കോഴിക്കോട്: കഴിഞ്ഞ ഒന്നരവർഷത്തിനിടെയുള്ള സ്വത്ത് ഇടപാടുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾനടത്താവൂവെന്ന നിയമം ലംഘിച്ചവരെ പിടികൂടുന്നതിനാണ് നടപടി കർക്കശമാക്കുന്നത്. ആതായത് വസ്തു കച്ചവടത്തിന് പണം കൊടുത്തവരെല്ലാം കുടുങ്ങും. എല്ലാ വസ്തു ഇടപാടുകളിലും 20,000 രൂപയ്ക്ക് മേൽ ക്രയവിക്രയം നടക്കുമെന്നത് ഉറപ്പാണ്. എന്നാൽ ചെറിയൊരു വിഭാഗം മാത്രമാണ് ബാങ്ക് വഴി ഇടപാട് നടത്തുന്നത്.

നികുതിവരുമാനം വർധിപ്പിക്കാൻ വൻകിട ഭൂമിയിടപാടുകളെല്ലാം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളിൽ ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ, പിഴ അടയ്ക്കേണ്ടിവന്നേക്കാം. 2015 ജൂൺ ഒന്നിനാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്.എസ്. ഭേദഗതി നിലവിൽ വന്നത്. ഇതിനുശേഷം രജിസ്റ്റർചെയ്ത ആധാരങ്ങളാണ് പരിശോധിക്കുക. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഭേദഗതി പ്രകാരം 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾ നോട്ടുവഴി നടത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി, വീട്, ഫ്ലാറ്റ് തുടങ്ങിയ സ്ഥാവരവസ്തുകൾ വിൽക്കുമ്പോൾ ഈ നിയമം ബാധകമായിരിക്കുമെന്ന് ഉത്തരവിൽ എടുത്തുപറയുന്നു.

ഭൂമി ഇടപാടുകളിൽ അഡ്വാൻസ് തുക കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നൽകിയാണ് ഇപ്പോഴും രജിസ്ട്രേഷനുകളധികവും നടക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്. അതുകൊണ്ട് തന്നെ പിഴ അടപ്പിക്കാൻ തീരുമാനിച്ചാൽ വൻകിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേർക്ക് പണം നഷ്ടമാകും. കഴിഞ്ഞവർഷം തിരുവനന്തപുരം ജില്ലയിലെ സബ് രജിസ്ട്രാർമാർക്ക് ആദായനികുതിവകുപ്പ് ഇതുസംബന്ധിച്ച ക്ലാസ് നൽകിയിരുന്നു. ഇടപാടുകൾ കർശനമായി ബാങ്ക് മുഖേനയാക്കാനും നിർദേശിച്ചു. ഇതിനുശേഷം ചില രജിസ്റ്റർ ഓഫീസുകളിൽ 20,000 രൂപയ്ക്കുമുകളിൽ നേരിട്ട് പണം നൽകിയുള്ള ഇടപാടുകൾ വിലക്കി. എന്നാൽ, സർക്കാർ ഉത്തരവ് ഇറക്കാത്തതിനാൽ പരാതികളെത്തുടർന്ന് രജിസ്ട്രേഷൻ വീണ്ടും പഴയരീതിയിലാക്കി.

2015 ഏപ്രിലിനുശേഷം സംസ്ഥാനത്ത് നടന്നത് പതിമൂന്നരലക്ഷം രജിസ്ട്രേഷനുകളാണ്. ഇതിൽ 20,000 രൂപയ്ക്കുമുകളിൽ ഡ്രാഫ്റ്റോ, ചെക്കോ, ഡിജിറ്റൽ കൈമാറ്റങ്ങൾ വഴിയോ നടന്നിട്ടുണ്ടെന്ന് കരുതുന്നത് 10 ശതമാനംമാത്രമാണ്. 2015 ഏപ്രിൽമുതൽ 2016 ഏപ്രിൽവരെ 7.26 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു. സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിച്ചത് 1707 കോടി രൂപ. ഫീസായി 823.48 കോടിയും. 2016 ഏപ്രിൽമുതൽ ഡിസംബർ 31 വരെ നടന്നത് 6.38 ലക്ഷം രജിസ്ട്രേഷനാണ്. ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടി 1350 കോടി. ഫീസ് 535.70 കോടി. ആധാരത്തിൽ കാണിക്കുന്ന വിലയുടെ ആറുശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. അത് കഴിഞ്ഞ ബജറ്റിൽ എട്ടുശതമാനമായി ഉയർത്തി. ഈ കാലയളവിൽ നടന്നത് ചുരുങ്ങിയത് 35,000 കോടി രൂപയുടെ ഭൂമി രജിസ്ട്രേഷനാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഇവയെല്ലാം ആദായ നികുതി വകുപ്പ് പരിശോധിക്കും..

20,000 രൂപയ്ക്കുമുകളിൽ പണമായി നേരിട്ട് സ്വീകരിച്ച് ഇടപാട് നടത്തിയവർക്ക് കനത്ത പിഴയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. 20,000 രൂപയ്ക്കുമുകളിൽ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്ക്കേണ്ടിവരും. നോട്ട് അസാധുവാക്കിയ ശേഷം പത്ത് ലക്ഷമോ അതിൽ കൂടുതലോ അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർ 15 ദിവസത്തിനകം പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പ്രത്യക്ഷ നികുതി ബോർഡ് അധികൃതർ ആവശ്യപ്പെട്ടു. ഇതിനൊപ്പമാണ് സ്വത്ത് കൈമാറ്റവും പരിശോധിക്കുന്നത്. പഴയ നോട്ടു ഉപയോഗിച്ച് വൻ കച്ചവടങ്ങൾ നടത്തിയതിനെക്കുറിച്ചും ആദായ നികുതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി അവസാനം വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു. വൻ നിക്ഷേപം നടത്തിയവർക്ക് അടുത്തമാസം നോട്ടീസ് നൽകും.

മഹാരാഷ്ട, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ വമ്പൻ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ ടാക്സ് അധികൃതർ റെയ്ഡ് നടത്തി 600 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ 150 കോടി രൂപ പുതിയ നോട്ടുകളാണ്.