അബുദാബി: ഇന്ത്യ, യുഎഇ വ്യാപാരവ്യവസായ ബന്ധം ശക്തിപ്പെടുത്തുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നത് വൻ നേട്ടമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം വൻതോതിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനും ഈ കരാർ വഴിവെക്കും. ചില മേഖലകളിലെ നിയന്ത്രണങ്ങൾ മാറ്റിനിർത്തിയാൽ സ്വതന്ത്ര്യ വ്യാപാര കരാറായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രതിരോധം, സാമ്പത്തികം ഉൾപ്പെടെ 11 പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുമെന്നു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 88 ദിവസങ്ങൾ മാത്രമെടുത്താണു കരാർ രൂപീകരിച്ചതെന്നു കേന്ദ്രവാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യ, യുഎഇ വാണിജ്യ,വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലെത്തിയ പശ്ചാത്തലത്തിലാണ് സ്വതന്ത്ര വ്യാപാര കരാറിനോളം തുല്യമായ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ യാഥാർഥ്യമാകുന്നത്. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനു സമിതികൾ രൂപീകരിക്കുന്നതടക്കം തീരുമാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദുമായുള്ള ഓൺലൈൻ ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്. യുഎഇയിലെ ഏറ്റവും വലിയ തുറമുഖമായ ജബലലിയിലെ ഫ്രീ സോണിൽ ഇന്ത്യ മാർട്ട് സ്ഥാപിക്കാനുള്ള തീരുമാനത്തെ ഇരുനേതാക്കലും സ്വാഗതം ചെയ്തു. ഏറ്റവും തിരക്കേറിയ ഫ്രീ സോൺ മേഖലയിൽ ഇന്ത്യയെ പ്രത്യേകമായി പരിഗണിക്കുന്നത് വാണിജ്യവ്യാപാരഇടപാടുകൾ വർധിക്കുന്നതിനു സഹായകരമാകും.

ഇന്ത്യക്കാർക്ക് നിക്ഷേപ സാഹചര്യമൊരുക്കാൻ അബുദാബിയിൽ പ്രത്യേക നൂതന സാങ്കേതിക വ്യവസായ മേഖല സ്ഥാപിക്കാനും തീരുമാനമായി. ലോജിസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, ആശുപത്രിഉപകരണങ്ങൾ, കൃഷി, സ്റ്റീൽ തുടങ്ങിയ മേഖലകൾക്കായിരിക്കും പ്രധാന്യം. ഇരുരാജ്യങ്ങളുടേയും സാംസ്‌കാരികവിനിമയത്തിനായി ഇന്ത്യ, യുഎഇ സാംസ്‌കാരിക സമിതി രൂപീകരിക്കും. ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സംയുക്ത ഹൈഡ്രജൻ കർമസമിതി രൂപീകരിക്കാനും തീരുമാനമായി.

വിദ്യാഭ്യാസമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കും. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനു നാവിക സഹകരണം ശക്തിപ്പെടുത്തുമെന്നും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിരോധ മേഖലയിൽ സംയുക്തപരിശീലനമടക്കം പദ്ധതികളും ആവിഷ്‌കരിക്കും. അതേസമയം, അതിർത്തികടന്നുള്ള ഭീകരതയടക്കം വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഒരേനിലപാടാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഭീകരതയ്ക്കുള്ള ധനസഹായം, തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒരുമിച്ചുപോരാടുമെന്നും പ്രഖ്യാപിച്ചാണ് ഇരുനേതാക്കളുടേയും സംയുക്ത പ്രസ്താവന അവസാനിപ്പിക്കുന്നത്.

പുത്തൻ അതിരുകൾ, പുതിയ നാഴികക്കല്ല്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന വെർച്വൽ ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ തലക്കെട്ട് 'സമഗ്ര നയപങ്കാളിത്തം: പുത്തൻ അതിരുകൾ, പുതിയ നാഴികക്കല്ല്' എന്നതായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ ഭാവി കണക്കിലെടുത്തുള്ള പങ്കാളിത്തത്തിനായുള്ള രൂപരേഖയായിരുന്നു ആ പ്രസ്താവന. അതിലേക്കുള്ള നടപടി ആയിരുന്നു ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ഉറപ്പിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്നും ഇതോടെ വ്യക്തമാകുകയാണ്.

അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള തീവ്രവാദത്തിനും ഭീകരതയ്ക്കും എതിരെ എല്ലാ രൂപത്തിലും പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും പോരാടാനുള്ള സംയുക്ത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുമ്പോൾ ഭീകരതയുടെ കാര്യത്തിൽ പാക്കിസ്ഥാനൊപ്പമല്ല തങ്ങളെന്ന് യുഎഇയെ കൊണ്ട് ആവർത്തിപ്പിക്കാൻ സാധിച്ചതും വൻനേട്ടമായി മാറി. ഉഭയകക്ഷി വ്യാപാരം 5 വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്തും. അതായത് 7.5 ലക്ഷം കോടിയുടെ വ്യാപാരം അഞ്ചു വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകും. അത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ചലനം കുറച്ചൊന്നുമല്ല. ചൈനീസ് ഇല്പന്നങ്ങൾക്കെതതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ഏറെയാണ്.

ഇരുരാജ്യങ്ങളും തമ്മിൽ ഭക്ഷ്യ ഇടനാഴി സ്ഥാപിക്കുന്നതിനും ജബൽ അലി ഫ്രീ സോണിൽ ഇന്ത്യാ മാർട്ട് സ്ഥാപിക്കുന്നതിനും യുഎഇ കമ്പനികളും സംയുക്ത സംരംഭകരും നിക്ഷേപ മേഖലയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തമെന്നത് ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വലിയ മാർക്കറ്റ് തുറന്നു കൊടുക്കും. കാർഷിക മേഖലയുടെ കുതിപ്പിന് ഇത് വഴിയൊരുക്കും. ലോജിസ്റ്റിക്സ്, സേവനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കൃഷി, അഗ്രിടെക്, സ്റ്റീൽ, അലുമിനിയം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അബുദാബിയിൽ പ്രത്യേക വ്യാവസായിക നൂതന സാങ്കേതിക മേഖലകൾ സ്ഥാപിക്കുന്നത് ഇന്ത്യൻ നിക്ഷേപകർക്ക് അവസരങ്ങൾ സൃഷ്ടിക്കും.

പുതിയ ഊർജം ഉൾപ്പെടെ ഇന്ത്യയുടെ ഊർജ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് ഉടമ്പടി ഉറപ്പു നൽകുന്നു. ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊർജ വിതരണം ഉറപ്പാക്കാൻ വഴിതെളിക്കുന്ന നീക്കമാണിത്. ഊർജ്ജ സംക്രമണത്തിൽ പരസ്പര പിന്തുണയും ഭാവിയിൽ കുറഞ്ഞ കാർബൺ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും കരാർ മുന്നോട്ടുവെക്കുന്നു. ഗ്രീൻ ഹൈഡ്രജന്റെ ഉൽപ്പാദനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിന് പരസ്പരം ശുദ്ധമായ ഊർജ്ജ ദൗത്യങ്ങളെ പിന്തുണയ്ക്കാനും സംയുക്ത ഹൈഡ്രജൻ ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കാനും ഇരുരാജ്യങ്ങളും ഉടമ്പടിയിലൂടെ സമ്മതിക്കുന്നു. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിതനെതിരായ ഇന്ത്യയുടെ നിലപാട് ചുവുട് പിടിച്ചുള്ളതാണ് ഈ കരാർ.

യുഎഇയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കുന്ന് വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമാണെങ്കിൽ ഇന്ത്യ-യുഎഇ കൾച്ചറൽ കൗൺസിൽ രൂപീകരിക്കുന്നത് സാംസ്‌കാരിക സഹകരണമാണ്. ക്രോസ്‌കൾച്ചറൽ എക്സ്ചേഞ്ചുകൾ, സാംസ്‌കാരിക പദ്ധതികൾ, പ്രദർശനങ്ങൾ, ഇരു രാജ്യങ്ങളിലെയും ബൗദ്ധിക വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഭാഷണം എന്നിവ സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൾച്ചറൽ കൗൺസിൽ സഹായകമാകും.

നിർണായക സാങ്കേതികവിദ്യകളിൽ സഹകരിക്കാനും ഇ-ബിസിനസ്സുകളും ഇ-പേയ്മെന്റ് സൊല്യൂഷനുകളും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഭാവിയിലെ ജോലിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനും നൈപുണ്യ വികസനത്തിൽ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതും ഇന്ത്യയിലെ തൊഴിൽ പ്രശ്നത്തിനുള്ള പരിഹാരമാണ്. അതീവ നൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വിസ അനുവദിക്കും അത്യാധുനിക സാങ്കേതികവിദ്യ മേഖലയിൽ നിക്ഷേപത്തിന് അവസരവും ഉണ്ടാകും. സ്റ്റാർട്ടപ്പുകൾക്ക് ശുഭവാർത്തയാണിത്.

ഭക്ഷ്യ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയും വിശ്വാസ്യതയും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. മെച്ചപ്പെടുത്തിയ ഉഭയകക്ഷി ഭക്ഷ്യകാർഷിക വ്യാപാരത്തിലൂടെ സഹകരണം വിപുലീകരിക്കാനും, യു.എ.ഇ.യിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫാമുകളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സമർപ്പിത ലോജിസ്റ്റിക് സേവനങ്ങളും പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും സമ്മതിച്ചതിലൂടെ ഗൾഫിലേക്ക് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി കൂടും

ആരോഗ്യ മേഖലയിലെ സഹകരണവും ഇക്കാര്യത്തിൽ ഏറെ മുന്നിൽനിൽക്കുന്ന ഇന്ത്യയക്ക് ഗുണം ചെയ്യും.വാക്സിനുകൾക്കായുള്ള വിശ്വസനീയമായ വിതരണ ശൃംഖലകളുടെ ഗവേഷണം, ഉൽപ്പാദനം, വികസനം എന്നിവയിൽ സഹകരിക്കാനും ഇന്ത്യയിൽ അതിവേഗം വളരുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ യുഎഇ സ്ഥാപനങ്ങളുടെ നിക്ഷേപം വർധിപ്പിക്കാനും ഒപ്പം പിന്നോക്ക രാജ്യങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിൽ സഹകരിക്കാനും ആണ് കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കരാർ സ്വാഗതം ചെയ്ത് വ്യാപാര ലോകം

ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിനെ വ്യവസായ ലോകവും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് നിർണായക കരാറിലാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധങ്ങളിലെ നാഴികക്കല്ലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രതികരിച്ചു. വിവിധ മേഖലകളിൽ ശക്തമായ വ്യാപാരവും നിക്ഷേപവുമുള്ള യു.എ.ഇയും ഇന്ത്യയും പ്രധാന വ്യാപാര പങ്കാളികളാണ്. കരാർ ഒപ്പിട്ടതോടെ സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ മിഡിലീസ്റ്റിലേക്കും ആഫ്രിക്കയിലേക്കുമുള്ള പ്രധാന കവാടമായതിനാൽ രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള ബിസിനസുകൾക്ക് പ്രയോജനം ചെയ്യും. 53 ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി 100 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ റീട്ടെയിൽ, ഭക്ഷ്യ സംസ്‌കരണ മേഖലകളിൽ ഗണ്യമായ സാന്നിധ്യമുള്ള യു.എ.ഇ ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ് എന്ന നിലയിൽ ഈ കരാറിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഇറക്കുമതി യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.- യൂസഫലി കൂട്ടിച്ചെർത്തും.

അതേസമയം വ്യാപാരം, നിക്ഷേപം, സേവനങ്ങൾ, തൊഴിൽ എന്നിവയ്ക്കായുള്ള നിരവധി ഇടനാഴികൾ തുറക്കുന്നതാണ് ഈ കരാറെന്ന് ആസാദ് മൂപ്പനും പ്രതികരിച്ചു. 34 ലക്ഷം ഇന്ത്യക്കാരുടെ രണ്ടാം വീടാണ് യു.എ.ഇ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും അടുപ്പവും ശക്തിപ്പെടുത്താനുള്ള മറ്റൊരു ചുവടുവെപ്പാണിത്. ഈ കരാറോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ക്രമാതീതമായി വർധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 100 ശതമാനം ബിസിനസ് ഉടമസ്ഥത, ഗോൾഡൻ വിസ പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഇന്ത്യൻ നിക്ഷേപകർക്ക് ഇവിടെ ലഭിക്കുന്നുണ്ട്. നിക്ഷേപം കൂടുതൽ വിപുലീകരിക്കാൻ വലിയ പ്രോത്സാഹനമാണ് യു.എ.ഇ നൽകിയത്. ഇത്തരം വ്യാപാര കരാറുകൾ ഇരു രാജ്യങ്ങളിലെയും പൗരന്മാരെ അതിർത്തി കടന്നുള്ള പ്രയോജനകരമായ നിക്ഷേപങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജനിച്ചുവളർന്നത് യു.എ.ഇയിലാണ്. 35 വർഷത്തിനുള്ളിൽ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈ കരാർ തീർച്ചയായും യു.എ.ഇയിലും ഇന്ത്യയിലും ഞങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വ്യാപാര മേഖലക്ക് ഉണർവുണ്ടാക്കുമെന്നാണ് മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പ്രതികരിച്ചു. പുതിയ കരാർ രൂപപ്പെടുന്ന സാഹചര്യത്തിൽ ഹോങ്കോങ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്ക് പകരംവെക്കാൻ സാധിക്കുന്ന ലോകത്തിന്റെ ജൂവലറി ഗേറ്റ്‌വേയായി മാറാൻ യു.എ.ഇക്ക് സാധിക്കും. യു.എ.ഇയിൽ ഇതിനകം ഉണർവോടെ പ്രവർത്തിക്കുന്ന ജൂവലറി റീട്ടെയിൽ, മൊത്തവ്യാപാര മേഖലയെ കരാർ കുടുതൽ ഉത്തേജിപ്പിക്കും. രാജ്യത്തെ മുൻനിര ആഭരണ വിപണന കേന്ദ്രമായി ഉയർത്തുവാനും സഹായിക്കും. ഈ മാറ്റം 'മേക്ക് ഇൻ ഇന്ത്യ'മാർക്കറ്റ് ടു ദ വേൾഡ് ഉദ്യമത്തിന് കരുത്തുപകരും. ആഗോള ബ്രാൻഡുകൾക്കായി ഇന്ത്യയിൽ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്‌സിന് (OEM)ആഭരണ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിലൂടെ കയറ്റുമതി വർധിക്കുകയും രാജ്യത്ത് ആഭരണ നിർമ്മാണം, വിൽപന, വിതരണ ശൃംഖല, വിവര സാങ്കേതികവിദ്യ (ഐ.ടി) എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളും നൈപുണ്യ വികസന അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. കയറ്റുമതിയിലെ വർധന രാജ്യത്തിന്റെ വ്യവസായിക സാമ്പത്തിക വളർച്ചയെ കൂടുതൽ ഉത്തേജിപ്പിക്കുകയും ആഭ്യന്തരമായി ഉൽപാദന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുകയും ചെയ്യും. ആഗോള ഉപഭോക്താക്കൾക്ക് മുന്നിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ജൂവലറി ബ്രാൻഡ് എന്ന നിലയിൽ ഈ വ്യവസായ മേഖലയുടെ വളർച്ചക്കായി സുപ്രധാനമായ പങ്കാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വഹിക്കുന്നത്. ഇതിന് കൂടുതൽ കരുത്തുപകരുന്നതാണ് കരാരെന്നും ഷംലാൽ പറഞ്ഞു.