സോൾ: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയിൽ (എൻഎസ്ജി) ചേരാനുള്ള ഇന്ത്യയുടെ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. സോളിൽ എൻഎസ്ജിയുടെ പ്ലീനറി സമ്മേളനത്തിൽ ഇന്നലെ ഇന്ത്യയുടെ കാര്യം ചർച്ചചെയ്‌തെങ്കിലും ചൈനയ്ക്കു പുറമേ തുർക്കി, ഓസ്ട്രിയ, ന്യൂസീലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു പ്രവേശനത്തിനു തടസ്സം. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ സോളിലെത്തി ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ തേടി ഒട്ടേറെ സമ്മേളന പ്രതിനിധികളെ കണ്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ അംഗീകരിക്കാൻ ചൈന തയ്യാറായില്ല.

48 അംഗരാജ്യങ്ങളിൽനിന്നുള്ള 300 പേരാണു പ്ലീനറിയിൽ പങ്കെടുത്തത്. 2001ൽ സ്ഥാപിതമായ എസ്‌സിഒയിൽ ഇന്ത്യ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ നിരീക്ഷകരായി ഉൾപ്പെടുത്തിയത് 2005ൽ ആണ്. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അപേക്ഷയിൽ ചൈന ആദ്യം മുതലേ എതിർപ്പിലായിരുന്നു. ഇന്ത്യയെ മാത്രം അംഗമാക്കാനായിരുന്നു അമേരിക്കയ്ക്ക് താൽപ്പര്യം. പാക്കിസ്ഥാനേയും പരിഗണിക്കണമെന്ന് ചൈനയും വാദിച്ചു. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കിടയിലും അന്തിമ തീരുമാനം ഉണ്ടായില്ല. ഇതിനിടെ ഇന്ത്യ പാക്കിസ്ഥാനെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ തുർക്കിയും ഓസ്ട്രിയയും എതിർപ്പുമായെത്തിയതോടെ എല്ലാ പ്രതീക്ഷയും അടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ നയതന്ത്ര നീക്കമാണ് പൊളിയുന്നത്. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റുമായി പോലും മോദി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞിട്ടും ചൈന ഇന്ത്യയെ പിന്തുണച്ചില്ലെന്നതാണ് നിർണ്ണായകം.

ഉസ്ബക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിലായിരുന്നു മോദിചിൻപിങ് കൂടിക്കാഴ്ച. ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കെത്തിയപ്പോഴാണു മോദി ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തിയത്. ഇന്ത്യയുടെ എൻഎസ്ജി അംഗത്വ അപേക്ഷയെ ശരിയായും വസ്തുനിഷ്ഠമായും വിലയിരുത്തണമെന്നു ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ കാര്യം അതിന്റെ ഗുണഫലങ്ങൾ മനസ്സിലാക്കി പരിഗണിക്കണമെന്നും സോളിലെ പ്ലീനറിയിൽ ചൈന അനുകൂല നിലപാടെടുക്കണമെന്നും മോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരുപ് അറിയിച്ചു. എന്നാൽ അനുകൂല പ്രതികരണം ചൈനീസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. നേരത്തേ, ഷി ചിൻപിങ്ങിനെ കണ്ട പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈൻ എൻഎസ്ജി അംഗത്വത്തിൽ വരുത്തുന്ന എന്തു മാറ്റവും ദക്ഷിണേഷ്യയിൽ അശാന്തി കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. ഇതും ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.

എസ്‌സിഒയിലെ പൂർണ അംഗത്വത്തിലൂടെ മാത്രമേ ഇന്ത്യയ്ക്കു മറ്റ് അംഗരാജ്യങ്ങളുമായി പ്രതിരോധം, ഭീകരതയ്‌ക്കെതിരായ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വർധിച്ച സഹകരണത്തിന് അവസരം ലഭിക്കുകയുള്ളൂ. നിലവിൽ 48 അംഗങ്ങളാണ് എൻഎസ്ജിയിലുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇസ്രയേൽ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് ആണവനിരായുധീകരണ കരാറിൽ ഇനി ഒപ്പുവയ്ക്കാനുള്ള രാജ്യങ്ങൾ.