ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതി പ്രകാരം മൂന്ന് ലക്ഷം യുവാക്കളെ മൂന്ന് മുതൽ 5 വർഷം വരെ തൊഴിലധിഷ്ഠിത പരിശീലനത്തിന് ജപ്പാനിലേക്ക് അയയ്്ക്കുമെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ യുവതീയുവാക്കളുടെ പരിശീലനത്തിന്റെ ചെലവ് ജപ്പാൻ വഹിക്കും.ടെക്‌നിക്കൽ ഇന്റേൺ പരിശീലന പദ്ധതി പ്രകാരം ജാപ്പാനുമായുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.ഈ മാസം 16 ന് ആരംഭിക്കുന്ന തന്റെ ടോക്യോ സന്ദർശനത്തിനിടെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ ദേശീയ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും, നൈപുണ്യ വികസനത്തിനുള്ള ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാനും ധാരണാപത്രം വഴിയൊരുക്കും.മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് പരിശീലന പരിപാടി.ജാപ്പനീസ് അന്തരീക്ഷത്തിൽ പഠിക്കാനും അവിടെ തന്നെ ജോലി തേടാനും യുവാക്കൾക്ക് അവസരമുണ്ടായിരിക്കും. താമസസൗകര്യവുമുണ്ടാകും. 50,000 ത്തോളം പേർക്ക് ജപ്പാനിൽ
ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജപ്പാന്റെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് തികച്ചും സുതാര്യമായ രീതിയിലായിരിക്കും യുവാക്കളുടെ തെരഞ്ഞെടുപ്പ്.