഘടനയ്ക്ക് വിധേയപ്പെട്ടു കൊണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു