ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ച ഇന്ത്യൻ നയതന്ത്രം വിജയം കണ്ടു. വിദേശികളെ അടക്കം സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യയുടെ മിടുക്കിനെ ലോകരാജ്യങ്ങൾ പോലും പുകഴ്‌ത്തുകയാണ്. ഇന്നലെ വ്യോമമാർഗ്ഗമുള്ള രാക്ഷാദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ യെമനിലെ ഇന്ത്യൻ എംബസിയും അടച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ജിബൂട്ടിയിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഹമന്ത്രി വി.കെ.സിങ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും സുഷമ പറഞ്ഞു.

മൊത്തം 5600 പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യമനിൽ നിന്ന് ഒഴിപ്പിച്ചത്. ഇതിൽ 4,640 പേർ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളിൽ നിന്നുള്ള 960 പേരാണ് മറ്റുള്ളവർ. വിമാനമാർഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതിനായി 18 പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചു.
യമനിൽ നിന്നും 400 മലയാളികളടക്കം 630 യാത്രക്കാരുമായി മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തി. ഇന്ത്യൻ നാവിക സേനയുടെ കപ്പലായ ഐ.എൻ.എസ് സുമിത്ര അൽഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതിൽ 303 പേർ വിദേശ പൗരന്മാരും 46 പേർ ഇന്ത്യക്കാരുമാണ്. മാർച്ച് 31 മുതലാണ് സംഘർഷഭരിതമായ യെമനിൽ നിന്നും രക്ഷാപ്രവർത്തനം ആരംഭിച്ചത്.

അടുത്ത രണ്ടു ദിവസങ്ങളിൽ അൽ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവർത്തനം നടത്തുക. അടക്കുന്ന എംബസിയിലെ ഉദ്യാഗസ്ഥരെ സ്ഥലം മാറ്റി നിയമിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സയ്യിദ് അക്‌ബറുദ്ദീൻ ട്വിറ്ററിലൂടെ അറിയിച്ചു. യെമനിലെ സംഘർഷം മൂർഛിച്ചിരിക്കുകയാണെന്നും ഏദൻ തുറമുഖത്ത് ബോംബാക്രമണം നടന്നുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് സയദ് അക്‌ബറുദ്ദീൻ ട്വറ്ററിലൂടെ അറിയിച്ചു.

അതേസമയം യെമനിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും അണിനിരന്നിരുന്നു. യമനിൽ നിന്ന് പാക്കിസ്ഥാനിൽ എത്തിയ 11 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാം എന്ന പാക്കിസ്ഥാൻ പ്രധാനമന്തിയുടെ വാഗ്ദാനം ഇന്ത്യ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് യമനിലെ അൽ മുഖല്ലയിൽ നിന്ന പാക്കിസ്ഥാൻ നേവി 171 പാക്കിസ്ഥാനികളെ രക്ഷപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിച്ചത്. ഒപ്പം11 ഇന്ത്യക്കാരെയും പാക്കിസ്ഥാനിൽ എത്തിച്ചിരുന്നു. പാക് നാവിക സേനയുടെ പി.എൻ.എസ് അസ്ലാത് എന്ന കപ്പലിൽ മറ്റ് പാക്കിസ്ഥാൻകാർക്കൊപ്പമാണ് ഇന്ത്യക്കാരും കറാച്ചിയിൽ ഇറങ്ങിയത്. കറാച്ചിയിൽ എത്തിയ ഇവരെ വിമാനമാർഗ്ഗം ഡൽഹിയിൽ എത്തിക്കുകയായിരുന്നു.

വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ പോരാട്ടം ശക്തമാക്കിയതിനെ തുടർന്നാണ് വിവിധ രാജ്യങ്ങൾ യമനിൽനിന്ന് തങ്ങളുടെ പൊരന്മാരെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ ഊർജിതമാക്കിയത്.