- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഗ്ര, ഹോട്ട്‌സ്പ്രിങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റത്തിന് ധാരണ; വിവാദം ഉയർത്തുന്ന ഡെപ്‌സാങ്ങിലെ പിന്മാറ്റത്തിൽ ചൈന ചർച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യം; സംഘർഷ മേഖലകളിൽ നിന്നും പിൻവാങ്ങിയേ തീരൂവെന്നും ചൈനീസ് സൈന്യത്തോട് ഇന്ത്യ; പത്താംവട്ട കമാൻഡർതല ചർച്ചയും അവസാനിച്ചു
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു. ഡെപ്‌സാങ്, പട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ വിശദമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് ശേഷം നടന്ന ആദ്യവട്ട സൈനികതല ചർച്ചയിൽ ലെഫ്. ജനറൽ പിജികെ മെനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ ജനറൽ ലിയു നിൻ എന്നിവർ നേതൃത്വം വഹിച്ചു. സംഘർഷ മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.
ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാൽ ഡെപ്‌സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
മോൽഡോയിൽ ഇന്ന് ചർച്ച ചെയ്ത നാലുസംഘർഷ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിവാദമുയർന്നിട്ടുള്ളത് ഡെപ്‌സാങ്ങിനെ ചൊല്ലിയാണ്. ഡെപ്‌സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചർച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്.
2013 മുതൽ ഡെപ്‌സാങ്ങിലെ പട്രോളിങ് പോയിന്റ് 10,11,11എ,12,13 എന്നിവിടങ്ങളിലെ ഇന്ത്യൻ പട്രോളിങ് ചൈന തടഞ്ഞിരുന്നു. തന്ത്രപ്രധാനമേഖലയായ ദൗലത് ബേഗ് ഓൾഡി എയർസ്ട്രിപ്പിലേക്കും കാരക്കോറം റേഞ്ചിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്ന ഡെപ്‌സാങ്.
ബെയ്ജിങ്ങിലും ന്യൂഡൽഹിയിലും നടക്കുന്ന ഉന്നതതല ചർച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.
സംഘർഷം നിലനിന്നിരുന്ന പട്രോളിങ് പോയിന്റ്15 (ഹോട്ട്‌സ്പ്രിങ്), പട്രോളിങ്‌പോയിന്റ്14 (ഗാൽവൻ), 17എ (ഗോഗ്ര) എന്നിവ സംബന്ധിച്ച പരിഹാരം താരതമ്യേന എളുപ്പമുള്ളതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ ഇന്ത്യ പിൻവാങ്ങണമെന്നാഗ്രഹിക്കുന്ന പട്രോളിങ് പോയിന്റ് 15,17 എന്നിവിടങ്ങളിൽ ചൈനീസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചർച്ചയിൽ സംഘർഷം തുടരുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് ചൈനീസ് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗാൽവൻ താഴ്‌വരയിൽ 2020 ജൂൺ 15നാണ് ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. 20 ഇന്ത്യൻ സൈനികർ അന്ന് വീരമൃത്യു വരിച്ചു. 45 ചൈനീസ് സൈനികർ മരിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.
ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ അന്നുമുതൽ ഇരുരാജ്യങ്ങളും നിരവധി നയതന്ത്ര ചർച്ചകളാണ് നടത്തിയത്.
ന്യൂസ് ഡെസ്ക്