ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനത്തിനു പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു. ജനുവരി 15ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തും.

സെക്രട്ടറിതല ചർച്ചയിൽ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കുള്ള തീയതി തീരുമാനിക്കും. അതിനിടെ, നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക് സന്ദർശനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഉയരുകയും ചെയ്തു.

അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്ഥാനമേറ്റെടുത്ത ശേഷം പാക്കിസ്ഥാനുമായുള്ള നല്ല നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങൾ മോദി നടത്തിയിരുന്നു. പക്ഷേ ഉഫാ ഉടമ്പടിപ്രകാരം നടത്താനിരുന്ന നയതന്ത്രതലചർച്ചകൾ ജമ്മു കശ്മീരുൾപ്പടെയുള്ള തർക്കങ്ങൾ മൂലം റദ്ദാക്കേണ്ടി വന്നു. പിന്നീട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജടക്കമുള്ളവർ പാക്കിസ്ഥാനിലെത്തി ചർച്ചകൾ നടത്തിയ സാഹചര്യത്തിലാണ് മോദിയുടെ അപ്രതീക്ഷിതസന്ദർശനം വഴിത്തിരിവാകുന്നത്.

അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ അമേരിക്കയും ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തു. ഇത്തരം കൂടിക്കാഴ്ചകളിലൂടെയാണ് സൗഹാർദ്ദം വളരുന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ഒരു വ്യവസായിയാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കിടയിൽ ഇയാളുടെ സാന്നിദ്ധ്യം ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നതായും ആരോപിക്കുന്നു.

വിവിഐപികൾ തമ്മിലുള്ളതിനേക്കാൾ ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് മെച്ചപ്പെടേണ്ടതെന്ന് സിപിഐ(എം) പറഞ്ഞു. മുംബൈ ഭീകരാക്രമണം, നഖ്‌വിയോടുള്ള സമീപനം എന്നിങ്ങനെ അനേകം പ്രശ്‌നങ്ങളിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാൻ വിമർശനം നേരിട്ടിരുന്ന സാഹചര്യത്തിൽ ബന്ധം ഏറെ ശ്രദ്ധയോടെ ആണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.