- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ; ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നു പറയുന്നു, അതൊരു ക്രിമിനൽ കുറ്റമാണോ? അന്നു പിണറായിയും അനുകൂലിച്ചു കരിങ്കൊടി പ്രതിഷേധത്തെ; ഇന്ന് കറുപ്പ് കണ്ടാൽ കലിപ്പും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കരിങ്കൊടി കണ്ടാൽ കലിപ്പിളകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്നലെ വഴിനീളെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായി. കറുത്ത മാസ്‌ക്കിനും വിലക്കേർപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടായത്. പൊലീസ് കറുത്ത് മാസ്‌ക്ക് ധരിച്ചവർക്ക് പകരം മഞ്ഞ മാസ്‌ക്കാണ് നൽകിയത്. എന്നാൽ, ഇപ്പോൾ കടുത്ത പ്രതിഷേധം നേരിടുന്ന പിണറായി മുൻകാലത്ത് കരിങ്കൊടി പ്രതിഷേധത്തെ അനികൂലിച്ച വ്യക്തിയാണ്.
സോളാർ സമര കാലത്തിയിരുന്നു പിണറായിയുടെ കരിങ്കൊടി പ്രകടനത്തിന് അനുകൂലമായ നിലപാട്. കരിങ്കൊടി വീശിയുള്ള സമരത്തെ അനുകൂലിച്ച് 9 വർഷം മുൻപ് പിണറായി വിജയൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, അന്നത്തെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചു ചോദ്യം ഉന്നയിക്കുകയാണു പ്രതിപക്ഷവും.
കരിങ്കൊടി വീശുന്നത് ക്രിമിനൽ കുറ്റമാണോയെന്നും അതൊരു പ്രതിഷേധത്തിന്റെ രൂപമല്ലേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ 2013 സെപ്റ്റംബറിൽ പിണറായി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ആണു പ്രചരിക്കുന്നത്.
പിണറായി അന്നു പറഞ്ഞത് ഇങ്ങനെയാണ്:
കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നു പറയുന്നു. അതൊരു ക്രിമിനൽ കുറ്റമാണോ? പ്രതിഷേധത്തിന്റെ രൂപമല്ലേ, ആ പ്രതിഷേധം പ്രകടിപ്പിച്ചാൽ ശാരീരികമായി തകർക്കും, മാത്രമല്ല ചെറുപ്പക്കാരന്റെ ലൈംഗിക ശേഷി പോലും ഇല്ലാതാക്കും എന്ന നാണംകെട്ട നില എങ്ങനെയാണ് നമ്മുടെ നാട്ടിലെ പൊലീസിന് സ്വീകരിക്കാൻ കഴിയുക?
പിണറായി വിജയൻ (സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ 2013 സെപ്റ്റംബറിൽ പ്രസംഗിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ സോളർ ആരോപണം ഉയർന്നപ്പോഴായിരുന്നു ഈ വാക്കുകൾ.)
അതേസമയം കരിങ്കൊടി കാണിച്ചാൽ പൊലീസ് സാധാരണയായി കേസെടുക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 144, 145 വകുപ്പുകൾ പ്രകാരം നിയമവിരുദ്ധമായ സംഘം ചേരലിനായിരിക്കും. വഴിതടഞ്ഞു പ്രതിഷേധവും വാഹനത്തിന്റെ മുന്നിലേക്കു ചാടുകയും മറ്റും ചെയ്താൽ വകുപ്പ് 341 ചുമത്തും.
സംഘം ചേരുന്നതു തുടർന്നാൽ പൊതുസമാധാനം തകർക്കാൻ സംഘം ചേർന്നതിനുള്ള വകുപ്പ് 151 കൂടി കേസിൽ ഉൾപ്പെടുത്തും. എല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണെങ്കിലും പിഴയും 2 വർഷം വരെ തടവും കിട്ടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരും.
മറുനാടന് മലയാളി ബ്യൂറോ