ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ചചെയ്യാൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 8 മണിക്കാണ് യോഗം പ്രതിദിന രോഗബാധ രാജ്യത്ത് രണ്ട് ലക്ഷം കടക്കുന്ന സാഹചര്യത്തിലാണ് യോഗം. വിവധി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പല സസംസ്ഥാനങ്ങളിൽ നിന്നും ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തകളും ഓക്‌സിജൻ സിലണ്ടറുകളുടെ ക്ഷാമവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2,34,692 കേസുകളായി പ്രതിദിന വർദ്ധന റെക്കോഡിലെത്തിയിരിക്കുകയാണ്.ആക്ടീവ് കൊറോണ വൈറസ് കേസുകൾ 16 ലക്ഷം കവിഞ്ഞിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ യുപി, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സാഹചര്യം വഷളാകുകയാണ്. വെന്റിലേറ്ററിനും ഓക്‌സിജനും കടുത്ത ക്ഷാമമാണ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ നേരിടുന്നത്. യുപിയിലും ഗുജറാത്തിലും ചികിത്സാരംഗം തകിടം മറിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ നേരിട്ട് ഇടപെടൽ നടത്തി.

അഹമ്മദാബാദിലും, ലക്‌നൗവിലും 900 കിടക്കുള്ള താൽകാലിക ആശുപത്രികൾ സ്ഥാപിക്കും. ഇതിനായി ഡോക്ടർമാരുടെ സംഘത്തെ അയച്ചു. മതിയായ ഓക്‌സിജൻ സൗകര്യം ലഭ്യമാകുന്നില്ല എന്നത് ഗുജറാത്തിലെ പ്രധാനനഗരങ്ങളായ രാജ്‌കോട്ട് , സൂറത്ത്, വഡോധര എന്നിവിടങ്ങളിൽ വൻ വെല്ലുവിളിയാണ്. മരണസംഖ്യ ഉൾപ്പടെ കോവിഡ് കണക്കുകളിൽ കള്ളക്കളി കാട്ടുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ സർക്കാർ സുതാര്യത കാട്ടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യുപിയിൽ ലക്‌നൗ, കാൺപൂർ എന്നിവിടങ്ങളാണ് സ്ഥിതി വഷളാകുന്നത്. ചത്തീസ്ഗഡിൽ റായ്പൂർ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചു.


രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ 24,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി 23.36 ശതമാനമായി ഉയർന്നു. ഡൽഹിയിൽ വരാന്ത്യ കർഫ്യൂ തുടരുകയാണ്. വരാന്ത്യ കർഫ്യൂ ലംഘിച്ച് പാസ് ഇല്ലാതെ പുറത്ത് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

വാക്‌സിനേഷന്റെ പ്രായപരിധി 25 ആയി കുറയ്ക്കണമെന്ന് കോൺഗ്രസ്

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജീവൻ രക്ഷാ മരുന്നുകളെയും ഉപകരണങ്ങളെയും ജിഎസ്ടി പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച ചേർന്ന വർക്കിങ് കമ്മിറ്റി യോഗമാണ് (സിഡബ്ല്യൂസി) ആവശ്യം ഉന്നയിച്ചത്. കോവിഡ് വാക്‌സിനേഷന്റെ പ്രായപരിധി 25 വയസായി കുറച്ച് യുവാക്കളെയും രോഗത്തിൽനിന്ന് സംരക്ഷിക്കണമെന്ന് സർക്കാരിനോട് സിഡബ്ല്യൂസി ആവശ്യപ്പെട്ടു.

നിലവിൽ 45 വയസിനു മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. ഈ പ്രായപരിധി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടിലായ പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കേന്ദ്രം ഒട്ടും തയാറായിരുന്നില്ല. പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമായിരുന്നെന്നും സോണിയ ആരോപിച്ചു.

കോഡിഡ് തീവ്രവ്യാപനത്തിന് രണ്ടുകാരണങ്ങളെന്ന് എയിംസ് മേധാവി

കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകൾ അതിവേഗം വർധിച്ചതിന് പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷൻ തുടങ്ങുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്തതോടെ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.

മെഡിക്കൽ ഓക്‌സിജനും വാക്‌സിൻ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തിൽ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടൻ വർധിപ്പിക്കേണ്ടതുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയിൽ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

നേരത്തെ വൈറസ് ബാധിതനായ ഒരാൾ സമ്പർക്കത്തിൽ ഏർപ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് കൂടുതൽ ഉയർന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാൽ ജനങ്ങൾ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല.

ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വൻ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.