ജയ്‌സാൽമിർ: നുഴഞ്ഞുകയറ്റം തടയുന്നതിന് ഇന്ത്യപാക് അതിർത്തി പൂർണമായി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. 2018 ഡിസംബറിൽ ഈ പ്രവൃത്തി പൂർത്തിയാക്കും. പാക്കിസ്ഥാനുമായി അതിർത്തിപങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. അതിനിടെ വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ തുടർച്ചയായി ലംഘിക്കുകയാണ്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിൽ ഇന്ത്യൻ സൈനികർ നടത്തിയ മിന്നലാക്രമണത്തിനു ശേഷം നിയന്ത്രണരേഖയിൽ പാക്ക് സൈന്യം 25 തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ ജമ്മു മേഖലയിലാണ് ശക്തമായ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. സെപ്റ്റംബർ 29ന് ആയിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. ഇതിന് ശേഷമാണ് കരാർ ലംഘനം പാക്കിസ്ഥാൻ തുടർച്ചയാക്കിയത്. ഒക്ടോബർ അഞ്ചിന് പാക്ക് സൈന്യം മൂന്നുതവണ നിരവധി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയും ജനവാസമേഖലകൾക്ക് നേരെയും വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. പൂഞ്ച്, രജൗരി ജില്ലകളിലാണ് ശക്തമായ വെടിവയ്‌പ്പുണ്ടായത്. മൂന്നു ഇന്ത്യൻ സൈനികർക്ക് നേരിയ പരുക്കേറ്റു. ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒൻപത് പാക്കിസ്ഥാൻ സൈനികർക്കും പരുക്കേറ്റെന്ന് സൈനിക വക്താവ് അറിയിച്ചു. ഒക്ടോബർ നാലിനു പത്തിടങ്ങളിലായി അഞ്ചു തവണ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു.

ഒക്ടോബർ മൂന്നിന് പാക്ക് സൈന്യം നാലു തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം. അഞ്ച് പ്രദേശവാസികൾക്ക് വെടിവയ്‌പ്പിൽ പരുക്കേറ്റു. കനത്തഷെല്ലാക്രമണവും ഈ മേഖലകളിൽ ഉണ്ടായിരുന്നു. ഒക്ടോബർ ഒന്നിന് രാത്രി എഴു മുപ്പതോടെ ജമ്മുവിലെ പല്ലൻവാലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്ക് സൈന്യം വെടിവയ്‌പ്പ് നടത്തി. സെപ്റ്റംബർ 30 നും ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം 405 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. 16 പ്രദേശവാസികൾക്ക് വെടിവയ്‌പ്പിൽ ജീവൻ നഷ്ടമാവുകയും 71 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ കൂടുതൽ ജാഗ്രത ഇന്ത്യ പുലർത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയടക്കം 3323 കി.മീ. അതിർത്തിയാണ് കരയിൽ ഇന്ത്യ പാക്കിസ്ഥാനുമായി പങ്കിടുന്നത്. ഇതിൽ കുറേഭാഗത്ത് മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്. ചതുപ്പ്, നദി തുടങ്ങിയ ഭൂമിശാസ്ത്ര പ്രത്യേകതകൾ കാരണം ചിലയിടങ്ങളിൽ വേലികെട്ടൽ പ്രായോഗികമല്ല. ഇവിടെ അതിർത്തിയടയ്ക്കാൻ ശാസ്ത്രീയമാർഗങ്ങൾ തേടാനാണ് ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്. ചില പ്രദേശങ്ങളിൽ ലേസർ ഭിത്തി (അതിർത്തി കടന്നുകയറുന്നത് ലേസർ രശ്മിയുടെ സഹായത്തോടെ തിരിച്ചറിയുന്ന സംവിധാനം) ഇപ്പോൾ തന്നെയുണ്ട്.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിർത്തിയിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ, ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു എന്നിവരും ബി.എസ്.എഫിലെയും കേന്ദ്രസംസ്ഥാന സരക്കാറുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ചീഫ് സെക്രട്ടറിയാണ് ജമ്മുകശ്മീരിനുവേണ്ടി യോഗത്തിനെത്തിയത്.