കൊളംബോ: ആദ്യ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആറു കരാറുകളിൽ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്‌മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോർ സ്മാരക നിർമ്മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചത്.

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്നു രാവിലെ മോദി ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

സിരിസേനയുമായുള്ള ചർച്ച ഫലവത്തായിരുന്നുവെന്നു പറഞ്ഞ മോദി ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും വ്യക്തമാക്കി. കഴിഞ്ഞ 28 വർഷത്തിനിടയിൽ ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഇരുരാജ്യങ്ങളും പങ്കിടുന്ന പ്രതിബദ്ധത ശക്തമായ സാമ്പത്തിക സഹകരണത്തിൽ പ്രതിഫലിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ചർച്ചയിൽ പ്രാദേശികതലത്തിൽ ചർച്ചചെയ്യപ്പെടുന്ന പ്രശ്‌നങ്ങളും മോദി മൈത്രിപാല സിരിസേനയുടെ ശ്രദ്ധയിൽപെടുത്തി. ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത മോദി ഏഷ്യയിലെ ഏറ്റവും പഴയ ജനാധിപത്യരാഷ്ടമായ ശ്രീലങ്ക ഇന്നും ഊർജ്ജസ്വലമാണെന്ന് പറഞ്ഞു.

എല്ലാ അർത്ഥത്തിലും ഏറ്റവും അടുപ്പമുള്ള അയൽക്കാരാണ് ഇന്ത്യയും ശ്രീലങ്കയും. ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടുന്നതിൽ ഇരുരാജ്യങ്ങളുടെയും സഹകരണം അത്യാവശ്യമാണ്. ഇരു രാജ്യങ്ങളും ആഭ്യന്തരതലത്തിൽ ഒട്ടേറെ ഭീഷണികൾ നേരിടുന്നുണ്ട്. സുരക്ഷാ രംഗത്തും ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ട ഏറ്റവും നിർണായകമായ സമയമാണിത്. നാവിക രംഗത്ത് ഇന്ത്യയും ശ്രീലങ്കയും മാലിദ്വീപും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരസ്പര സഹകരണത്തിലൂടെ പ്രദേശത്ത് സുരക്ഷ ഉറപ്പു വരുത്തിയെ മതിയാകൂവെന്നും മോദി പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതർക്കിടയിലെ സഹകരണം വാണിജ്യത്തെ ലഘൂകരിക്കാനും നോൺ താരിഫ് ബാരിയർ കുറക്കുവാനും സഹായകമാകുമെന്ന പ്രതീക്ഷയാണ് രാഷ്ട്രത്തലവന്മാർക്കുള്ളത്. റയിൽവേ മേഖലയിൽ 318 മില്ല്യൺ യുഎസ് ഡോളർ ധനസഹായവും ട്രിങ്കോമലിയെ പെട്രോളിയം ഹബ് ആക്കിമാറ്റാനായുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു.