മുംബൈ: രാജ്യത്തെ ഏറ്റവും വേഗത ഏറിയ ട്രെയിൻ ഗതിമാൻ എന്നത് ഇനി പഴങ്കഥയാകും. മുംബൈയിൽ നിന്ന് പൂണെയിലേക്ക് ഇനി പറക്കാതെ തന്നെ പറന്നെത്താം. അതും വെറും 20 മിനിറ്റു കൊണ്ട്.

രാജ്യത്തെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പ്രോജക്ടിന് മഹാരാഷ്ട്ര സർക്കാർ പച്ചക്കൊടി കാണിച്ചതോടെയാണ് വേഗത്തിന്റെ അവസാനവാക്കാകാൻ ഹൈപ്പർ ലൂപ്പ് ട്രെയിനുകൾ വരുന്നത്.

മഹാരാഷ്ട്രാ സംസ്ഥാന സർക്കാർ ബ്രിട്ടീഷ് കമ്പനിയായ വിർജിൻ ഹൈപ്പർ ലൂപ്പുമായി ചേർന്നാണ് ഈ അതിവേഗ പാത നിർമ്മിക്കുന്നത്. വിമാനത്തേക്കാളും വേഗതയിലായിരിക്കും ഈ ട്രെയിൻ പറക്കുക.

ഇതിന്റെ പരീക്ഷണ ഓട്ടത്തിനായി പത്ത് കിലോമീറ്റർ പാത പൂനേയിലെ ഹിഞ്ചേവാഡിയിൽ തയ്യാറായി. എന്നാൽ വേഗത്തിന്റെ യഥാർത്ഥ കണക്കുകൾ മനസ്സിലാക്കാൻ ഈ പത്ത് കിലോമീറ്റർ പാത മതിയാവില്ല. ബ്രിട്ടീഷ് കമ്പനിയായ വിർജിൻ ഗ്രൂപ്പാണ് മുംബൈ പൂണെ ഹൈപ്പർ ലൂപ്പ് പ്രോജക്ട് നിർമ്മിക്കുന്നത്.

മുംബൈ പൂനേ റൂട്ടിൽ വരുന്ന ഹൈപ്പർ ലൂപ്പ് ട്രെയിനിന് മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ കഴിയും. അതായത് ഈ രണ്ട് സിറ്റികളെയും തമ്മിൽ ബന്ധിപ്പിക്കാൻ ഏതാണ്ട 20 മിനിറ്റിൽ താഴെ മതി എന്ന് അർത്ഥം.

ഇത്രയും വേഗത്തിലോടുമ്പോൾ യാത്രക്കാരിലുണ്ടാകുന്ന മർദ്ധ വ്യത്യാസം തടയാനുള്ള സംവിധാനവും ട്രെയിനിന് ഉള്ളിൽ ഒരുക്കിയിട്ടുണ്ട്.

വർഷം 15 കോടി യാത്രകൾ നടത്താനും ഇതുവഴി ഒമ്പത് ലക്ഷം മണിക്കൂർ സേവ് ചെയ്യാനും കഴിയുമെന്നാണ് കണക്കാക്കുന്നത്. പുതിയ അതിവേഗ ട്രെയിൻ പാത വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

മാനുഫാകച്വറിങ്, കൺസ്ട്രക്ഷൻ, സർവ്വീസ്, ഐടി തുടങ്ങിയ മേഖലകളിലായിരിക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഒരുങ്ങുക.