മോസ്‌കോ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ ഉണ്ടെങ്കിൽ കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ റഷ്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ആവശ്യം പരിഗണിക്കാമെന്ന് റഷ്യ പ്രതികരിച്ചു.

റഷ്യ, ജപ്പാൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൈയിൽ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടെന്നാണു സൂചന. ഇവ പുറത്തുവിടണമെന്നാവശ്യപ്പെട്ട് റഷ്യയെ സമീപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സുഭാഷ് ചന്ദ്രബോസിന്റെ കുടുബാംഗങ്ങൾകളകള ഉറപ്പുനൽകിയിരുന്നു. നേതാജിയുടെ 119-ാം ജന്മദിനമായ 2016 ജനുവരി 23ന് ആദ്യഘട്ട ഫയലുകൾ പുറത്തുവിടുമെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. 40ലേറെ രഹസ്യ ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകൾ ബംഗാൾ സർക്കാർ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.