ന്യൂഡൽഹി : രാജ്യത്ത് നികുതി വെട്ടിപ്പ് തുടച്ചു നീക്കാൻ ആദായ നികുതി വകുപ്പിന്റെ ഊർജിത ശ്രമം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചു മുതൽ ഇപ്പോൾ നിലവിലുള്ള ആദായ നികുതി വകുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തും. മാത്രമല്ല, ഡയറക്ടർ ബോർഡ് നൽകിയ നോട്ടിഫിക്കേഷൻ പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷത്തിലേറെ രൂപയ്ക്ക് ബിസിനസ്സ് ചെയ്യുന്ന ഏത് സ്ഥാപനവും, വ്യക്തിയും പാൻ കാർഡ് എടുത്തിരിക്കണം.

പാൻ കാർഡ് നിയമത്തിലെ പ്രധാന മാറ്റങ്ങൾ വഴി നികുതി വെട്ടിപ്പ് നല്ലൊരു ഭാഗവും  തുടച്ചു  നീക്കാമെന്നാണ് കരുതുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികൾ പാൻ കാർഡിന് അപേക്ഷിക്കണമെന്ന് സിബിഡിടി നിർബന്ധമാക്കി. സാമ്പത്തിക വർഷത്തിലെ മൊത്തം വിൽപ്പനയും, ടേണോവറും, ആകെ റെസീപ്റ്റും 5 ലക്ഷം രൂപ കഴിഞ്ഞില്ലെങ്കിലും പാൻ കാർഡ് ആവശ്യമാണ്. ഇതുവഴി ഇൻകം ടാക്സ് വകുപ്പിന് കൂടുതൽ വിപുലമായ നിരീക്ഷണം സാധ്യമാകും.

ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പ്രതിനിധിയായി മാറുന്ന മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, സ്ഥാപകൻ, സിഇഒഎ എന്നി പദവിയിൽ ഇരിക്കുന്നവരും പാൻ കാർഡ് എടുക്കണം, 2019 മെയ് 31 ആണ് അവസാന തീയതി. പുതിയ ഇൻകം ടാക്സ് നിയമ മാറ്റങ്ങൾ വ്യക്തിഗത നികുതിദായകരെ ബാധിക്കുന്നില്ല. അമ്മമാർ ഏക രക്ഷകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്നും പുത്തൻ നിയമത്തിലെ ശ്രദ്ധേയമായ ഒന്നാണ്.