ബെയ്ജിങ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ തിളങ്ങിയത് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണെങ്കിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തി കൈയടി നേടിയത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആയിരുന്നു. മോദിയോട് ഒരുമിച്ചിരുന്ന് ഊഞ്ഞാലാടിയും ചായകുടിച്ചും മടങ്ങിയ ഷീ ജിൻപിംഗിന് എന്നാൽ ഇപ്പോൾ മോദിയോട് അനിഷ്ടം. വേറൊന്നും കൊണ്ടല്ല, അമേരിക്കയുമായി കൈകോർത്ത് മുന്നോട്ടു പോകാനുള്ള തീരുമാനമാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന കെണിയിൽ വീഴരുതെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. 66ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അയച്ച സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ചൈന തയ്യാറാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഒബാമയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനം അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചു എന്നതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യ-യുഎസ് സംയുക്ത നയതന്ത്രദർശനരേഖയിലെ പരാമർശങ്ങൾക്കെതിരെയാണ് ചൈന രംഗത്തെത്തിയത്. മേഖലയിൽ കടന്നുകയറാനുള്ള യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ചൈന ആഗ്രഹിക്കുന്നതായും ഷീ ജിൻപിങ് പറഞ്ഞു.

ഏഷ്യാ പസഫിക്, ഇന്ത്യൻ സമുദ്രമേഖലയിൽ ഒരുമിച്ചു നീങ്ങാനുള്ള ഇന്ത്യ -യുഎസ് ദർശന രേഖയിലെ പരാമർശങ്ങളാണ് ചൈനയെ ചൊടിപ്പിച്ചത്. ദക്ഷിണ ചൈന കടലിലൂടെയുള്ള ചരക്കുനീക്കങ്ങൾക്കെതിരെ ചൈന പ്രയോഗിക്കുന്ന സമ്മർദതന്ത്രങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് ഈ രേഖയിലുണ്ട്. ഇന്ത്യയെ യുഎസിന്റെ സഖ്യകക്ഷിയാക്കാനുള്ള തന്ത്രമാണിതെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി വിമർശിച്ചു.

ലോകത്തെ വൻ ശക്തികളായി മാറാനുള്ള ശ്രമത്തിനിടെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് കൂടുതൽ രംഗങ്ങളിൽ സഹകരണം ഉറപ്പാക്കുകയാണ് വേണ്ടത്. ഒബാമ-മോദി സൗഹൃദക്കാഴ്ചകൾ ഉപരിപ്ലവമായ ഒന്ന് മാത്രമാണെന്ന് ചൈന വിലയിരുത്തുന്നു. കാലാവസ്ഥ വ്യതിയാനം, ലോകവ്യാപാരക്കരാർ തുടങ്ങിയവയിലെല്ലാം ഇരുരാജ്യങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം തുടരുകയാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രം ചൂണ്ടിക്കാട്ടുന്നു.