മോസ്‌കോ: റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്-35 ഉടൻ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായേക്കും. കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച അത്യാധുനിക പോർവിമാനമാണ് മിഗ്-35. ഇത് ഇന്ത്യക്ക് നൽകുന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങിയതായും വൈകാതെ തീരുമാനം ഉണ്ടാകുമെന്നുമാണ് മിഗ് കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തുന്നത്. മിസൈൽ രംഗത്തുംമറ്റും സംയുക്ത സംരംഭങ്ങളുമായി കൈകോർത്തിരിക്കുന്ന ഇന്ത്യയുമായി ആയുധ ഇടപാടുകൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് റഷ്യയെന്നതിന്റെ സൂചനയായി ഇതിനെ വിദഗ്ദ്ധർ കാണുന്നു.

മിഗ്35 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വിൽക്കാൻ താൽപര്യമുണ്ടെന്ന് മിഗ് കോർപറേഷന്റെ സിഇഒ ഇല്യ തരാസെൻകോ ആണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിലെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം മിഗ് 35 ഇന്ത്യയടക്കമുള്ള ലോകത്തിലെ വൻ ശക്തികൾക്ക് വിൽക്കുന്നതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന അനുകൂലമായി ടെൻഡർ സമർപ്പിച്ചതായും സിഇഒ വ്യക്തമാക്കി. അത്യാധുനിക ഡിസൈനിലാണ് മിഗ് 35 നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ ഇന്ത്യക്കും ഈ വിമാനങ്ങളിൽ താൽപര്യമുണ്ട്. ഇന്ത്യൻ കാലാവസ്ഥകൾക്ക് യോജിച്ചതാണ് വിമാനമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കിട്ടേണ്ടതുണ്ടെന്നും ആ തലത്തിലാണിപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നതെന്നും താരാസെൻകോ പറഞ്ഞു.

പരിശീലനം, നാൽപ്പതു വർഷത്തേക്കുള്ള പരിപാലനം തുടങ്ങിയ കാര്യങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് മിഗ് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ബന്ധത്തിന് 50 വർഷത്തെ ചരിത്രമുണ്ടെന്നും സിഇഒ വ്യക്തമാക്കി. എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്പോൾ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോൾ വിലയെക്കുറിച്ചു ചർച്ച ചെയ്യുന്നില്ല. മിഗ്-35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നതെന്നും സിഇഒ പറഞ്ഞു.

അമേരിക്കൻ കമ്പനിയായ ലോക്ഹീൽഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 വിമാനങ്ങളെ മറികടക്കുന്നതാണ് മിഗ്-35 എന്നാണ് കമ്പനിയുടെ അവകാശവാദം. മിഗ് 35ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2600 കോടി രൂപ ചെലവ് വരുമെന്നാണു കണക്കാക്കുന്നത്.
ഇതിന് മുമ്പ് റഷ്യ പുറത്തിറക്കിയ മിഗ് 25 വിമാനങ്ങൾ ഗരുഡ എന്ന പേരിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും നിരന്തരമായ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ പുതിയ വിമാനങ്ങളെത്തുന്നത് ഇന്ത്യ വളരെ വേഗം പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.