ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാർക്ക് ആശ്വാസ വാർത്ത. രക്ഷാദൗത്യവുമായി കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങി. അവിടെയുള്ള ഇന്ത്യാക്കാരെ അയൽ രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. പൂർണമായും സർക്കാർ ചെലവിലായിരിക്കും ഒഴിപ്പിക്കൽ. റഷ്യയുടെ ആക്രമണം ഉണ്ടായ ഉടൻ തന്നെ യുക്രെയിന്റെ വ്യോമമേഖല അടച്ചിരുന്നു.

18,000 പേരാണ് യുക്രെയിനിൽ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും. നിലവിൽ യുക്രെയിന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ത്യക്കാർ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാർഗം അയൽ രാജ്യങ്ങളിൽ എത്തിക്കും. ഹംഗറി, റുമാനിയ എന്നീ രാജ്യങ്ങളിൽ എത്തിച്ച ശേഷം റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലെ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റുമാനിയയിൽ ക്യാമ്പ് ആരംഭിച്ചു. രക്ഷാ ദൗത്യത്തിനായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം റുമാനിയയിൽ എത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നാണ് നിർദ്ദേശം. അതിർത്തിയിലേക്ക് വരുന്ന ഇന്ത്യക്കാർ അവശ്യ ചെലവുകൾക്കുള്ള പണം (യുഎസ് ഡോളർ), പാസ്പോർട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കൈയിൽ കരുതണം. ഒഴിപ്പിക്കൽ നടപടി പ്രവർത്തനക്ഷമമായാൽ ഇന്ത്യക്കാർ സ്വന്തം നിലയിൽ ഗതാഗത സംവിധാനം ഒരുക്കി അതിർത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തിൽ ഇന്ത്യൻ പതാക പതിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

യാത്ര സുഗമമാക്കാൻ അതാത് ചെക്ക്‌പോസ്റ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളുമായി ബന്ധപ്പെടണമെന്നും സഹായം ആവശ്യമുള്ളവർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കണമെന്നും എംബസി നിർദ്ദേശിച്ചു. ഹംഗേറിയൻ അതിർത്തിയായ ചോപ്പ്-സഹോനി, റുമാനിയൻ അതിർത്തിയായ പൊറുബെൻ-സീറെറ്റ് എന്നീ ചെക്ക്പോയന്റുകൾ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ പ്രധാനമായും ഈ അതിർത്തികൾക്ക് സമീപമുള്ള വിദ്യാർത്ഥികളെയാണ് ഒഴിപ്പിക്കുക. ക്രമറ്റോസ്‌ക്, കർകീവ്, ലിവിവ്, കീവ്,ഒഡേസ,ഇവാനോ എന്നിവിടങ്ങളിലാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുള്ളത്.

എണ്ണൂറിലധികം വിദ്യാർത്ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം. ഹംഗറിയിലേക്കും വിമാനം അയയ്ക്കും. പോളണ്ടിലെ ഇന്ത്യൻ എംബസി യുക്രെയ്ൻ അതിർത്തിയായ ലിവിവിൽ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാൻ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി നാളെ പുലർച്ചെ എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ പുറപ്പെടും. പോളണ്ടിലെ ഇന്ത്യൻ എംബസി യുക്രെയ്ൻ അതിർത്തിയിലെ ലിവിവിൽ ക്യാംപ് തുടങ്ങും. ഫോൺ +48660460814, +48606700105, മെയിൽ cons.warsaw@mea.gov.in