ന്യൂഡൽഹി: ഇന്ത്യയെ ഒരു പുതിയ ബ്രാൻഡ് ആയി അവതരിപ്പിക്കാനായി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ഏറ്റവും വലിയ ഗുണം. ഇന്ത്യ പഴയ ഇന്ത്യയല്ലെന്നും വിദേശ നിക്ഷേപകർക്ക് പുതിയ അവസരങ്ങളും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്ന രാജ്യമാണെന്നും വരുത്തിത്തീർക്കാൻ മോദിയുടെ വിദേശ പര്യടനങ്ങൾക്കായിട്ടുണ്ട്. എത്തുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാർ മോദിക്ക് പിന്നാലെ ആരാധനയോടെ കൂടുന്നതും അദ്ദേഹത്തോടും ഇന്ത്യയോടുമുള്ള മതിപ്പ് മറ്റുള്ളവർക്കിടയിൽ വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.

ബ്രാൻഡ് ഇന്ത്യയെന്ന മോദിയുടെ സമീപനം ഇന്ത്യയെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാംകിട രാജ്യമാക്കി മാറ്റിയെന്ന് കണക്കുകൾ തെളിയിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ അമേരിക്കയെയും ചൈനയെയും പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 2015-ലെ ആദ്യപാദത്തിലെ കണക്കനുസരിച്ച് ചൈനയെക്കാൾ 300 കോടി ഡോളറും അമേരിക്കയെക്കാൾ 400 കോടി ഡോളറും അധികം വിദേശ നിക്ഷേപം സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിട്ടുണ്ട്.

ഇന്ത്യയിൽ നിക്ഷേപിക്കാൻ വിദേശ സംരംഭകർ എത്രത്തോളം തയ്യാറാകുന്നുവെന്നതിന്റെ തെളിവ് അടുത്തിടെ മോദി നടത്തിയ സിലിക്കൺ വാലി സന്ദർശനത്തിലും പ്രതിഫലിച്ചു. ലോകത്തെ 40-ഓളം ഒന്നാംകിട കമ്പനികളുടെ മേധാവികളാണ് മോദിയുമായി ചർച്ച ചെയ്യാൻ തയ്യാറായി എത്തിയത്. കോടിക്കണക്കിന് ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കാമെന്ന് ഈ കമ്പനികൾ തയ്യാറായത്. ഇതിനൊക്കെ വഴിയൊരുക്കിയത് മോദിക്ക് ലഭിക്കുന്ന ജനപ്രിതിയാണെന്ന കാര്യത്തിൽ തർക്കമില്ല.

2015-ലെ ആദ്യപാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 3100 കോടി ഡോളറാണ്. ചൈനയിൽ 2800 കോടി ഡോളറും അമേരിക്കയിൽ 2700 കോടി ഡോളറും. ബ്രിട്ടൻ (1600 കോടി ഡോളർ), മെക്‌സിക്കോ (1400), ഇൻഡോനേഷ്യ (1400), വിയറ്റ്‌നാം (800) സ്‌പെയിൻ, മലേഷ്യ, ഓസ്‌ട്രേലിയ (700) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ.

മോദിയുടെ ജനപ്രീതി ഇന്ത്യയെ എങ്ങനെ സഹായിക്കുന്നുവെന്നതിന്റെ തെളിവ് ഇക്കൊല്ലത്തെ ആഗോള കാര്യക്ഷമതാ പട്ടികയിൽ ഇന്ത്യയ്ക്കുണ്ടായ വളർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. പട്ടികയിൽ 55-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 16 രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഇത്രയും മുന്നിലേക്ക് കയറിയത്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ മികവ് അനുസരിച്ചുള്ള പട്ടികയിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 60-ാം സ്ഥാനത്തുമെത്തി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യ ഇപ്പോൾ 81-ാമതാണ്.

എന്നാൽ, ഈ നേട്ടങ്ങൾക്കിടയിലും ആശങ്കയ്ക്ക് വകനൽകുന്ന മറ്റുചിലതുകൂടിയുണ്ട്. കമ്മി ബജറ്റിന്റെ കാര്യത്തിൽ ലോകത്ത് 140 രാജ്യങ്ങൾക്കിടയിൽ 131-ാം സ്ഥാനത്താണ് ഇന്ത്യ. ബജറ്റ് ഡെഫിസിറ്റ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് മോദി സർക്കാരെങ്കിലും ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടാനായിട്ടില്ല. വൈദ്യുതി വിതരണത്തിന്റെ കാര്യത്തിലും ഇന്ത്യ ഏറെ പിന്നിലാണ്. 91-ാം സ്ഥാനത്ത്. വിവരസാങ്കേതിക രംഗത്ത് ഏറെ മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴും, ഐ.ടി. മികവിൽ ലോകത്ത് 120-ാം സ്ഥാനത്തുമാത്രമാണ് ഇന്ത്യയെന്ന് ഈ പട്ടിക സൂചിപ്പിക്കുന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ 2015-16ലെ ആഗോള കോംപറ്റിറ്റീവ്‌നെസ് ഇൻഡക്‌സിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. സ്വിറ്റ്‌സർലൻഡും അമേരിക്കയും സിംഗപ്പുരുമാണ് ഇൻഡക്‌സിൽ മുന്നിട്ടുനിൽക്കുന്നത്. ലോകത്തെ 140 രാജ്യങ്ങളെയാണ് ഈ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. അഴിമതി കുറഞ്ഞതും സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതുമാണ് ഇൻഡക്‌സിൽ മുന്നേറാൻ ഇന്ത്യയെ സഹായിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ വൈവിധ്യവും ആഴവുമാണ് എന്റെ അമേരിക്കൻ സന്ദർശനം തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി കാര്യങ്ങളാണ് ചെയ്യാനായത്. അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോദി ട്വീറ്റ് ചെയ്തു. അനവധി പരിപാടികളിൽ പങ്കെടുക്കാനാണ് എനിക്ക് അവസരം ലഭിച്ചത്. ഓരോപരിപാടിക്കും ക്രിയാത്മകമായ ഫലമാണ് ഉണ്ടായത്. ഇവ ഭാരതത്തിന് ഗുണം ചെയ്യും. മോദി തുടർന്നു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും മോദി അമേരിക്കൻ ജനതയോട് നന്ദി പറഞ്ഞു. ആഗോള വിഷയങ്ങളിൽ എനിക്കുള്ള അഭിപ്രായം ഞാൻ യുഎന്നിൽ പറഞ്ഞു. ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഞാൻ പല ലോകനേതാക്കളെയും കാണുകയും ചെയ്തു. മോദി ട്വിറ്ററിൽ കുറിച്ചു.

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ഭീകരത, കാലാവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളിൽ മോദി ചർച്ച നടത്തി. ചർച്ച ഒരു മണിക്കൂർ നീണ്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാൻഡേ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സന്ദർശനത്തിനു മുൻപ് മോദി അയർലൻഡും സന്ദർശിച്ചിരുന്നു. 60 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അയർലൻഡ്‌സന്ദർശിച്ചത്. സെപ്റ്റംബർ 23ന് ആണ് യുഎൻ സമ്മേളനത്തിനായി മോദി ന്യൂയോർക്കിലെത്തിയത്.

ലോകത്തിന്റെ ഐടി തലസ്ഥാനമായ സിലിക്കൺവാലി സന്ദർശിച്ച മോദി ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയിരുന്നു.