ന്യൂഡൽഹി: അരുണാചൽ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ. ചൈന ഉയർത്തുന്ന ഏതു ഭീഷണിയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ അതിർത്തിയിൽ ചൈന വിമാനങ്ങളിറക്കി ശക്തിപ്രകടനം നടത്തിയെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം നടന്നതുപോലെ വീണ്ടും ഡോക്ലാം മേഖലയിൽ ഇന്ത്യ-ചൈന സൈന്യം നേർക്കുനേർ ശക്തിപ്രകടനവുമായി എത്തുമോ എന്ന ആശങ്കയും അതോടെ ശക്തമായി. ഇന്ത്യ ആ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതോടെ ഇന്ത്യയും നയതന്ത്ര ബന്ധത്തിലുപരി അതിർത്തിയിൽ സൈനിക ശക്തി വർധിപ്പിക്കുകയും അതുവഴി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയുമാണ് ലക്ഷ്യമിടുന്നത്.

ദോക്ലാമിൽ ഇരു സൈന്യവും കഴിഞ്ഞവർഷം വെടിയുതിർത്തില്ലെങ്കിലും ഏറ്റുമുട്ടൽ എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. പരസ്പരം അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണെങ്കിലും ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഇന്ത്യാ-ചൈന യുദ്ധകാലത്തിന് ശേഷം ഇരു രാജ്യങ്ങളും അത്തരമൊരു ഏറ്റുമുട്ടലിന് മുതിർന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി സ്ഥിതി മോശമാകുകയാണ് ഇന്ത്യാ-ചൈനാ അതിർത്തിയിൽ.

കഴിഞ്ഞകൊല്ലം ഉണ്ടായ തർക്കത്തിനു ശേഷം വിമാന വിന്യാസം നടത്തി ചൈന ഇന്ത്യയെ വെല്ലുവിളിച്ചുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ മേഖലയിലെ പരിശോധന ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണു കൂടുതൽ സൈനിക ട്രൂപ്പുകളെ മേഖലയിലേക്ക് ഇന്ത്യ നിയോഗിച്ചത്. അസ്വസ്ഥതകൾ നിലനിൽക്കുന്ന ടിബറ്റൻ അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനും പുതിയ നീക്കം ഉപകാരപ്പെടും.

17,000 അടി വരെ ഉയരത്തിലുള്ള മഞ്ഞുമലകളിലടക്കം നിരീക്ഷണം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ആണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. ഈ മേഖലയിൽ ഇന്ത്യയെ മറികടന്നുള്ള നീക്കം ചൈന നടത്തരുതെന്ന മുന്നറിയിപ്പു കൂടിയാണ് ഇന്ത്യയുടെ തീരുമാനം. ദിബാങ്, ദൗദിലേ, ലോഹിത് താഴ്‌വരകളിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടാവരുത് എന്ന് ഉറപ്പിച്ചാണ് പുതിയ നീക്കം. ദോക്ലാമിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവത്തിനു ശേഷം ഏതു രീതിയിലുള്ള വെല്ലുവിളികളെ നേരിടാനും സൈന്യം സജ്ജമായതായും ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ കിബിതുവിൽ ഉന്നത സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി. ദീർഘദൂര പട്രോളിങ് സൈന്യം തുടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റെ മറവിൽ ഇന്ത്യക്കെതിരെ നീക്കങ്ങൾ നടത്തുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് സൈനിക നീക്കം. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് 15 മുതൽ 30 ദിവസം വരെ ദൈർഘ്യമുള്ള നിരീക്ഷണങ്ങൾ നടത്തും. ഇതിനുപുറമെ ഇന്ത്യചൈനമ്യാന്മർ രാഷ്ട്രങ്ങളുടെ അതിർത്തി ചേരുന്നയിടത്തും കൂടുതൽ സൈന്യത്തെ വിന്യസിക്കും. ഇവർക്ക് എല്ലാ സൗകര്യങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.

സുഗമമായ സഞ്ചാരത്തിനു മേഖലയിൽ റോഡ് ശൃംഖല കൂടുതൽ വിപുലമാക്കും. കിബിതു പോസ്റ്റിലേക്ക് നടന്നുപോകാവുന്ന പാലം ഉപയോഗിച്ചാണ് ഇപ്പോൾ സൈന്യം സാധനങ്ങൾ എത്തിക്കുന്നത്. ലോഹിത് നദിയുടെ കിഴക്ക്പടിഞ്ഞാറ് കരകളെ ബന്ധിപ്പിക്കുന്ന റോഡ് മണ്ണിടിച്ചിൽ മൂലം തകർന്നുകിടക്കുകയാണ്. ഈ റോഡുകൾ നവീകരിക്കും. ഇതോടെ അരുണാചലിലെ താഴ്‌വരകളിലൂടെയുള്ള സഞ്ചാരം എളുപ്പത്തിലാും. - ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

4000 കിലോമീറ്റർ ആണ് ഇന്ത്യ-ചൈന അതിർത്തിയുടെ ദൈർഘ്യം. ഇവിടെ റോഡ് നിർമ്മാണമുൾപ്പെടെ വൻ പ്രവർത്തനങ്ങളാണ് ചൈന നടത്തുന്നത്. ദോക്ലാമിന് സമീപമുള്ള ചൈനീസ് കേന്ദ്രത്തിൽ ഹെലിപാഡ് നിർമ്മാണമടക്കം പുരോഗമിക്കുന്നതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ അടുത്തിടെ വിമാനങ്ങളും ഹെലികോപ്റ്ററും ഇറക്കി ചൈന സൈനിക ശക്തിപ്രകടനം നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെയല്ല, മറിച്ച് ചൈനീസ് അതിർത്തികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചതും ചൈനയുടെ പുതിയ നീക്കങ്ങൾ കണ്ടുകൊണ്ടാണ്. ഇതിന് ശരിവയ്ക്കുന്നതാണ് ഇന്ത്യയുടെ പുതിയ സൈനിക നീക്കം.

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പരിശീലനം

നാല് ചൈനീസ് മിലിട്ടറി എയർക്രാഫ്റ്റുകൾ തിബറ്റൻ മേഖലയിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം ചൈനയുടെ ഔദ്യോഗിക മിലിട്ടറി വെബ്സൈറ്റ് തന്നെ പുറത്തുവിട്ടത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ ഈ മേഖലയിൽ എത്തിയതായി വിവരം പുറത്തുവന്നു. ഗ്ളോബൽ ടൈംസിൽ വന്ന റിപ്പോർട്ടിൽ ചൈനീസ് മിലിട്ടറി വെബ്സൈറ്റ് ഇത്തരത്തിൽ ടിബറ്റൻ മേഖലയിൽ ചൈനീസ് വിമാനങ്ങളുടെ പരിശീലനം സംബന്ധിച്ച റിപ്പോർട്ട് വന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ-10, ജെ-11 വിമാനങ്ങൾ ഇറങ്ങിയെന്നായിരുന്നു വാർത്ത.

ഹിമാലയൻ മലനിരകളിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ-ടിബറ്റ്-ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശത്ത് ഏറെക്കാലമായി സംഘർഷാവസ്ഥയാണ്. ചൈന ഡോങ്ലാങ് എന്നഉം ഭൂട്ടാൻ ഡോകോലാ എന്നും ആണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ഇന്ത്യ ഡോക്ലാം എന്നും ഇവിടെ ചൈന നിരന്തരം അസ്വാഭാവിക സൈനിക ഇടപെടലുകൾ നടത്താറുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമാന വിന്യാസമെന്നാണ് വിലയിരുത്തൽ. അറുപത് വർഷത്തിലേറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണിത്.

ടിബറ്റൻ മേഖലയിൽ പരമാധികാരം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കം. ടിബറ്റിലെ കൈലാസ് - മാനസ സരോവർ ദർശനത്തിന് നാഥുല പാസ് കഴിഞ്ഞവർഷം ജൂണിൽ ചൈന അടച്ചിരുന്നു. ഇന്ത്യൻ അതിർത്തി സംസ്ഥാനമായ സിക്കിമിന്റെ തലസ്ഥാനമായ ടാങ്ടോക്കിൽ നിന്ന് 54 കിലോമീറ്റർ മാത്രം അകലെയാണ് നാഥുല. ഇവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റർ മാറിയാണ് ഇന്ത്യയും ഭൂട്ടാനും തിബറ്റും ചേരുന്ന ത്രിരാഷ്ട്ര അതിർത്തി മേഖലയായ ഡോക്ലാം. ഇവിടം കേന്ദ്രീകരിച്ച് സൈനികശേഷി കൂട്ടുകയും കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ചൈന എത്തിച്ചുവെന്ന വിവരം ആണ് പുറത്തുവന്നത്. ഡോക്ലാം മേഖളയിൽ ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശം ഉ്നയിക്കുന്ന പ്രദേശത്ത് ചൈന റോഡ് നിർമ്മാണം നടത്തിയതോടെയാണ് അടുത്തിടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.

ചൈനീസ് പട്ടാളം റോഡ് നിർമ്മാണത്തിന് എത്തിയതോടെ ഭൂട്ടാൻ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണിതെന്ന് ചൈന പ്രതികരിച്ചു. ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടേണ്ടെന്ന നിലപാടും ചൈന സ്വീകരിച്ചു. അന്ന് ഇതെല്ലാം ഒരുവിധം പ്രശ്‌നമില്ലാതെ അവസാനിച്ചെങ്കിലും ഇപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ മുൻകരുതൽ. അന്ന് സൈനിക നടപടിയിലേക്ക് നീങ്ങി പ്രശ്നം വഷളാക്കാതെ പട്ടാളക്കാർ നിരന്നുനിന്ന് മനുഷ്യമതിൽ തീർത്താണ് ചൈനയെ ഇന്ത്യ തടഞ്ഞത്. സൈനികർതമ്മിൽ ഉന്തുംതള്ളിലേക്ക് കാര്യങ്ങളെത്തി. ആഗോളതലത്തിൽ വിഷയം ചർച്ചയായി. ഇതോടെ ചൈന പിന്മാറി. പിന്നാലെ ഇന്ത്യയും. ഇതിന് ശേഷം ഇപ്പോൾ വീണ്ടും വലിയതോതിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചതോടെ അറുപതുകളിലെ ഇന്ത്യാ-ചൈന യുദ്ധസമാന സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.