ടെഹ്‌റാൻ: ഇന്ത്യയും ഇറാനും തമ്മിൽ സുപ്രധാനമായ 12 കരാറുകളിൽ ഒപ്പിട്ടു. ഇറാനിലെ ഛാബഹർ തുറമുഖം വികസിപ്പിക്കുന്നതിനും അലൂമിനിയം പ്‌ളാന്റ് സ്ഥാപിക്കുന്നത് അടക്കമുള്ള 12 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

ഛാബഹർ - സഹേദൻ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റർ റെയിൽവേ ലൈനും നിർമ്മിക്കും. പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലേക്കും മദ്ധ്യേഷ്യയിലേക്കും വേഗത്തിൽ എത്തുന്നതിന് ഈ റെയിൽപാത ഉപയോഗപ്രദമാവുമെന്നാണു കരുതുന്നത്.

ഇറാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്റെ പ്രസിഡന്റ് ഹസൻ റൗഹാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സാന്പത്തികരംഗം, വ്യാപാരം, ഗതാഗതം, തുറമുഖ വികസനം, സാംസ്‌കാരികം, ശാസ്ത്രം, അക്കാഡമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരിക്കുക. ഛാബഹറിലെ കാർഗോ ബെർത്തുകളും ടെർമിനലുകളും വികസിപ്പിക്കുന്നതിനുമായി 200 മില്യൺ ഡോളറാണ് ഇന്ത്യ ചെലവിടുക. വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖ പദ്ധതിയായിരിക്കും ഛാബഹറിലേത്. 150 മില്യൺ യു.എസ് ഡോളർ ഇറാന് കടമായി നൽകാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ഛാബഹറിലെ സ്വതന്ത്ര വ്യാപാര മേഖലയിൽ 0.5 മില്യൺ ടൺ ശേഷിയുടെ അലൂമിനിയം പ്‌ളാന്റ് സ്ഥാപിക്കാനുള്ള കരാറിൽ നാൽകോയും ഒപ്പുവച്ചു. ഇറാനിലെ എക്‌സപോർട്ട് ഗാരന്റി ഫണ്ടും ഇന്ത്യയിലെ എക്സ്പോർട്ട് ഗാരന്റി കോർപ്പറേഷൻ ഒഫ് ഇന്ത്യയും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും നയരൂപീകരണത്തിനും വിദ്ഗ്ദ്ധരുമായുള്ള ആശയവിനിമയത്തിനുള്ള കരാറും ഒപ്പുവച്ചവയിൽ പെടുന്നു. ഇന്ത്യയിലെ വിദേശ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസും തമ്മിലുള്ള സഹകരണവും വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇറാനിലെ സാങ്കേതികവിദ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണം, നാഷണൽ ആർക്കൈവ്‌സ് ഒഫ് ഇന്ത്യയും ഇറാനിലെ നാഷണൽ ലൈബ്രറിയും തമ്മിലുള്ള സഹകരണം എന്നിവയും വർദ്ധിപ്പിക്കുന്നതിനുള്ള കരാറും ഒപ്പിട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളുടേയും സാംസ്‌കാരിക മന്ത്രാലയങ്ങൾ ചേർന്ന് ഒരു പദ്ധതിക്ക് രൂപം നൽകാനും തീരുമാനിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിൽ നിർണായക ഏടാണ് ഛാബഹറെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഇന്ത്യയും ഇറാനും പുതിയ സുഹൃത്തുക്കളല്ല. ചരിത്രത്തോളം പ്രാധാന്യമുണ്ട് നമ്മുടെ സൗഹൃദത്തിനെന്ന് മോദി പറഞ്ഞു.