- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദ യാത്രയ്ക്കെന്ന് പറഞ്ഞ് പെൺകുട്ടികളെ ഒപ്പം കൂട്ടി; ട്രെയിനിലെ യാത്രികന് തോന്നിയ സംശയം നിർണ്ണായകമായി; അറസ്റ്റിലായവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ കുടുക്കിയത് പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റർ ജേക്കബ് വർഗീസിനെ; കേരളത്തിലേക്ക് അനാഥാലയ കുട്ടിക്കടത്ത് വ്യാപകം; ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് മുഴുപ്പട്ടിണിയെ വിറ്റ് കാശാക്കുമ്പോൾ
കോഴിക്കോട്: മുഴുപ്പട്ടിണി ഏറെക്കുറെ പഴങ്കഥയായ കേരളത്തിൽ അനാഥാലയങ്ങളിൽ പലതും കാലിയാവുമ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടിക്കടത്ത് വർധിക്കുന്നു. കുറേ വർഷങ്ങളായി നിരവധി കുട്ടികളെയാണ് കുട്ടിക്കടത്തു സംഘത്തിൽനിന്നും റെയിൽവേ പൊലിസ് രക്ഷിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഗ്രാന്റ് നഷ്ടമാവുമെന്നതിനാലാണ് സംസ്ഥാനത്തെ വിവിധ സമുദായങ്ങളുടെ കീഴിലുള്ള അനാഥാലയങ്ങൾ ദാരിദ്ര്യത്തിൽ അമർന്നുകിടക്കുന്ന സംസ്ഥാനങ്ങളിൽനിന്നു കുട്ടികളെ അനധികൃതമായി എത്തിക്കുന്നത്. ജീവകാരുണ്യം സമുദായങ്ങളുടെയും ഇവക്കു നേതൃത്വം നൽകുന്ന സമുദായ സംഘടനകളുടെയും കീഴിൽ വൻ കച്ചവടമായി മാറിയതോടെയാണ് കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് വർധിച്ചിരിക്കുന്നത്.
പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്ററും അറസ്റ്റിലായിട്ടുണ്ട്. ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് പാസ്റ്ററായ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. അനാഥാലയങ്ങളിലേക്ക് പണമൊഴുക്കാനാണ് ഇത്തരം കടത്തുകൾ.
ആലുവയിലെ പുല്ലുവഴിയിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലേക്കാണ് ഒമ്പതിനും 12നും ഇടയിൽ പ്രായമുള്ള രാജസ്ഥാനിൽനിന്നുള്ള 11 കുട്ടികളെയും മധ്യപ്രദേശിൽനിന്നുള്ള ഒരു കുട്ടിയെയും ട്രെയിൻ വഴി ആലുവക്ക് കടത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ കോഴിക്കോട് സ്റ്റേഷനിൽ വന്നുനിന്ന ഓഖ എക്സ്പ്രസിൽനിന്നായിരുന്നു ഇവർ പിടിയിലായത്്. ട്രെയിനിൽനിന്നാണ് കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും പിടികൂടിയിട്ടുണ്ട്. ഇവരെയെല്ലാം ആർ പി എഫ് നിയമനടപടിയുടെ ഭാഗമായി റെയിൽവേ പൊലിസിന് കൈമാറിയിരിക്കയാണ്. ട്രെയിനിൽ യാത്ര ചെയ്തവരിൽ ഒരാൾക്ക് സംശയം തോന്നി ആർ പി എഫിനെ അറിയിക്കുകയായിരുന്നു. ഇതാണ് കുട്ടിക്കടത്ത് സംഘത്തെ വലയിലാക്കാനും കുട്ടികളെ രക്ഷിക്കാനും സഹായകമായത്.
കുട്ടികളെ ശിശുക്ഷേമ സമിതിക്കു കൈമാറിയിരിക്കയാണ്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ (29), ശ്യാം ലാൽ (25) എന്നിവരെയാണ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ രണ്ടു പേരും പുല്ലുവഴിയിലെ അനാഥാലയത്തിലെ പൂർവവിദ്യാർത്ഥികളാണ്. പിടിയിലായ നാലു പേർ കുട്ടികളിൽ ചിലരുടെ രക്ഷിതാക്കളാണെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആർ പി എഫ് അറിയിച്ചു. രാജസ്ഥാനിലെ ബൽസ്വാര ജില്ലയിൽനിന്നുള്ളവരാണ് 11 കുട്ടികളും. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനായാണ് കേരളത്തിലേക്കു കൊണ്ടുവന്നതാണെന്നാണ് മനുഷ്യക്കടത്തിന് നേതൃത്വം നൽകുന്നതവർ പറയുന്നതെങ്കിലും തങ്ങളോട് വിനോദയാത്രയായി കേരളത്തിലേക്കു പോകുകയാണെന്നാണ് പറഞ്ഞതെന്നു കുട്ടികൾ ആർ പി എഫ് അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പുല്ലുവഴിയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവരുന്നതിനുള്ള ലൈസൻസ് ഇല്ലെന്നു അന്വേഷണത്തിൽ ബോധ്യമായതായി കോഴിക്കോട് ശിശുക്ഷേമ സമിതി അധികൃതർ വ്യക്തമാക്കി. ജനന സർട്ടിഫിക്കറ്റോ, ആധാർ കാർഡോ മറ്റ് രേഖകളോ ഒന്നുമില്ലാതെയാണ് കുട്ടികളെ കേരളത്തിലേക്കു കടത്തിയിരിക്കുന്നത്. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോൾ നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടിരുന്നു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.
പ്രായപൂർത്തിയാവാത്ത കുട്ടികളെ ശിശുക്ഷേമ സമിതിയുടെ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനങ്ങൾക്കിടയിൽ കൊണ്ടുപോകാൻ പാടില്ലെന്നു സമിതി ചെയർമാൻ പി അബ്ദുൽ നാസർ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് രാജസ്ഥാനിൽനിന്നു ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പിഞ്ചുകുട്ടികളുമായി സംഘമെത്തിയതെന്നും ഇതിനാലാണ് പിടികൂടിയതെന്നും കടത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്തതെന്നും കോഴിക്കോട് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹർ വ്യക്തമാക്കി.
ആർ പി എഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ, എ എസ് ഐ കെ പി രഞ്ജിത്ത്, റെയിൽവേ ചൈൽഡ് ലൈൻ കോഓഡിനേറ്റർ സൊണാലി എന്നിവരുൾപ്പെട്ട സംഘമാണ് കുട്ടികളെയും കടത്തിന് നേതൃത്വം നൽകിയവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലിസ് എസ് ഐ പി ജംഷീദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായും സുധീർ മനോഹർ വെളിപ്പെടുത്തി.
അനാഥാലയങ്ങളിലേക്കു കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കേരളത്തിലെ പൊലിസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നുണ്ട്. പലതിലും അന്വേഷണം നടന്നുവരികയുമാണ്. ഇതിനിടെയാണ് പലപ്പോഴും കുട്ടിക്കടത്തു സംഘങ്ങൾ പൊലിസിന്റെ പിടിയിലാവുന്നത്. കസ്റ്റഡിയിൽ എടുത്തവരെയും അറസ്റ്റിലായവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട സമ്പൂർണ ചിത്രം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ പലപ്പോഴും കേസുകൾ പാതിയിൽ അവസാനിക്കുന്ന സ്ഥിതിയാണ് സംഭവിക്കാറ്.
സാമൂദായിക സംഘടനകളും നേതാക്കളുമാണ് പ്രതി സ്ഥാനത്തെന്നതിനാൽ പലപ്പോഴും കേസുകൾ പാതിയിൽ മരവിപ്പിക്കപ്പെടുകയോ, സമ്മർദ്ദങ്ങൾക്കൊടുവിൽ സർക്കാർതന്നെ അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നതും അപൂർവമല്ല.
മറുനാടന് മലയാളി ബ്യൂറോ