ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 60,35,660 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 54,12,270 ആരോഗ്യപ്രവർത്തകരും 6,23,390 മുൻനിര പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 8 വൈകുന്നേരം 6 മണിവരെയുള്ള കണക്കുകളാണിത്.

60 ലക്ഷം ആളുകൾ ഏറ്റവും വേഗത്തിൽ വാക്സിൻ ലഭ്യമാക്കിയ രാജ്യമായി ഇന്ത്യ മാറി. 24 ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം നാം കൈവരിച്ചത്. 60 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ അമേരിക്ക 26 ദിവസങ്ങളെടുത്തെന്നും ബ്രിട്ടൺ 46 ദിവസമെടുത്തെന്നും ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി അറിയിച്ചു.

28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചാണ് രാജ്യത്ത് വാക്‌സിനേഷൻ മുന്നോട്ട് പോകുന്നത്. തിങ്കളാഴ്ച 2,23,298 പേരാണ് കുത്തിവയ്പ് സ്വീകരിച്ചത്. 11 സംസ്ഥാനങ്ങളിൽ 65 ശതമാനത്തിലധികം ആരോഗ്യപ്രവർത്തകർ വാക്‌സീൻ സ്വീകരിച്ചു.



വാക്സിനേഷനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേർ ഡിസ്ചാർജ് ആയി. ഒരാൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്നുള്ളയാളാണ്. വാക്സിൻ സ്വീകരിച്ചവരുടെ 0.0005% മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

No case of serious or severe AEFI (Adverse event following immunization) or death is attributable to vaccination till date: Manohar Agnani, Additional Secretary, Union Health Ministry pic.twitter.com/a3QTMj4qbX

- ANI (@ANI) February 8, 2021

വാക്സിൻ സ്വീകരിച്ചതിനു ശേഷം 23 പേർ മരണപ്പെട്ടു. ഇതിൽ 9 പേർ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. എന്നാൽ വാക്സിൻ സ്വീകരിച്ചതുകൊണ്ടുമാത്രമല്ല മരണം സംഭവിച്ചത്. അത്തരം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിൻ സ്വീകരിച്ചതുകൊണ്ടുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മനോഹർ അഗ്‌നാനി വ്യക്തമാക്കി. പാർശ്വഫലങ്ങൾ കണ്ടതിനെത്തുടർന്ന് 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏക കേസ് കേരളത്തിലാണു റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 285 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (80) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 11, എറണാകുളം 62, ഇടുക്കി 8, കണ്ണൂർ 9, കാസർഗോഡ് 10, കൊല്ലം 13, കോട്ടയം 15, കോഴിക്കോട് 11, മലപ്പുറം 26, പാലക്കാട് 12, പത്തനംതിട്ട 5, തിരുവനന്തപുരം 80, തൃശൂർ 23 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (4065) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 259, എറണാകുളം 4065, ഇടുക്കി 301, കണ്ണൂർ 807, കാസർഗോഡ് 979, കൊല്ലം 826, കോട്ടയം 942, കോഴിക്കോട് 642, മലപ്പുറം 798, പാലക്കാട് 965, പത്തനംതിട്ട 322, തിരുവനന്തപുരം 3510, തൃശൂർ 1499 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.