ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യക്ക് സ്വർണം. ഇറാനെയാണ് ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്. ഇഞ്ചിയോണിൽ ഇന്ത്യയുടെ പത്താം സ്വർണമാണിത്. ആധികാരികമായാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. 31-21 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്കായിരുന്നു സ്വർണം. വനിത കബഡിയിലെ ജയത്തോടെ ഇന്ത്യക്ക് പത്ത് സ്വർണവും ഒൻപത് വെള്ളിയും 37 വെങ്കലവുമടക്കം 56 മെഡലുകളുമായി. മെഡൽ നിലയിൽ ഇപ്പോൾ ഏഴാമതാണ് ഇന്ത്യ. 142 സ്വർണവും 101 വെള്ളിയും 79 വെങ്കലവുമടക്കം 322 മെഡലുകളുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്. 73 സ്വർണവും 66 വെള്ളിയും 75 വെങ്കലവുമടക്കം 214 മെഡലുകളുമായി ആതിഥേയരായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്.

ഹോക്കിയിൽ പാക്കിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇന്ത്യ ഇന്നലെ സ്വർണം നേടിയിരുന്നു. വനിതകളുടെ 4 x 400 മീറ്റർ റിലേയിലും ഇന്ത്യക്ക് സ്വർണം ലഭിച്ചു. മലയാളി താരങ്ങളുടെ പ്രകടനവും ഈ വിജയങ്ങളിൽ നിർണായകമായി.