സിഡ്നി: ഇന്ത്യയുടെ ഊർജ്ജോത്പാദന ആവശ്യം നിറവേറ്റാൻ സമ്പുഷ്ട യുറേനിയം കൈമാറുന്നതിനുള്ള ഒരു കരാറിൽ ഈയാഴ്ചയോടെ ഒപ്പിടാനാവുമെന്നു കരുതുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബ്ബോട്ട് പറഞ്ഞു. അതേ സമയം യുക്രെയ്നിലെ റഷ്യൻ ഇടപെടലിൽ പ്രതിഷേധിച്ച് റഷ്യയിലേക്കുള്ള യുറേനിയം കയറ്റുമതി അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കാൻബെറയിലെ ഓസ്ട്രേലിയൻ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹം. ഈയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് അബ്ബോട്ടിന്റെ പ്രസ്താവന.

ലോകത്തെ ഇതേവരെ കണ്ടെത്തിയിട്ടുള്ള യുറേനിയം നിക്ഷേപത്തിൽ 40% ഓസ്ട്രേലിയയിലാണുള്ളത്. വാജ്പേയി സർക്കാർ അണുബോംബ് പരീക്ഷണം നടത്തിയതിനെ തുടർന്ന് ഇന്ത്യയ്ക്ക് യുറേനിയം വിൽക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് 2012ൽ നീക്കിയിരുന്നു. എന്നാൽ യുറേനിയം നിക്ഷേപം ഉള്ള രാഷ്ട്രങ്ങളുമായി പ്രത്യേകം കരാറുകളിൽ ഏർപ്പെട്ടാൽ മാത്രമേ അവ ലഭ്യമാകുമായിരുന്നുള്ളൂ. നേരത്തെ എൻപിടി കരാറിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചിരുന്നതിനാൽ ഇന്ത്യയ്ക്ക് യുറേനിയം നൽകാനാവില്ല എന്ന നിലപാടിലായിരുന്നു, ഓസ്ട്രേലിയ.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ആണവോർജ്ജ മേഖലയിൽ സഹകരിക്കാൻ കരാറാകുന്നതോടെ ഇന്ത്യ നേരിടുന്ന ഊർജ്ജ പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണാനുള്ള പദ്ധതികൾ മുന്നോട്ടു പോകുമെന്ന് ഉറപ്പാണ്. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ആണവകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഇന്ത്യയിൽ പലയിടത്തും സമരങ്ങൾ നടക്കുന്നതിനാൽ സമ്പുഷ്ടീകൃത യുറേനിയം ലഭിച്ചാൽ തന്നെ, പദ്ധതിക്ക് തടസ്സങ്ങളും ഉണ്ടാവും എന്നതുറപ്പാണ്.

ഓസ്ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇറക്കുമതി സമാധാന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന വ്യവസ്ഥയിലാവും ഇന്ത്യയ്ക്ക് യുറേനിയം ലഭിക്കുക. നിലവിൽ 20 ചെറിയ റിയാക്ടറുകൾ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ആകെ ഊർജ്ജാവശ്യത്തിന്റെ 2% മാത്രമാണ്, അവ സംയുക്തമായി ഉത്പാദിപ്പിക്കുന്നത്. എന്നാൽ 2032 ഓടെ നിലവിലുള്ള 4780 മെഗാവാട്ട് ശേഷിയിൽ നിന്ന് 63,000 മെഗാവാട്ട് ശേഷിയിലേക്ക് ആണവോർജ്ജ പ്ലാന്റുകളെ ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 85 ബില്യൻ ഡോളർ ചെലവിൽ 30 റിയാക്റ്ററുകൾ കൂടി സ്ഥാപിച്ചാവും ഈ ലക്ഷ്യം കൈവരിക്കുക.