ന്യൂഡൽഹി: ചികിത്സയ്ക്ക് ഇന്ത്യയിലേയ്ക്ക് വരാൻ കാത്തിരിക്കുന്ന് പാക്കിസ്ഥാൻ സ്വദേശികൾക്ക് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം. അപേക്ഷകരിൽ അർഹരായ എല്ലാവർക്കും വീസ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നതിനുള്ള പ്രത്യേക വിസയ്ക്കായി കാത്തിരിക്കുന്ന അർഹരായ എല്ലാവർക്കും അവരുടെ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് വിസ അനുവദിക്കുകയെന്നും സുഷമാ സ്വരാജ് ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽപ്പോലും നിരവധി പേർ വിസയ്ക്കായി അപേക്ഷച്ച് സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. മാനുഷിക പരിഗണന മുൻനിർത്തി രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രോഗികളുടെ യാത്രയെ ബാധിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധവെച്ചതിലൂടെ നിരവധി തവണ സുഷമാ സ്വരാജ് പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.