ന്യൂഡൽഹി: ആണവ, പ്രതിരോധമേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ തീരുമാനം. കൂടങ്കുളം ആണവോർജ്ജ നിലയത്തിൽ രണ്ട് ആണവ റിയാക്ടറുളുടെ നിർമ്മാണമുൾപ്പെടെ ഇരുപത് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം താരതമ്യപ്പെടുത്താനാകാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധം, ആണവോർജം, വാണിജ്യം, എണ്ണ പര്യവേഷണം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ഇരുപത് കരാറുകളാണ് ഇന്ത്യയും റഷ്യയും ഇന്ന് ഒപ്പ് വച്ചത്.

പ്രതിരോധമേഖലയിൽ പതിറ്റാണ്ടുകളായി റഷ്യയുമായി തുടരുന്ന സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം തുടരും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റഷ്യ ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ് തുടങ്ങും.

സമാധാനാവശ്യത്തിനുള്ള ആണവോർജ്ജ സഹകരണം കുറ്റമറ്റതാക്കും. റഷ്യൻ സഹകരണത്തിൽ പുതിയ ആണവോർജോൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കൂടങ്കുളത്തിന് പുറമെ സ്ഥലം കണ്ടെത്താമെന്ന് ഇന്ത്യ സമ്മതിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കാനും സൗഹൃദം എന്ന് പേരിട്ട സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും അറിയിച്ചു.

മോദിയും പുടിനും കഴിഞ്ഞ ജൂലൈയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ നടന്ന ജി 20 ഉച്ചകോടിയിലും കണ്ടുമുട്ടിയിരുന്നു.

''കാലം മാറി, എങ്കിലും നമ്മുടെ സൗഹൃദത്തിന് മാറ്റമില്ല. നമുക്ക് ഈ ബന്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകണം. ഈ സന്ദർശനം ആ ദിശയിലേക്കുള്ള ചുവടുവയ്പാണ്''- ട്വിറ്ററിൽ മോദി കുറിച്ചു.

പതിനാലു വർഷത്തിനിടെ ആദ്യമായാണ് ഉന്നതതലത്തിൽ ചർച്ച നടക്കുന്നത്. ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ ഉണ്ടായിട്ടുള്ള ഉപരോധം കണക്കിലെടുത്ത് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ സാമ്പത്തിക സഹകരണം വേണമെന്നാണ് പുടിൻ ആഗ്രഹിക്കുന്നത്.

കൂടംകുളം ഉൾപ്പടെയുള്ള ആണവവൈദ്യുത കേന്ദ്രങ്ങളിലേക്ക് റഷ്യൻ കമ്പനിയായ റോസാറ്റമാണ് ആണവ റിയാക്ടറുകൾ നൽകുക. 20 വർഷം കൊണ്ട് 12 റിയാക്ടറുകൾ നൽകുമെന്നാണ് റഷ്യ ഇന്ന് ഇന്ത്യയുമായി ഒപ്പുവച്ച കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഊർജ്ജരംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാർ. റഷ്യ നൽകിയ 1000 മെഗാവാട്ട് റിയാക്ടറാണ് ഇപ്പോൾ കൂടംങ്കുളത്ത് സ്ഥാപിച്ചിട്ടുള്ളത്. 2015 ൽ അടുത്ത റിയാക്ടർ എത്തും.