ന്യൂഡൽഹി: ദോക് ലാമിൽ ചൈന വീണ്ടും പ്രകോപനം തുടരുന്നു. അതിർത്തിയിൽ നിർമ്മാണ പ്രവൃത്തികളുമായി ചൈനീസ് സൈന്യമുന്നോട്ട് പോവുകയാണ്. എങ്ങനെയും സംഘർഷം ലഘുകരിക്കാൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ടിബറ്റുകാരുടെ ആത്മീയ നേതാവ് ദലൈലാമയുമായി സഹകരണം കുറയ്ക്കാനും തീരുമാനിച്ചു.

എന്നാൽ ഇതൊന്നും ചൈന കാര്യമായെടുക്കുന്നില്ല. ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ചൈന. ഹെലിപാഡുകളും ട്രഞ്ചുകളും ചൈന ഇവിടെ നിർമ്മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ശൈത്യകാലത്തു സൈന്യത്തെ ഇവിടെ നിലനിർത്തുന്നതിന്റെ ഭാഗമായാണു ചൈനയുടെ നിർമ്മാണ പ്രവൃത്തികളെന്നു മന്ത്രി വ്യക്തമാക്കി. ഇവയോട് ഇന്ത്യയും കരുതോലടെ പ്രതികരിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തിയും സംഘർഷ മേഖലയായി.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഹെലിപ്പാഡുകൾ, ട്രഞ്ചുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണു ഒരുക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രവർത്തനരീതികൾ ചർച്ച ചെയ്യുന്ന ഫ്‌ളാഗ് മീറ്റിങ്ങുകളും ബോർഡർ പഴ്‌സനൽ മീറ്റിങ്ങുകളും ദോക് ലാമിൽ ചൈന നടത്തുന്നതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ രണ്ടു മാസത്തിലേറെ നീണ്ടുനിന്ന സംഘർഷാവസ്ഥ 2017 ഓഗസ്റ്റിൽ അവസാനിച്ചപ്പോൾ ഇരു രാജ്യങ്ങളും ദോക് ലാമിലെ സൈനികരുടെ എണ്ണം കുറച്ചിരുന്നു.

നേരത്തേ, അതിർത്തിയിൽ ചൈന വ്യോമസുരക്ഷ കൂട്ടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള നിയന്ത്രണരേഖ കാക്കുന്ന വെസ്റ്റേൺ കമാൻഡ് യുദ്ധവിമാനങ്ങളുടെ പരിശീലനം ഉൾപ്പെടെ നടത്തുന്നുണ്ടെന്നാണു വിവരം. സിക്കിം അതിർത്തിയോടു ചേർന്നുള്ള ദോക് ലായിൽ കഴിഞ്ഞ വർഷം ഇന്ത്യ ചൈന സേനകളുടെ സംഘർഷം 73 ദിവസം നീണ്ടിരുന്നു.