ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം നേരിടാൻ കേന്ദ്രസർക്കാർ 50,000 കോടി രൂപ ചെലവഴിക്കാനൊരുങ്ങുന്നു. ധനക്കമ്മി കുറയ്ക്കുന്നതിന് 2018 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള നടപടികളുടെ ഭാഗമായി ഇന്ത്യൻ സാമ്പത്തിക രംഗം മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

സാമ്പത്തിക വളർച്ച മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൈത്താങ്ങായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാർ അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി ആവിഷ്‌കരിക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘവുമായി ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വരും ദിവസങ്ങളിൽ മറ്റ് വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.

ഇത്തരമൊരു യോഗം നടന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ ജയ്റ്റ്ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടർന്ന് നരേന്ദ്ര മോദിയുമായി ആലോചിച്ച ശേഷം സാമ്പത്തിക നടപടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് ജയ്റ്റ്ലി പറഞ്ഞത്.

അതേസമയം, പെട്രോൾ-ഡീസൽ നികുതിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുനിക്ഷേപം കൂട്ടാൻ എക്‌സൈസ് തീരുവയുടെ വർധന അനിവാര്യമാണെന്നും എണ്ണവില വർധന നേരിടാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.